കൊച്ചി: ഒമിക്രോണ്‍ വ്യാപനത്തില്‍ വിമാനത്താവളങ്ങളിലടക്കം കേരളവും നിരീക്ഷണം ശക്തമാക്കി. പ്രതിരോധമാര്‍ഗങ്ങള്‍ തീരുമാനിക്കുന്നതിന് ഇന്ന് ഉന്നതതല യോഗം ചേരും. കൊവിഡ് അവലോകന സമിതിയിലെ ആരോഗ്യവിദഗ്ധരാണ് ഇന്ന് യോഗം ചേരുന്നത്. ഇതിന് ശേഷമാകും പ്രതിരോധമാര്‍ഗങ്ങളില്‍ അന്തിമ തീരുമാനം. വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിനാണ് നിലവില്‍ പ്രഥമ പരിഗണന നല്‍കുന്നത്.
ഒമിക്രോണ്‍ വകദേദത്തിന് വാക്‌സീനെ അതിജീവിക്കാനുള്ള കഴിവുണ്ടോ എന്നതില്‍ പൂര്‍ണമായി നിഗമനത്തിലെത്താനായിട്ടില്ലെന്ന് അവലോകന സമിതി അംഗം ഡോ.ഇക്ബാല്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. എങ്കിലും രണ്ടാം ഡോസ് വാക്‌സിന്‍ പരമാവധി വേഗത്തിലാക്കുകയാണ് നിലവിലെ ലക്ഷ്യം. രോഗവ്യാപനത്തില്‍ മാസങ്ങളോളം മുന്നിട്ട് നിന്ന കേരളത്തില്‍ നിലവില്‍ രോഗികളുടെ എണ്ണം കാര്യമായി കുറഞ്ഞെങ്കിലും ഇപ്പോഴും സംസ്ഥാനം സുരക്ഷിത തീരത്തല്ല. ഇതിനിടെയാണ് ഒമിക്രോണ്‍ ഭീഷണി ഉയരുന്നത്.