ദില്ലി: രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷൻമാരുടെ എണ്ണത്തെ മറികടന്നു. 1000 പുരുഷൻമാർക്ക് 1020 സ്ത്രീകൾ എന്നതാണു പുതിയ നിരക്ക് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ദേശീയ കുടുംബ ആരോഗ്യ സർവേയിൽ പറയുന്നു. രാജ്യത്ത് പ്രത്യുൽപാദന നിരക്ക് കുറഞ്ഞുവെന്നും സർവേയിൽ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിൽ ഒരു സ്ത്രീക്കു ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) രണ്ടായി കുറഞ്ഞു. 2.2 ആയിരുന്നു 2015-16 കാലയളവിലെ ദേശീയ പ്രത്യുൽപാദന നിരക്ക്. സർവേ നടത്തിയ സംസ്ഥാനത്തിലെ 67 ശതമാനം ആളുകൾ കുടുംബാസൂത്രണ മാർഗങ്ങൾ അവലംബിക്കുന്നതായും റിപ്പോർട്ടിലുണ്ട്. നേരത്തെ ഇത് 57 ശതമാനം ആയിരുന്നു.
2019-21 വർഷത്തിൽ നടത്തിയ സർവേ പ്രകാരം ഗ്രാമങ്ങളിൽ 1.6ഉം നഗരങ്ങളിൽ 2.1ഉമാണു പ്രത്യുൽപാദന നിരക്ക്. യുഎൻ ജനസംഖ്യാവിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ടിഎഫ്ആർ) 2.1ൽ താഴെയുള്ള രാജ്യങ്ങളിൽ പ്രത്യുൽപാദന നിരക്കു കുറവായാണു കണക്കാക്കപ്പെടുന്നത്.