രാജ്യത്ത് കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അടിയന്തര സാഹചര്യത്തെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു. ഒമിക്രോണ്‍ വകഭേദത്തെ ആര്‍ടിപിസിആര്‍ ആന്റിജന്‍ പരിശോധനകളില്‍ തിരിച്ചറിയാൻ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കി.
രോഗബാധ സ്ഥിരീകരിക്കാന്‍ ജീനോം സ്വീക്വന്‍സിംഗ് അടക്കമുള്ള കൂടുതല്‍ വിദഗ്ധ പരിശോധനകളാണ് നടക്കുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍ കൂട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളില്‍ വ്യക്തമാകാതിരിക്കാന്‍ ഒമിക്രോണിനാകില്ലെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു. അതിനാല്‍ പരിശോധന നിരക്ക് കുത്തനെ കൂട്ടി രോഗനിര്‍ണ്ണയം നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.