
ഇന്റർനെറ്റിൽ കോടിക്കണക്കിനു വെബ്സൈറ്റുകൾ ഉണ്ട്.ഓരോ തവണ നമ്മൾ സെർച്ച് ചെയ്യുമ്പോളും ഇതിൽ ആകമാനം മുങ്ങി തപ്പി നമ്മുക്ക് വേണ്ട വിവരങ്ങൾ നൽകുന്ന പ്രവർത്തനങ്ങൾ മനുഷ്യന് ചെയ്യാൻ സാധ്യമല്ല.അത് പ്രായോഗികവുമല്ല.അതുകൊണ്ട് ഓരോ പുതിയ വെബ്സൈറ്റ് നിർമ്മിച്ചു ലോഞ്ച് ചെയ്യുമ്പോഴും ഗൂഗിളിന്റെ searchbot- (ഒരു പ്രോഗ്രാം) ആ വെബ്സൈറ്റിൽ കയറി അതിൽ എന്തൊക്കെയാണ് ഉള്ളത്, ടെക്സ്റ്റ്, ചിത്രങ്ങൾ,വീഡിയോ,ഓഡിയോ തുടങ്ങിയവയെക്കുറിച്ചുള്ള ഒരു ഡാറ്റബേസ് ഉണ്ടാക്കി വെക്കും.ഈ ഡാറ്റാബേസിനെ സെർച്ച് ഇൻഡക്സ് എന്നാണ് പറയുക.
ലോകത്തുള്ള വെബ്സൈറ്റുകളിൽ മുഴുവൻ മുകളിൽ പറഞ്ഞ searchbot ഇടയ്ക്കിടെ കയറി നോക്കും.എന്തെങ്കിലും മാറ്റം അല്ലെങ്കിൽ വിവരം പുതിയതായി വരുന്നുണ്ടെങ്കിൽ അത് സെർച്ച് ഇൻഡക്സിൽ കൂട്ടി ചേർക്കും.ഈ സെർച്ച് ഇൻഡക്സ് ഗൂഗിളിന്റെ ഡാറ്റാ സെന്ററുകളിലെ വലിയ ഹാർഡ് ഡിസ്കുകളിൽ സൂക്ഷിച്ചു വെക്കും.ഇങ്ങനെ ഉണ്ടാകുന്ന സെർച്ച് ഇൻഡക്സ് എന്ന് പറഞ്ഞാൽ ഇന്റർനെറ്റിൽ ഉള്ള മൊത്തം വെബ്സൈറ്റുകളുടെ ഒരു ചെറുപതിപ്പായിരിക്കും.നമ്മൾ ഗൂഗിളിൽ എന്തെങ്കിലും സെർച്ച് ചെയ്യുമ്പോൾ ഗൂഗിൾ ഈ സെർച്ച് ഇൻഡക്സിൽ ആണ് തപ്പി നോക്കുന്നത്.എന്നിട്ട് ഏതൊക്കെ വെബ്സൈറ്റുകളിൽ ആണ് നമുക്ക് വേണ്ട വിവരങ്ങൾ ഉള്ളത് എന്ന് നോക്കി അതിലേക്കുള്ള ലിങ്കുകൾ ഒരു പ്രത്യേക ക്രമത്തിൽ,ഏറ്റവും ഉപകാരപ്രദമായെക്കാവുന്നത് ആദ്യം എന്ന രീതിയിൽ റാങ്ക് ചെയ്തു നമുക്ക് കാണിച്ചു തരുന്നു.ഇതാണ് ഓരോ ഗൂഗിൾ സെർച്ചിലും സംഭവിക്കുന്നത്.
വായിക്കുമ്പോൾ വളരെ എളുപ്പം എന്ന് തോന്നുമെങ്കിലും വളരെയധികം സങ്കീർണമാണ് ഈ പ്രക്രിയ.ഒന്നാമത്തെ കാര്യം കോടിക്കണക്കിനു വെബ്സൈറ്റുകൾ ഉണ്ട് എന്നത് തന്നെ.അവയിലൊക്കെയുള്ള വിവരങ്ങളുടെ സമുദ്രത്തിൽ നിന്നും നമ്മൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കി മുങ്ങിതപ്പി എടുക്കണം.അതിൽ തന്നെ ഉള്ള നല്ലതും,മോശമായതും (spam -സ്പാം) തമ്മിൽ വേർതിരിക്കണം.എന്നിട്ട് അതിനെ ഒരു അൽഗോരിതം ഉപയോഗിച്ച് ഏറ്റവും നല്ലത് ആദ്യം (page ranking ) എന്ന രീതിയിൽ ക്രമീകരിക്കണം.അതിനുശേഷം നമ്മുടെ മുന്നിലെത്തിക്കണം. ഇതെല്ലാം കൂടെ ഒരു സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ നടത്തുകയും വേണം.ഗൂഗിൾ തന്നെ പറയുന്നത് സെർച്ച് റിസൾട്ടിൽ spam കയറി വരുന്നത് ഒഴിവാക്കാനായി ദിവസത്തിൽ 6 തവണയെങ്കിലും പേജ് റാങ്കിങ് അൽഗോരിതം ചെറിയ രീതിയിൽ മാറ്റാറുണ്ട് എന്നാണ്.കോക്കകോളയുടെ റെസിപ്പി എന്ന പോലെ ഒരു സീക്രട്ട് ആണ് ഈ അൽഗോരിതവും.
ഗൂഗിൾ എന്ന കമ്പനി ആദ്യ കാലങ്ങളിൽ ഉപയോഗിച്ചതും വളരെയധികം പ്രസിദ്ധിയാർജിച്ചതുമായ അൽഗരിതം ആണ് പേജ് റാങ്ക്.ഉയർന്ന പേജ് റാങ്ക് ലഭിക്കുന്ന ഒരു വെബ്സൈറ്റ് വളരെ ക്വാളിറ്റിയുള്ള , പ്രാധാന്യമായുള്ള വെബ്സൈറ്റ് ആയി കണക്കാക്കപ്പെടുകയും അവ ഗൂഗിൾ സേർച്ച് റിസൾട്ടുകളുടെ ഏറ്റവും മുകളിൽ തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.ഉയർന്ന പേജ് റാങ്കുള്ള വെബ് പേജുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന, അല്ലെങ്കിൽ ഉയർന്ന പേജ് റാങ്കുള്ള വെബ് പേജുകളിൽ നിന്നും ലിങ്ക് ലഭിക്കുന്ന ഒരു വെബ് സൈറ്റിന് ഉയർന്ന പേജ് റാങ്ക് ലഭിക്കുന്നു.ഒരു വെബ്സൈറ്റ് പേജ് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന് കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന മാർഗ്ഗമാണ് പേജ് റാങ്ക്. ഈ മാർഗ്ഗമനുസരിച്ചു ഒരു വെബ് പേജിന്റെ റാങ്ക് നിശ്ചയിക്കുന്നതിന് രണ്ട് കാര്യങ്ങളാണ് പരിഗണിക്കുന്നത് .
കൂടുതൽ പ്രധാനപ്പെട്ടതും ,ക്വാളിറ്റി ഉള്ളതുമായ വെബ്‌സൈറ്റുകൾക്ക് മറ്റ് വെബ്സൈറ്റുകളിൽ നിന്നും കൂടുതൽ ലിങ്കുകൾ ലഭിക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേജ് റാങ്ക് കണക്കാക്കപ്പെടുന്നത് .ഇപ്പോൾ ഗൂഗിൾ ഒരു വെബ് പേജിന്റെ റാങ്ക് നിശ്ചയിക്കുന്നതിനും അതിനനുസരിച്ച് ഗൂഗിൾ സേർച്ച് റിസൾട്ടിൽ വെബ് പേജുകൾ ക്രമീകരിക്കുന്നതിനുമുള്ള ഓർഡർ നിശ്ചയിക്കുന്നതിന് പേജ് റാങ്ക് അൽഗരിതം മാത്രമല്ല ഉപയോഗിക്കുന്നത്.ഏറ്റവും മികച്ച വെബ് പേജുകൾ തിരഞ്ഞെടുക്കുന്നതിന് ഗൂഗിൾ ഉപയോഗിക്കുന്ന ഒരുപാട് സേർച്ച് എൻജിൻ ഒപ്ടിമൈസേഷൻ ( SEO ) മാർഗ്ഗങ്ങളിൽ ഒന്നാണ് പേജ് റാങ്ക്.ഒരു യൂസർ ഗൂഗിളിൽ എന്തെങ്കിലും തിരയുമ്പോൾ ആ തിരയലുമായി ബന്ധപ്പെട്ടു ഏറ്റവും അടുത്ത് നിൽക്കുന്നതും, വളരെയധികം പ്രാധാന്യമുള്ളതും, ഏറ്റവും മികച്ചതുമായ റിസൾട്ടുകൾ നൽകുക എന്നതാണ് ഗൂഗിൾ സെർച്ച് എൻജിന്റെ ഏറ്റവും പ്രാഥമികമായ ലക്‌ഷ്യം.
ഒരു വെബ്സൈറ്റിന്റെ ഒരു പേജ് മാത്രം സന്ദർശിച്ചതിന് ശേഷം ഉടനേ തന്നെ പുറത്തേക്ക് പോവുന്ന സന്ദർശകരുടെ ശതമാനത്തിനെയാണ് ബൗൺസ് റേറ്റ് എന്ന് വിളിക്കുന്നത് . താഴ്ന്ന ബൗൺസ് റേറ്റ് നിങ്ങളുടെ വെബ്സൈറ്റ് വളരെ നല്ലതാണ് എന്നതിന്റെയും , ഉയർന്ന ബൗൺസ് റേറ്റ് നിങ്ങളുടെ വെബ്സൈറ്റിന് എന്തൊക്കെയോ കുഴപ്പങ്ങളുണ്ട് എന്നതിന്റെയും സൂചനയാണ് .
Tags
google