ജാർഖണ്ഡ്:
പായലിൽനിന്നുണ്ടാക്കുന്ന ജൈവ ഡീസൽ നൽകാൻ റാഞ്ചിയിൽ പ്രത്യേക പമ്പ്. പായൽ ഉപയോഗിച്ച് വിശാൽ പ്രസാദ് ഗുപ്ത എന്ന യുവ എൻജിനിയർ ഡീസലുണ്ടാക്കി വിൽക്കുകയാണിവിടെ.
സാധാരണ ഡീസലിനെക്കാൾ ലിറ്ററിന് പത്തുരൂപ കുറച്ചാണ് ഇവിടെ ജൈവ ഇന്ധനം വിൽക്കുന്നത്. ഉത്പാദനം വലിയ തോതിലാക്കിയാൽ വില ഇനിയും കുറയ്ക്കാനാകും. പ്രതിദിനം 5,000 ലിറ്റർ വരെ വിൽക്കുന്നു. കൂടുതൽ ഇന്ധനക്ഷമത ഉറപ്പു നൽകുന്ന ജൈവ ഡീസൽ തീർത്തും പരിസ്ഥിതി സൗഹൃദമാണ്.
കുളത്തിലും മറ്റ് മലിനജലത്തിലും കാണുന്ന സൂക്ഷ്മ ആൽഗയും (ഒരുതരം പായൽ) ബിർസാ കാർഷിക സർവകലാശാലയിൽ തയ്യാറാക്കിയ അസോള പിനോട്ട എന്ന ചെറുസസ്യവുമാണ് ജൈവ ഇന്ധനത്തിനായി ഉപയോഗിക്കുന്നത്.
ഏറെ ജലാശയങ്ങളും അനുകൂല കാലാവസ്ഥയുമുള്ള കേരളത്തിലും ഇതിന് സാധ്യതയേറെയാണെന്ന് വിശാൽ പറയുന്നു.