KeralaNEWS

കുടുംബങ്ങളിൽ എങ്ങിനെ ഗുണ്ടകളെ സൃഷ്ടിയ്ക്കാം?* കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്ഐ സുധീഷ്.എസ്.എൽ എഴുതുന്നു

ഴിഞ്ഞദിവസം ഒരുവീട്ടില്‍ ചെന്നപ്പോള്‍ നിക്കറുപോലും ഇടാത്ത ഒരു ചെറിയകുട്ടി മേശപ്പുറത്തു കയറിനിന്ന് അപ്പാപ്പനെ പച്ചത്തെറി വിളിയ്ക്കുന്നു…
എന്നെക്കണ്ടപ്പോള്‍ ജാള്യതയോടെ അവന്റെയമ്മ പറഞ്ഞു: “അവനിങ്ങനാ ചേട്ടാ, ദേഷ്യംവന്നാല്‍ അപ്പാപ്പനെ തെറി വിളിയ്ക്കും. എന്നാ ചെയ്യാനാ.. ഈ ചെറുക്കനെക്കൊണ്ടു തോറ്റു.”
ഞാനവനെനോക്കി ചെറുതായൊന്നു നാക്കു കടിച്ചതും അവന്റെയമ്മ പറഞ്ഞതും ഒന്നിച്ച്: ”ദേ ഈ മാമന്‍ പോലീസാ… ഇങ്ങനെ പറഞ്ഞാല്‍ കുഞ്ഞിനെ പിടിച്ചോണ്ടുപോകും”
അതോടെ ചെക്കന്‍ അടങ്ങി.
തളളയുടെ സന്തോഷം കളഞ്ഞ് എന്റെ കുരുത്തംകെട്ട നാക്ക് ചോദിച്ചു ” ഇത്തിരിപ്പോന്ന ഇവനെ നിങ്ങള്‍ക്ക് ഇപ്പോള്‍ കൺട്രോൾചെയ്യാന്‍ പറ്റീല്ലേല്‍ ഇനി എപ്പോള്‍ അതു നടക്കും?”
ഈ ചോദ്യം മിക്കവാറും രക്ഷകര്‍ത്താക്കളോടും ചോദിക്കേണ്ട ഒന്നാണ്. കൊച്ചുകുട്ടികളുടെ വികൃതി, കാണുന്നവര്‍ക്കു മുഴുവന്‍ അരോചകമായാലും പല വീട്ടുകാരും കല്ലിനു  കാറ്റുപിടിച്ചപോലെ അനങ്ങാതിരിക്കും. ഒരു വാക്കു കൊണ്ടുപോലും തടയില്ല.
കുട്ടികള്‍ ശല്ല്യമുണ്ടാക്കാതിരിക്കാന്‍ കുറേ ന്യൂഡില്‍സുംപുഴുങ്ങി കോഴിക്കറിയുമായി  ടി.വി.യുടേയോ കമ്പ്യൂട്ടറിന്റെയോ മുന്നില്‍ കൊണ്ടിരുത്തും.
അവനവിടിരുന്ന് അതിമാനുഷ്യരായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെക്കണ്ട് അവരെ അനുകരിക്കും.
വാശിപിടിച്ച്  അവരുടെ വേഷംധരിച്ചു നടക്കും. മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ ഉളള ഗെയിമിലൂടെ ബാങ്ക് റോബറിയും മോട്ടോർറെയ്സും കളിക്കും.
അതിലൂടെ തനിക്കു ജയിയ്ക്കണമെങ്കില്‍ മറ്റുളളവരെ കൊല്ലുകയോ നശിപ്പിക്കുകയോ വേണമെന്നു പഠിക്കും. കൂടുതല്‍ വേഗം കൂടുതലാളെ  കൊല്ലുന്നവനാണു വിജയി എന്നു തെറ്റിദ്ധരിയ്ക്കുന്നു.
കഥ പറയാനും ഉപദേശിയ്ക്കാനും വീട്ടില്‍ കാര്‍ന്നോന്മാരില്ല… ഉണ്ടങ്കില്‍ ”കൺട്രീസ്, ആ ഓൾഡ് ഫെലോ” യോടു സംസാരിക്കേണ്ടന്ന് അമ്മ വിലക്കും. പകരം TV യിലെ കാല്‍ക്കാശിനു വിലയില്ലാത്ത തറ സീരിയല്‍ കാണാനിരുത്തും.
അതിലൂടെ കല്ല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ടി ആദ്യം ചെയ്യേണ്ട കര്‍മ്മം അമ്മായിയമ്മ എന്ന സത്വത്തെ അടിച്ചമര്‍ത്തണം എന്നും നാത്തൂനെ വീട്ടിലെന്നല്ല വാര്‍ഡില്‍പ്പോലും കേറ്റിക്കൂടെന്നും.
ആണ്‍കുട്ടിയാണേല്‍ ഒന്നുകില്‍ കുറഞ്ഞതു 3-4 പെണ്ണുങ്ങളെയെങ്കിലും വളയ്ക്കാന്‍ പറ്റണം… അല്ലങ്കില്‍ തനി മണുക്കൂസനാവണമെന്നും പഠിക്കും.
നിയമാനുസരണം രക്ഷാകര്‍ത്താക്കള്‍ കുട്ടിയെ തല്ലിക്കൂടാ. സ്കൂളിലെ മാഷുന്മാർ നോക്കാനേ പാടില്ല.. പരീക്ഷയെഴുതുന്ന എല്ലാവരും ജയിക്കും. അക്ഷരംപോലും അറിയണമെന്നില്ല. എങ്കിലും ഒരു ത്രില്ലിനു കോപ്പിയടിയ്ക്കും. പിടിയ്ക്കപ്പെടില്ല. ഇനി പിടിച്ചാല്‍ പിടിച്ച സാറിന്റെ പണി പോകും… ഇല്ലങ്കില്‍ ചാനലിലെ മാമന്മാരും ആന്റിമാരുംകൂടി  കളയിച്ചുതരും. പോലീസ് പിടിച്ചാലും തല്ലിക്കൂടാ… തല്ലണമെന്നില്ല, നോക്കിയാലും അവരുടെ പണി കളയാം… അതിനു വേറേ ചില മാമന്മാരും സഹായിക്കും.
മുട്ടേന്ന് വിരിയുംമുമ്പേ കുട്ടിയെ ടൂവീലർ ഓടിക്കാന്‍ പഠിപ്പിക്കും. കളിക്കാന്‍ മൊബൈൽഫോൺ കൊടുക്കും, എന്നിട്ടു മകന്റെ മിടുക്കുപറഞ്ഞു നാട്ടുകാരുടെമുമ്പില്‍ ഞെളിയും.  പത്താംതരം കഴിഞ്ഞാല്‍ ഉടനേ ചെക്കന്‍ DUKE ന്റെ bikeനു വാശി പിടിക്കും. വീട്ടുകാര്‍ക്കു ഗതിയില്ലേലും വണ്ടിവേണമെന്നു ”കുഞ്ഞിന്” വാശി. സമ്മതിച്ചില്ലേല്‍ ചാകുമെന്ന് ഭീഷണി. പെട്രോൾവാങ്ങാന്‍ കാശിനു കഞ്ചാവിന്റെ ബിസിനസ്സ്, അല്ലങ്കില്‍ കൈത്തൊഴിലായി മാല പൊട്ടിക്കാം. എല്ലാം കഴിഞ്ഞു  പറന്നുപോകുമ്പോള്‍ ഒരാകസിഡന്റ്…… ശല്യം തീര്‍ന്നു. പലവീട്ടുകാരും വെക്കേഷനാകുമ്പോള്‍ പറയുന്നതാ ”ഹോ… ഇനി സ്കൂളുതുറക്കുംവരെ ഈ ശല്യം സഹിക്കണമല്ലോ”ന്ന്
നാട്ടിലെ ഫ്രീക്കന്മാരും അവരുടെ ഫ്രണ്ടന്മാരും തകര്‍ത്തു തിമര്‍ക്കുകയാണ്. ഇതിനൊക്കെ എരീം പുളീം കൂട്ടാന്‍ സിന്മേലെ നായകന്മാരും… കടിച്ചാപ്പൊട്ടാത്ത dialogue ഉം full time വെളളവുംഅടിച്ചു കഞ്ചനുംപുകച്ച്, 100 ആനയുടെ(ചിലര്‍ക്ക് 100 JCB  യുടെ) കരുത്തുമുള്ള നായകന്‍ പോലീസിനെ യോ രാഷ്ടീയക്കാരനേയോ പേടിയില്ല… അവരെ തല്ലും, തെറിവിളിക്കും. വേണ്ടിവന്നാല്‍ തന്തയ്ക്കും വിളിയ്ക്കും. ഇതുകണ്ട് ആവേശം മൂത്ത ഫാന്‍സ് യൂത്തന്മാര്‍ ഇഷ്ട താരത്തിന്റെ ചിത്രം വന്ന പെട്ടിയുമായി ആനപ്പുറത്ത് ആദ്യ ഷോ കാണാന്‍ വരും. താരത്തിന്റെ ഫ്ളക്സില്‍ പാലഭിഷേകം നടത്തും. അങ്ങനെ ചെയ്യുമ്പോള്‍ താഴെവീണ് ചത്തവന്റെ വീട്ടിലെ പട്ടിണിമാറ്റാന്‍ ഇഷ്ടതാരം ഒരു രൂപപോലും കൊടുത്തില്ലേലും വിഷമം തോന്നാതെ അദ്ധ്വാനിയ്ക്കുന്ന തമിഴനേയും ബംഗാളിയേയും മണ്ടനെന്നു വിളിയ്ക്കും.
ആരും നിയന്ത്രിക്കാനില്ല… നിയന്ത്രിക്കുന്നത് ഇഷ്ടവുമല്ല. സാമുഹ്യമര്യാദ തീരെയില്ല.  എന്തു പരിപാടിനടന്നാലും അവിടെല്ലാം അലങ്കോലമുണ്ടാക്കുവാന്‍ കുറേ അലവലാതികള്‍ വരും.  കുളിയ്ക്കാതെ മുടി നീട്ടിവളര്‍ത്തി ലോവേസ്റ്റ് പാന്‍സുമിട്ട് bike ഇരമ്പിച്ച് നടക്കുന്ന കുറേയെണ്ണം.
ആളെക്കൊന്നിട്ടായാലും പ്രക്യതി നശിപ്പിച്ചിട്ടായാലും കൂടുംബം കുളംതോണ്ടിയാലും സ്വന്തം കാര്യം നടക്കണം എന്ന രീതിയില്‍ മലയാളിയെ മാറ്റിയതാരാണ്…???
 ഭാരതം ലോകത്തിലെ ഏറ്റവും വലിയ ശക്തിയാകാന്‍ കുതിക്കുമ്പോള്‍ മലയാളി യുവത്വം എല്ലാ മേഖലയിലും പിന്നോട്ടുപോകുന്നു. പുരാതന ഭാരതത്തിന്റെ വിദ്യാഭ്യാസ സാംസ്ക്കാരിക കേന്ദ്രങ്ങളായ പാടലീപുത്രയും നളന്ദയും സ്ഥിതിചെയ്ത ബീഹാറിന്റെ ഇന്നത്തെ അവസ്ഥയാവും നാളെ കേരളത്തിനും.
കുടുംബങ്ങളിൽ ചങ്ക്, മുത്ത്, ബ്രോസിനെ വളര്‍ത്തി നമ്മളീ നാടിനെ ഗുണ്ടകളുടെ സ്വന്തം നാടാക്കും…..
*സുധീഷ്.എസ്.എൽ*
സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ

Back to top button
error: