NEWS

ആറ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആയുസ്സും ആരോഗ്യവും വര്‍ധിപ്പിച്ച് ജീവിതം ആഹ്ലാദകരമാക്കാം

ചിലർരെ പെട്ടെന്ന് അകാല വാര്‍ധക്യം ബാധിക്കും. ജീവിതശൈലിയിലെ മാറ്റങ്ങളും ചില പോഷണങ്ങളുടെ അഭാവവുമാണ് ഈ പ്രക്രിയയെ ത്വരിതഗതിയിലാക്കുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ കടമ്പയെ നിഷ്പ്രയാസം പിന്നിടാം

വാര്‍ധക്യമാണ് ഏവരുടെയും പേടിസ്വപ്നം. പ്രായമാകാന്‍ ഇഷ്ടമുള്ളവര്‍ ആരുമില്ല.
ഓടിച്ചാടി നടന്നിരുന്നവർ, പെട്ടെന്ന് തളരാനും കിതയ്ക്കാനും രോഗങ്ങളോട് മല്ലിടാനും തുടങ്ങുമ്പോള്‍ പെട്ടെന്ന് പകച്ചു പോകും.

വാര്‍ധക്യത്തിൽ ബാധിക്കാനിടയുള്ള മറവി രോഗമാണ് ഏറ്റവും സങ്കീർണം.
തലച്ചോറിനും നാഡീവ്യൂഹത്തിനും സംഭവിക്കുന്ന രോഗങ്ങള്‍ നമ്മുടെ ഓര്‍മയെ മാത്രമല്ല, ദൈനംദിന ജീവിതത്തെ തന്നെ ശിഥിലമാക്കും. നിരവധി മാനസിക പ്രശ്‌നങ്ങള്‍ക്കും മറവി രോഗം കാരണമാകും.

ജീവിതശൈലിയിലെ മാറ്റങ്ങളും ചില പോഷണങ്ങളുടെ അഭാവവും ഈ പ്രക്രിയയെ വേഗത്തിലാക്കി ചിലരെ വളരെ പെട്ടെന്ന് അകാല വാര്‍ധക്യത്തിലേക്ക് തള്ളിവിടും.

ഈ കാരണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാല്‍ മറവി രോഗത്തെ ഒരു പരിധിവരെ ചെറുക്കാനാകും.
തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കുക.

1. വൈറ്റമിന്‍ ബി12ന്റെ അഭാവമാണ് ഏറ്റവും പ്രധാനം.

വൈറ്റമിന്‍ ബി12 ആവശ്യത്തിന് ഭക്ഷണത്തില്‍ ലഭ്യമല്ലാത്തത് തലച്ചോറിന്റെ ആരോഗ്യം ക്ഷയിപ്പിക്കും. ഓര്‍മക്കുറവ് അടക്കമുള്ള പ്രായത്തിന്റെ അവശതകള്‍ വേഗത്തിലാക്കും. സസ്യാഹാരമോ മാംസാഹാരമോ കഴിക്കുന്നവരാണെങ്കിലും വൈറ്റമിന്‍ ബി12 ആവശ്യമായ തോതില്‍ ലഭ്യമാകേണ്ടത് മറവി വരാതിരിക്കാന്‍ സുപ്രധാനമാണ്. ബീഫ്, ചിക്കന്‍, കരള്‍, മീന്‍, കൊഴുപ്പ് കുറഞ്ഞ പാല്‍, തൈര്, ചീസ്, മുട്ട എന്നിവയെല്ലാം വൈറ്റമിന്‍ ബി12 അടങ്ങിയ ആഹാര പദാര്‍ഥങ്ങളാണ്.

2.സാമൂഹികമായ ഒറ്റപ്പെടല്‍ ഒഴിവാക്കുക

സാമൂഹികമായ ഒറ്റപ്പെടല്‍ ഉത്കണ്ഠയും സമ്മര്‍ദവും വർദ്ധിപ്പിക്കുകയും തലച്ചോറിന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കുകയും ചെയ്യും. ജീവിതത്തോടുള്ള ശുഭകരമായ സമീപനവും സാമൂഹിക കാര്യങ്ങളിലെ ഇടപെടലും ശാരീരിക, മാനസിക ആരോഗ്യത്തിന് അനിവാര്യമാണ്.

3. ഉറക്കക്കുറവ്

ശരിയായ ഉറക്കം ലഭിക്കാതിരിക്കുന്നത് ക്ഷീണം വര്‍ധിപ്പിക്കുകയും തലച്ചോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഉറങ്ങുമ്പോഴാണ് നാഡീകോശങ്ങള്‍ക്ക് ഇടയിലുള്ള ന്യൂറോട്രാന്‍സ്മിറ്ററുകള്‍ക്ക് വിശ്രമം ലഭിക്കുന്നത്. പുതിയൊരു ഉണര്‍വോടെ അടുത്ത ദിനം ആരംഭിക്കാന്‍ ഇത് തലച്ചോറിനെ സഹായിക്കും. ശരിയായ ഉറക്കം ലഭിക്കാത്ത അവസ്ഥ തലച്ചോറിനെ അതിവേഗം വാര്‍ധക്യത്തിലേക്ക് നയിക്കും.

4. ഹൃദയാരോഗ്യം ഏറ്റവും പ്രധാനമെന്ന് തിരിച്ചറിയുക

ഏതു പ്രായത്തിലാണെങ്കിലും നിസ്സാരമായി കാണേണ്ട അവയവമല്ല നമ്മുടെ ഹൃദയം. മോശമായ ഹൃദയാരോഗ്യം മേധാശക്തി ക്ഷയിപ്പിക്കുകയും മറവിരോഗത്തിന്റെ വരവ് എളുപ്പമാക്കുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, നീര്‍ക്കെട്ട് തുടങ്ങി ഹൃദയത്തെയും ശ്വാസകോശത്തെയുമെല്ലാം ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കും.

5. വ്യായാമം ഇല്ലാത്തതും അലസമായ ജീവിതശൈലിയും

ആവശ്യത്തിന് വ്യായാമവും ശാരീരിക അധ്വാനവുവും ഇല്ലാതെ അലസമായ ജീവിതശൈലി പിന്തുടരുന്നതും തലച്ചോറിനെ മന്ദീഭവിപ്പിക്കും. വ്യായാമം ചെയ്യുന്നത് ശരീരത്തെ മാത്രമല്ല ബുദ്ധിയെയും മൂര്‍ച്ചയുള്ളതാക്കും. വ്യായാമം ചെയ്യുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കൂടുന്നു. ദിവസവും 30-40 മിനിട്ട് വ്യായാമവും തുടര്‍ന്ന് പ്രാണായാമവും ചെയ്യുന്നത് തലച്ചോര്‍ ചെറുപ്പമായിരിക്കാന്‍ സഹായിക്കും.

6. അമിത മദ്യപാനം

അമിതമായ മദ്യപാനം കരളിനെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനെയും തകരാറിലാക്കും. മദ്യപാനം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുന്ന ബ്രെയിന്‍ അട്രോഫിയിലേക്ക് നയിക്കുകയും ഇത് മറവിരോഗത്തിന് കാരണമാകുകയും ചെയ്യും.

പ്രധാനപ്പെട്ട ഈ കാര്യങ്ങളിൽ ജാഗ്രത പാലിച്ചാൽ ആയുസ് വർദ്ധിപ്പിച്ച് ആരോഗ്യത്തോടെ ജീവിതം പുലർത്താം.

Back to top button
error: