യുഎഇ അടക്കമുള്ള കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയിലും വൈറസ് സാന്നിധ്യമുണ്ടോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുടെ ഉന്നതതല യോഗം വിളിച്ചു.
സംസ്ഥാനങ്ങള്‍ സ്വീകരിച്ച മുന്‍കരുതല്‍ നടപടികളും വിമാനത്താവളങ്ങളിലെ പരിശോധനയും കേന്ദ്ര മന്ത്രി വിലയിരുത്തും. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ് നിലവിലെ നിര്‍ദ്ദേശം. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ‘റിസ്‌ക്’ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് ഡല്‍ഹിയില്‍ വന്ന 6 പേരെ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 4 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. യുകെ, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍നിന്ന് എത്തിയവരെ ഉള്‍പ്പെടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഒമിക്രോണ്‍ വകഭേദമാണോ ഇവര്‍ക്കു ബാധിച്ചിരിക്കുന്നതെന്ന് അറിയാന്‍ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിനായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലേക്ക് അയച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ആറു പേരെയും ലോക്‌നായക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടി പ്രത്യേക വാര്‍ഡ് തയാറാക്കിയിട്ടുണ്ട്.