മുംബൈ: ‘റിസ്‌ക്’ വിഭാഗത്തില്‍ പെടുന്ന രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് 7 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി മഹാരാഷ്ട്ര. യൂറോപ്യന്‍ രാജ്യങ്ങള്‍, യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലദേശ്, ബോട്‌സ്വാന, ചൈന, മൊറീഷ്യസ്, ന്യൂസീലന്‍ഡ് സിംബാബ്വെ, സിംഗപ്പൂര്‍, ഹോങ്കോങ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ നിര്‍ബന്ധമായി ഐസലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് മുംബൈ വിമാനത്താവള അധികൃതര്‍ അറിയിച്ചു. നിശ്ചിത ഹോട്ടലുകളില്‍ ഒരുക്കുന്ന ക്വാറന്റീന്‍ സംവിധാനത്തിന്റെ ചെലവ് യാത്രികര്‍ തന്നെ വഹിക്കണം.
നിയന്ത്രണത്തെക്കുറിച്ച് അറിയാതെ മഹാരാഷ്ട്രയിലേക്ക് എത്തുന്നവര്‍ 7 ദിവസത്തെ ഹോട്ടല്‍ ചെലവ് വഹിക്കാന്‍ കഴിയാതെ വലയുന്ന അവസ്ഥയാണുള്ളത്. ഇതിനു പുറമേ നാട്ടിലെത്തിയതിനു ശേഷം മൂന്നു തവണ ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും വേണം. നാട്ടിലെത്തി രണ്ട്, നാല്, ഏഴ് ദിവസങ്ങളിലാണ് പരിശോധന നടത്തേണ്ടത്. പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കു മാറ്റും. നെഗറ്റീവ് ആയാല്‍ ഏഴ് ദിവസം കൂടി ഹോം ക്വാറന്റീനില്‍ തുടരണമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.