ന്യൂഡൽഹി: ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ, മുൻകരുതലിന്റെ ഭാഗമായി കോവിഡ് മാർഗരേഖ പുതുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യാന്തര യാത്രികരുടെ പരിശോധന, നിരീക്ഷണം തുടങ്ങിയവയിൽ മാറ്റങ്ങൾ ഉണ്ടാകും.
ഒമിക്രോണിന്റെ വ്യാപന സാധ്യതയിൽ സംസ്ഥാനങ്ങൾ നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്സിനേഷന്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നൽകി. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഹോട്സ്‌പോട്ടുകളിൽ തുടർച്ചയായ നിരീക്ഷണം നടത്തണം. ആർടിപിസിആർ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണം. എല്ലാ സംസ്ഥാനങ്ങളും വാർത്താസമ്മേളനങ്ങളിലൂടെയും സ്റ്റേറ്റ് ബുള്ളറ്റിനിലൂടെയും ഒമിക്രോണിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അതേസമയം, രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15ന് ആരംഭിക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇക്കാര്യവും പുനഃപരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.