നെടുമ്പാശ്ശേരിയിൽ നിന്നും ഫ്ലൈറ്റിൽ കയറി എങ്ങോട്ടെങ്കിലും പോയിട്ട് തിരികെ ഇവിടേക്കു തന്നെ വന്നിറങ്ങുന്ന കാര്യമല്ലിത്.കൊച്ചിയായി..! കൊച്ചിയായി.. !! സലിം കുമാർ ഉറക്കത്തിൽ കിടന്ന് വിളിച്ചു കൂവുന്നത് കേട്ടിട്ടില്ലേ.. അത് മ്മ്ടെ കൊച്ചി.
‘വൺമാൻ ഷോ’ എന്ന മലയാള സിനിമയിൽ നരേന്ദ്ര പ്രസാദ് ലാലിനോട് കോടതി മുറിയിൽ ചോദിക്കുന്ന ചോദ്യമാണ് ബാങ്ക് ഓഫ് കൊച്ചി എവിടെയാണെന്ന്? ജപ്പാൻ എന്ന് പറയുമ്പോൾ എല്ലാവരും പൊട്ടി ചിരിക്കുന്നുണ്ട്.എന്നാൽ അത് ശരിയാണ്.അത് അവരുടെ കൊച്ചി. ജപ്പാനിലും കൊച്ചി എന്ന സ്ഥലമുണ്ട്. 1930 ൽ സ്ഥാപിതമായതാണ് ഇവിടുത്തെ ബാങ്ക് ഓഫ് കൊച്ചി.വിവരവും വിദ്യാഭ്യാസവുമുള്ള തിരക്കഥാകൃത്തുകൾ അങ്ങ് ജപ്പാനിൽ മാത്രമല്ല നമ്മുടെ കൊച്ചുകേരളത്തിലുമുണ്ട് മക്കളേ..!!
ജപ്പാനിലെ ഷിക്കോകു ദ്വീപിൽ സ്ഥിതി ചെയ്യുന്ന കൊച്ചി എന്ന പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് കൊച്ചി സിറ്റി. നമ്മുടെ എറണാകുളത്തുള്ള കൊച്ചിയുമായി പക്ഷെ ജപ്പാനിലെ കൊച്ചിക്ക് യാതൊരു ബന്ധവുമില്ല, പേരിൽ ഒഴികെ.നമ്മുടെ കൊച്ചിയുടെ പേര് ‘കൊച്ചു അഴി’ എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത് എന്ന് വിശ്വസിക്കുന്നു.
ജപ്പാനിലെ കൊച്ചി നഗരത്തിന് പേര് ലഭിച്ചതിന് കാരണം കൊച്ചി കാസിൽ എന്ന പ്രശസ്തമായ ഒരു കോട്ടയുടെ സാന്നിധ്യം കാരണമാണ്. 1601 ൽ സ്ഥാപിതമായ ഈ കോട്ട ഒരു പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രവുമാണ്.ജപ്പാനിലെ നിലനിൽക്കുന്ന കോട്ടകളിൽ പഴയ വാസ്തുകലകൾ പ്രദർശിപ്പിക്കുന്ന ഒരേയൊരു കോട്ടയാണിത്.
കൊച്ചിയുമായി ബന്ധമുള്ള മറ്റ് പേരുകൾ ഇവയാണ്.കൊച്ചി എയർപോർട്ട്, കൊച്ചി എക്സ്പ്രസ് വേ, കൊച്ചി ഫയ്‌റ്റിങ് ഡോഗ്സ് എന്ന ബേസ്ബോൾ ക്ലബ്, കൊച്ചി യുണൈറ്റഡ് എഫ്സി എന്ന ഫുട്ബോൾ ക്ലബ്.
ജപ്പാനിലെ ഷികോകു ദ്വീപിലെ 40% ആളുകളും കൊച്ചി നഗരത്തിലാണ് ജീവിക്കുന്നത്.ട്യൂണ മത്സ്യം കൊണ്ടുണ്ടാക്കുന്ന ‘കത്സു തതാക്കി’ എന്ന വിഭവം ഈ നാടിന്റെ പ്രത്യേകതയാണ്.നമ്മുടെ കൊച്ചിയിൽ നിന്നും ഏകദേശം 13 മണിക്കൂർ 50 മിനിറ്റ് ഫ്ലൈറ്റിൽ പറക്കേണ്ടി വരും ജപ്പാനിലെ കൊച്ചിയിലേക്ക്.