നിരവധി മലയാള സിനിമകളില്‍ കോണ്‍സ്റ്റബിള്‍ കുട്ടന്‍പ്പിള്ളയായി തിളങ്ങിയ ഒരു നടനുണ്ട്.പ്രേംനസീര്‍, സത്യന്‍, മധു, ജയന്‍, വിന്‍സന്റ്, കമല്‍ഹാസന്‍, ഷീല, ജയഭാരതി, സീമ തുടങ്ങി പഴയകാല താരങ്ങള്‍ക്കൊപ്പം ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ കാലത്ത് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ് സുകുമാരന്‍, ടോവിനോ തോമസ് തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം ന്യൂജനറേഷന്‍ സിനിമകളില്‍ നല്ല കഥാപാത്രങ്ങളായി അഭിനയിക്കുകയും ചെയ്ത, അറുന്നൂറിലധികം സിനിമകളില്‍ അഭിനയിക്കുകയും ചെയ്‌തൊരു നടന്‍. നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് എത്തുകയും തുടക്കകാലത്ത് ചെറിയ റോളുകളില്‍ തിളങ്ങുകയും ചെയ്ത ആ നടന്റെ പേര് പൂജപ്പുര രവി എന്നാണ്.
തിരുവനന്തപുരം ജില്ലയിലെ പൂജപ്പുരയില്‍ ജനിച്ച രവീന്ദ്രന്‍നായരാണ് പിന്നീട് പൂജപ്പുര രവിയായി അറിയപ്പെട്ടത്. പഠനത്തിന് ശേഷം പൂജപ്പുര രവി നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. പ്രശസ്തനാടകസംഘമായ കലാനിലയം ഡ്രാമവിഷന്റെ നാടകങ്ങളില്‍ അക്കാലത്ത് സജീവ സാന്നിധ്യമായിരുന്നു രവി.നാടകങ്ങളില്‍ നിന്ന് കിട്ടിയ അഭിനയസമ്പത്തോടെയാണ് പൂജപ്പുര രവി സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. എഴുപത്തിയഞ്ച് മുതലാണ് നടന്‍ സിനിമയില്‍ സജീവമാകുന്നത്. തുടക്കകാലത്ത് കിട്ടിയ കഥാപാത്രങ്ങളെല്ലാം തന്നെ വളരെ ചെറിയ കഥാപാത്രങ്ങളായിരുന്നു. പക്ഷെ ആ ചെറിയ കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ എല്ലാക്കാലവും ഓര്‍ത്തിരിക്കുവാന്‍ പറ്റുന്ന തരത്തില്‍ നടന്‍ മികച്ചതാക്കുകയും ചെയ്തു. എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത നീലസാരി, ഹരിഹരന്‍ സംവിധാനം ചെയ്ത അമ്മിണി അമ്മാവന്‍, കെഎസ് സേതുമാധവന്റെ ഓര്‍മ്മകള്‍ മരിക്കുമോ തുടങ്ങിയ സിനിമകളിലൂടെയാണ് പൂജപ്പുര രവി സിനിമ ജീവിതം തുടങ്ങുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ അക്കാലത്ത് പ്രശസ്തരായ എല്ലാ അഭിനേതാക്കള്‍ക്കുമൊപ്പം പൂജപ്പുര രവി അഭിനയിച്ചു. സുജാത സിനിമയിലെ തിരുമേനി, അവള്‍ ഒരു ദേവാലയത്തിലെ കുഞ്ചു, പത്മതീര്‍ത്ഥം സിനിമയിലെ പ്രഭാകരന്‍, റൗഡി രാമുവിലെ മണിസ്വാമി തുടങ്ങിയ കഥാപാത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധ നേടി. പൂജപ്പുര രവിയെ തേടി വന്നതിലേറെയും ഹാസ്യ കഥാപാത്രങ്ങളായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത.
ഹാസ്യം കൈകാര്യം ചെയ്യുന്നതില്‍ പൂജപ്പുര രവിയുടെ കഴിവും മികച്ചതായിരുന്നു. നിരവധി സിനിമകളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള എന്ന പേരിലെ കഥാപാത്രമായും നടന്‍ തിളങ്ങി. ഇതാ ഒരു മനുഷ്യന്‍, ജീവിതം ഒരു ഗാനം, കീര്‍ത്തനം, പത്താമുദയം, ചാരവലയം തുടങ്ങി നിരവധി സിനിമകളില്‍ കുട്ടന്‍പ്പിള്ളയായി നടന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. മാമാങ്കം, പുതിയ വെളിച്ചം, പമ്പരം, പ്രളയം, തേനും വയമ്പും, എല്ലാം നിനക്ക് വേണ്ടി, ഇതു ഞങ്ങളുടെ കഥ, ഈറ്റപ്പുലി, കൂലി തുടങ്ങി നിരവധി സിനിമകളില്‍ അക്കാലത്ത് നടനെ പ്രേക്ഷകര്‍ കണ്ടു. എണ്‍പതുകളിലും തൊണ്ണൂറുകളിലും സിനിമയില്‍ സജീവമായിരുന്നു പൂജപ്പുര രവി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത നിരവധി സിനിമകളില്‍ രസകരമായ കഥാപാത്രങ്ങളെ പൂജപ്പുര രവി അവതരിപ്പിച്ചു. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലെ ഫയല്‍വാന്‍ വാസുപ്പിള്ള എന്ന കഥാപാത്രം അതില്‍ ശ്രദ്ധനേടിയ ഒന്നാണ്. ഗുസ്തി പഠിക്കാന്‍ എത്തുന്ന ജഗദീഷ് കഥാപാത്രവും ഫയല്‍വാന്‍ വാസുപ്പിള്ളയും തമ്മിലുള്ള രംഗങ്ങളോക്കെ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചിരുന്നു. ഫയല്‍വാന്‍ വാസുപ്പിള്ള ഒരു തെണ്ടിയാണ് എന്നൊക്കെ പൂജപ്പുര രവി പറയുന്ന സംഭാഷണം ഇപ്പോഴും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ ഉണ്ടാകും.
പൂച്ചയ്‌ക്കൊരു മൂക്കുത്തി സിനിമയിലെ സുപ്രന്‍, അക്കരെ നിന്നൊരു മാരനിലെ കണാരന്‍, മുത്താരംകുന്ന് പിഓയിലെ ഫയല്‍വാന്‍ ഫല്‍ഗുണന്‍, അയല്‍വാസി ഒരു ദരിദ്രവാസി സിനിമയിലെ മിന്നല്‍ പരമശിവം, പൊന്നുംകുടത്തിന് പൊട്ട് സിനിമയിലെ തോമ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ നില്‍ക്കുന്നതാണ്. കള്ളന്‍ കപ്പലില്‍ തന്നെ സിനിമയിലെ സുബ്രഹ്മണ്യം സ്വാമി എന്ന കഥാപാത്രവും പൂജപ്പുര രവിയുടെ മികച്ച വേഷങ്ങളിലൊന്നായിരുന്നു. കിഴക്കന്‍ പത്രോസ്, ആയിരപ്പറ, ദില്ലിവാല രാജകുമാരന്‍, കണ്ണെഴുതി പൊട്ടുംതൊട്ട്, നരിമാന്‍, തസ്‌ക്കരവീരന്‍ തുടങ്ങിയ സിനിമകളിലൂടെ രണ്ടായിരത്തിലും നടന്‍ നിറഞ്ഞ് നിന്നു. പുതിയ തലമുറയ്‌ക്കൊപ്പവും നിരവധി സിനിമകളില്‍ പൂജപ്പുര രവി അഭിനയിച്ചു. കൊന്തയും പൂണൂലും, ഡാര്‍വിന്റെ പരിണാമം, ഗപ്പി തുടങ്ങിയ സിനിമകളിലും പൂജപ്പുര രവി കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. മഹാത്മഗാന്ധി കോളനി, സ്വാമി അയ്യപ്പന്‍ തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളിലും നടന്‍ അഭിനയിച്ചു. പൂജപ്പുരയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന നടന്‍ പക്ഷെ ഇപ്പോള്‍ സിനിമയില്‍ സജീവമല്ല.