KeralaLead NewsNEWS

ഒരു ഇന്നിങ്സിൽ 10 വിക്കറ്റ്; ചരിത്രമെഴുതി അജാസ് പട്ടേൽ , ഇന്ത്യ 325ന് പുറത്ത്

മുംബൈ: രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റെന്ന ഐതിഹാസിക നേട്ടവുമായി ന്യൂസീലൻഡിന്റെ ‘ഇന്ത്യക്കാരൻ’ സ്പിന്നർ അജാസ് പട്ടേൽ. ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 325 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 109.5 ഓവറിലാണ് 325 റൺസിന് പുറത്തായത്. മത്സരത്തിലാകെ 47.5 ഓവറുകൾ ബോൾ ചെയ്ത അജാസ് പട്ടേൽ, 119 റൺസ് വഴങ്ങിയാണ് 10 വിക്കറ്റും പോക്കറ്റിലാക്കിയത്.

ഇംഗ്ലിഷ് താരം ജിം ലേക്കർ, ഇന്ത്യൻ താരം അനിൽ കുംബ്ലെ എന്നിവർക്കുശേഷം രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് അജാസ് പട്ടേൽ. 1956 ജൂലൈയിലാണ് ഒരു ടെസ്റ്റ് ഇന്നിങ്സിലെ 10 വിക്കറ്റുകളും സ്വന്തമാക്കി ഇംഗ്ലിഷ് താരം ജിം ലേക്കർ ചരിത്രമെഴുതിയത്. അന്ന് ഓസ്ട്രേലിയയ്‌ക്കെതിരെ മാഞ്ചസ്റ്ററിലായിരുന്നു ലേക്കറിന്റെ ചരിത്രനേട്ടം. 51.2 ഓവറിൽ 53 റൺസ് മാത്രം വഴങ്ങിയാണ് ലേക്കർ 10 വിക്കറ്റും സ്വന്തമാക്കിയത്. ഇതിൽ 23 ഓവറുകൾ മെയ്ഡനായി. പിന്നീട് 1999ൽ ഡൽഹിയിലെ ഫിറോസ് ഷാ കോട്‍ലയിൽ (ഇപ്പോൾ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയം) ഇന്ത്യൻ താരം അനിൽ കുംബ്ലെ ഈ നേട്ടം ആവർത്തിച്ചു. ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയായിരുന്നു കുംബ്ലെയുടെ ഐതിഹാസിക പ്രകടനം. 26.3 ഓവറിൽ 74 റൺസ് വഴങ്ങിയാണ് കുംബ്ലെ 10 വിക്കറ്റ് സ്വന്തമാക്കിയത്.

Back to top button
error: