തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഉദ്യോഗസ്ഥര്‍ക്ക് 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഐഎഎസ് ഓഫിസേഴ്‌സ് അസോസിയേഷനും ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകളുടെ കേരള ഘടകവും മുഖ്യമന്ത്രിക്കു കത്തു നല്‍കി.
മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങും മുന്‍പുതന്നെ സര്‍ക്കാര്‍ ഇടപെട്ടു തീരുമാനം പിന്‍വലിക്കണമെന്ന് ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബി.അശോകും സെക്രട്ടറി എം.ജി.രാജമാണിക്യവും ചേര്‍ന്നു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തതിനെക്കാള്‍ അധികമാണ് 81,800 എന്ന ശമ്പള സ്‌കെയില്‍. മാത്രമല്ല, കെഎ എസ് ഓഫിസര്‍മാര്‍ ഭാവിയില്‍ ജില്ലകളിലും സംസ്ഥാനതലത്തിലും നിയമിതരാകുമ്പോള്‍ മേലുദ്യോഗസ്ഥരായ ഐഎഎസുകാരെക്കാള്‍ ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന സ്ഥിതിയും വരും.
ഈ അപാകത അധികാരശ്രേണിയിലും റിപ്പോര്‍ട്ടിങ്ങിലും വൈഷമ്യം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കെഎഎസുകാരുടെ ശമ്പളവും അഖിലേന്ത്യ സര്‍വീസ് ഉദ്യോഗസ്ഥരുടെ ശമ്പളവും തമ്മില്‍ താരതമ്യ പരിശോധനയ്ക്കു സര്‍ക്കാര്‍ തയാറാകണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.