കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ ഭാരത് ബയോട്ടെക്‌സിന്റെ വാക്‌സിനായ കൊവാക്‌സിന് സാധിച്ചേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഹിന്ദു ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഐസിഎംആര്‍ ഉദ്യോഗസ്ഥന്‍, ഒമിക്രോണിനെതിരെ മറ്റ് വാക്‌സിനുകളേക്കാള്‍ കൊവാക്‌സിന്‍ ഫലപ്രദമായേക്കുമെന്ന് അഭിപ്രായപ്പെട്ടത്. വ്യതിയാനം സംഭവിച്ച ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ വൈറസുകള്‍ക്കെതിരെ കൊവാക്‌സിന്‍ ഫലപ്രദമായിരുന്നു. അതുകൊണ്ടുതന്നെ ഒമിക്രോണിനെതിരെയും കൊവാക്‌സിന്‍ പ്രവര്‍ത്തിക്കുമെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ, വൈറസ് വകഭേദത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സാമ്പിള്‍ ലഭിച്ചാലുടന്‍ വാക്‌സിനുകളുടെ കഴിവ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ടെസ്റ്റ് ചെയ്യും. വുഹാനില്‍ കണ്ടെത്തിയ യഥാര്‍ത്ഥ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിനാണ് വികസിപ്പിച്ചിട്ടുള്ളതെന്നും അതിനാല്‍ വ്യതിയാനം സംഭവിക്കുന്ന എല്ലാ വൈറസിനെയും ചെറുക്കാനാകുമെന്നും കൊവാക്‌സിന്‍ നിര്‍മ്മിച്ച കമ്പനി വൃത്തങ്ങള്‍ പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ ആഴ്ചകളിലാണ് ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ വൈറസിനെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയത്. പിന്നീട് മറ്റ് രാജ്യങ്ങളിലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇന്ത്യയില്‍, കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.