ലിമ: പെറുവിന്റെ വടക്കന്‍ മേഖലയില്‍ ശക്തമായ ഭൂചലനത്തില്‍ 75 ഓളം വീടുകള്‍ തകര്‍ന്നു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 5.52നുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി.
ഇത് 131 കിലോമീറ്റര്‍ വ്യാപ്തിയില്‍ അനുഭവപ്പെട്ടതായി പെറു ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. പെറു പട്ടണമായ സാന്താ മരിയ ഡി നീവയില്‍നിന്ന് 98 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഒരു പള്ളി ഗോപുരവും തകര്‍ന്നിട്ടുണ്ട്. കൊളോണിയല്‍ കാലഘട്ടത്തിലെ ഒരു പള്ളിയുടെ 45 അടി ഉയരമുള്ള ടവറാണ് തകര്‍ന്നത്. പ്രദേശത്ത് നിരവധി റോഡുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധവും തടസപ്പെട്ടു. തലസ്ഥാന നഗരമായ ലിമ, തീരദേശ, ആന്‍ഡിയന്‍ എന്നിവ ഉള്‍പ്പെടെ രാജ്യത്തിന്റെ പകുതിയോളം ഭാഗങ്ങളില്‍ ഭൂചലനം ആഘാതം സൃഷ്ടിച്ചു.