KeralaLead NewsNEWS

പട്ടാപ്പകല്‍ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കീഴ്‌പ്പെടുത്തിയ സംഭവം; ലക്ഷ്മി പെണ്‍കരുത്തിന്റെ മികച്ച മാതൃക, അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി

കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കീഴടക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ലക്ഷ്മി സജിത്തിനെ അഭിനന്ദിച്ച് പൊതു വിദ്യാഭ്യാസം, തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ലക്ഷ്മിയെ വീഡിയോ കോളിലൂടെ വിളിച്ചാണ് ആശംസയറിച്ചതെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലക്ഷ്മി പെണ്‍കരുത്തിന്റെ മികച്ച മാതൃകയാണ്. ഉപദ്രവം ലക്ഷ്യമിട്ടു വന്ന അക്രമിയെ കീഴ്‌പ്പെടുത്താന്‍ ലക്ഷ്മിയെ സഹായിച്ചത് മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനം കൂടി ആണെന്ന് മനസ്സിലാക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പകച്ചു നില്‍ക്കുകയല്ല വേണ്ടത് ധീരമായി പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന് ലക്ഷ്മി ഓര്‍മ്മപ്പെടുത്തുന്നു.

കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്‌കൂളിലാണ് ലക്ഷ്മി പഠിക്കുന്നത്. ലക്ഷ്മിയെ വീഡിയോ കോളില്‍ വിളിച്ചു. ക്ലാസ് മുറിയിലിരുന്ന് ലക്ഷ്മി എന്നെയും പാര്‍വ്വതിയേയും അഭിവാദ്യം ചെയ്തു. ലക്ഷ്മിയുമായും പ്രിന്‍സിപ്പല്‍ ബഷീറുമായും സംസാരിച്ചു. ലക്ഷ്മിയെ അഭിനന്ദിക്കുന്നതിന് ക്ലാസ് റൂമും കുട്ടികളും സാക്ഷിയായി. കോഴിക്കോട് എത്തുമ്പോള്‍ റഹ്മാനിയ സ്‌കൂളിലെത്തി ലക്ഷ്മിയെ കാണാമെന്നും അറിയിച്ചു. മറ്റേതൊരു കായികയിനവുമെന്നതുപോലെ പെണ്‍കുട്ടികള്‍ മാര്‍ഷ്യല്‍ ആര്‍ട്‌സും പഠിക്കുന്നത് നന്നാകും. ആരോഗ്യ സംരക്ഷണത്തോടൊപ്പം സ്വയം പ്രതിരോധവും മാര്‍ഷ്യല്‍ ആര്‍ട്‌സിലൂടെ കൈവരിക്കാനാകും. ലക്ഷ്മിക്ക് ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.മന്ത്രി കുറിച്ചു. കഴിഞ്ഞ ദിവസമാണ് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ റഹ്മാനിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മി സജിത്ത് കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പിച്ചത്. വളയം ഭൂമിവാതുക്കള്‍ കളത്തില്‍ ബിജു (31) വിനെയാണ് കീഴ്‌പ്പെടുത്തി മാതൃകയായത്. പ്രതിയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.

Signature-ad

രാവിലെ 8.30നാണ് സംഭവം. ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിനു സമീപത്തെ ട്യൂഷന്‍ സെന്ററില്‍നിന്നു ക്ലാസ് കഴിഞ്ഞു ലക്ഷ്മിയും കൂട്ടുകാരിയും ബസ് സ്റ്റോപ്പിലേക്കു നടന്നു വരുകയായിരുന്നു. ബസ് സ്റ്റോപ്പിലേക്കുള്ള സീബ്ര ക്രോസിനു അല്‍പം അകലെ വച്ചു ബിജു ലക്ഷ്മിയുടെ ദേഹത്തു പിടിച്ചു. ധൃതിയില്‍ നടന്നു പോകുകയും ചെയ്തു.
ഉടന്‍ മുന്നില്‍ നടന്നു പോകുകയായിരുന്ന മറ്റൊരു പെണ്‍കുട്ടിയെയും കയറി പിടിച്ചു. പെണ്‍കുട്ടി കുതറി മാറി. ആദ്യത്തെ പരിഭ്രാന്തിയില്‍നിന്നു മോചിതയായ ലക്ഷ്മി ഓടി ബിജുവിന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിന്നില്‍നിന്നു പിടിച്ചു. അയാള്‍ കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ ഒരടിയും കൊടുത്തു. പിന്നീട് കൈയും കഴുത്തും ചേര്‍ത്തു പിടിച്ചു വച്ച് ബഹളം വച്ചു. അപ്പോഴേക്കും ആളുകള്‍ എത്തി.

വിവരമറിഞ്ഞ് സമീപത്തുണ്ടായിരുന്ന പിങ്ക് പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി. പിന്നീട് പ്രതിയെ കസബ സ്റ്റേഷനിലേക്കു കൊണ്ടു പോയി. ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു. ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷന്‍ വകുപ്പില്‍ ഉദ്യോഗസ്ഥയായ നിമ്‌ന യുടെയും മകളാണ് ലക്ഷ്മി.

Back to top button
error: