NEWS

ചക്കയ്ക്ക് കണ്ണു കിട്ടിയോ, ഇത്തവണ വേവിക്കാനെങ്കിലും മലയാളിക്ക് ചക്ക കിട്ടിയാൽ ഭാഗ്യം

എണ്ണമില്ലാത്ത ചക്ക വിഭവങ്ങൾ ഒരുക്കി റെക്കോർട്ട മലയാളിക്ക് ഇത്തവണ വേവിക്കാൻ ചക്ക കിട്ടിയാൽ ഭാഗ്യം. ചക്കയെ ഈ ഗതിയിൽ എത്തിച്ചത് ഈ വർഷത്തെ നിലയ്ക്കാത്ത മഴയാണ്

തേൻവരിക്കയുടെ രുചിയും മണവും മലയാളി മറന്നു പോവില്ല.
കൂഴച്ചക്ക പുഴുക്കിൻ്റെ സ്വാദും നമ്മുടെ നാവിലുണ്ട്.
ചക്കയും കപ്പയും സമീപകാലംവരെ ദരിദ്രരുടെ അന്നമായിരുന്നു.
പക്ഷേ ഇപ്പോൾ സമ്പന്നരുടെ തീൻമേശകളിലെ വിലകൂടിയ വിഭവങ്ങളായി മാറി ഇവ.
പ്രത്യേകിച്ച് ചക്ക.
ചക്കയ്ക്ക് പെട്ടെന്നാണ് വി.ഐ.പി പരിവേഷം ലഭിച്ചത്. നാട്ടിലുടനീളം ചക്ക ഫെസ്റ്റുകൾ സംഘടിപ്പിച്ചു. ചക്ക വിഭവങ്ങൾ പ്രചരിപ്പിച്ചു.
കോവിഡ് കാലത്താണ് നാം ചക്കയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞത്. അന്ന് മലയാളിയുടെ വിശപ്പകറ്റിയ പ്രധാന കാർഷികവിള ചക്കയാണ്.
ചക്കയോട് മലയാളിക്ക് ഇത്ര പ്രിയമേറിയത് അടുത്തകാലത്താണ്. ചക്കപ്പുഴുക്ക്, ചക്ക തോരൻ, ചക്ക ഉപ്പേരി, ചക്ക പായസം, ചക്കച്ചപ്പാത്തി, ചക്കക്കുരുതോരൻ, ചക്ക അട തുടങ്ങി എണ്ണമറ്റ ചക്ക വിഭവങ്ങൾ നമ്മുടെ ആഹാരത്തിൻ്റെ ഭാഗമായി മാറി. തേൻവരിക്കച്ചക്കപ്പഴം മലയാളിയുടെ ദൗർബല്യമാണ്.
അങ്ങനെ ചക്ക വിഭവങ്ങൾ കേരളത്തിലെ അടുക്കളകളെ സമൃദ്ധമാക്കി. ജനുവരി മുതൽ മേയ് മാസം വരെയാണ് ചക്കക്കാലം.

ചക്കയുടെ പുറംമുള്ള് ഒഴികെ എല്ലാം ഭക്ഷ്യയോഗ്യമാണ് മലയാളിക്ക്. പച്ചച്ചക്ക നാരുകളടങ്ങിയ ഭക്ഷണമായതുകൊണ്ട് ഡയബറ്റിക് രോഗികൾക്ക് വളരെ ഉത്തമമെന്നാണ് കണ്ടെത്തൽ.
ചക്കച്ചുളകൾ വേനൽക്കാലത്ത് ഉണക്കിസൂക്ഷിച്ച് വർഷം മുഴുവൻ ഉപയോഗിക്കുന്നവരും ഉണ്ട്.
ലുലൂ പോലുള്ള വമ്പൻ സൂപ്പർമാർക്കറ്റുകളിൽ ഇന്ത്യയിലും വിദേശത്തുമൊക്കെ ചക്കച്ചുളയും ചക്കക്കുരുവും വില്പനയ്ക്ക് വെച്ചിട്ടുണ്ട്.
ചക്കപ്പുട്ടു പൊടിയും മാർക്കറ്റിൽ ലഭ്യം.
സമീപകാലംവരെ മലയാളിയുടെ അടുക്കളയിൽ ചക്രവർത്തിയായിരുന്ന ഈ ചക്ക ഒരുകാലത്ത് ആർക്കും വേണ്ടാത്ത കാർഷികവിളയായിരുന്നു.
പ്ലാവ്നിറയെ കായ്ച്ചു കിടക്കുന്ന ചക്ക കർഷകർക്ക് ബാധ്യതയായി തൊടിയിലും മുറ്റത്തും കൊഴിഞ്ഞു വീണു കിടക്കും. ഒടുവിൽ തമിഴ്നാട്ടിൽനിന്നും ചക്ക തേടി ആവശ്യക്കാർ എത്തി.
അവർ നാമമാത്രമായ വില നൽകി നമ്മുടെ ചക്ക ലോറികളിൽ തമിഴകത്തേക്ക് കൊണ്ടുപോയി.

കഴിഞ്ഞ ലോക്ഡൗണിൽ മലയാളിയുടെ വിശപ്പകറ്റിയ ചക്കയ്ക്ക് കണ്ണു കിട്ടിയതാണോ എന്നറിയില്ല, ഇത്തവണ പ്ലാവുകളിൽ പേരിന് ഒന്നോ രണ്ടോ മാത്രം.
ചക്കയെ ഈ ഗതിയിൽ എത്തിച്ചത് ഇത്തവണത്തെ നിലയ്ക്കാത്ത മഴയാണെന്ന് കാർഷകർ സാക്ഷ്യപ്പെടുത്തുന്നു.
എണ്ണമില്ലാത്ത ചക്ക വിഭവങ്ങൾ ഒരുക്കി റെക്കോർഡിട്ട മലയാളിക്ക് ഇത്തവണ വേവിക്കാൻ ചക്ക കിട്ടിയാൽ ഭാഗ്യം.
ഈ വർഷം ഫെബ്രുവരി മാസം മുതലേ മഴയാണ്.
കഴിഞ്ഞ സീസണിലെ ചക്ക പോലും അവസാന മാസങ്ങളിൽ വെള്ളം കയറി രുചി നഷ്ടപ്പെട്ടിരുന്നു.

ലോക്ഡൗൺ മൂലം വരുമാനം നിലച്ച കുടുംബങ്ങൾ പട്ടിണി അകറ്റാൻ ഏറ്റവും കൂടുതൽ ആശ്രയിച്ചത് സ്വന്തം പുരയിടത്തിലെ ചക്ക ഉൾപ്പടെയുള്ള ഉൽപന്നങ്ങളെയാണ്.
ഇത്തവണ സ്വന്തം കൃഷി ഫലങ്ങൾ ഉപയോഗിച്ച് അടുക്കള സജീവമാക്കാൻ ശ്രമിച്ചവർക്കെല്ലാം മഴ നൽകിയത് നിരാശയുടെ ഫലം മാത്രം.

ഇടവിടാതെ പെയ്യുന്ന മഴ, ചക്കയടക്കം കേരളത്തിന്റെ കാർഷിക ഫലങ്ങൾക്കു വൻ തിരിച്ചടിയാണ് നൽകിയത്.
മാങ്ങയും പേരയും വാളൻപുളിയും ജാതിയും കപ്പയും ശീമച്ചക്കയും കമ്പളി നാരകവുമെല്ലാം തിരിച്ചടി നേരിട്ട കാർഷിക ഫലങ്ങളാണ്.
ഇല കാണാത്ത പോലെ പൂക്കേണ്ട മാവുകൾക്കും ഇത്തവണ കഷ്ടകാലമാണ്. വൻകിട മാന്തോപ്പുകളിൽ ഇത്തവണ പൂക്കളേ ഇല്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ മാങ്ങകൾ ഉൽപാദിപ്പിക്കുന്ന പാലക്കാടെ മുതലമടയിൽ പോലും ഇത്തവണ മാവുകൾ പൂത്തിട്ടില്ല.

പൂവിട്ടതൊക്കെ മഴയിൽ കൊഴിഞ്ഞു പോയി. ഇനി വരാൻ പോകുന്നത് വറുതിയാണോ എന്ന ആശങ്കയിലാണ് കർഷകർ. പൂവിടാൻ ഒരുങ്ങിയ കശുമാവും ഇത്തവണ പണിമുടക്കിൽ തന്നെ.
ലോക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്ത കപ്പയും കർഷകർക്ക് കാര്യമായൊന്നും തിരികെ നൽകുന്നില്ല.
ശീമപ്ലാവുകളിലും ഇത്തവണ കാര്യമായ ഫലമൊന്നും ലഭിച്ചിരുന്നില്ല. വാർഷിക വരുമാനം നൽകിയിരുന്ന റംബുട്ടാനും ഇത്തവണ തിരിച്ചടി നേരിട്ടു. കോഴിക്കോട്ട് നിപ്പ വന്നതും, തുടർച്ചയായ മഴയും റംബുട്ടാന്റെ വില കുറച്ചൊന്നുമല്ല ഇടിച്ചത്.
വേനൽക്കാല വിഭവങ്ങളെല്ലാം ഇത്തവണ നമുക്ക് അന്യം നിന്നു പോകുമെന്നാണ് കാർഷിക രംഗത്ത് നിന്നുള്ള സൂചന. ചക്കയ്ക്കും മാങ്ങയ്ക്കു വേണ്ടി അയൽ സംസ്ഥാനങ്ങളെ തന്നെ ആശ്രയിക്കേണ്ടി വരുമെന്നും കർഷകർ പറയുന്നു.

അടുക്കള തോട്ടങ്ങളുടെ പരിപാലനം ജനകീയ മുന്നേറ്റമായി കൊണ്ടുവന്നെങ്കിലും മഴ അവിടെയും വില്ലനായി. അടുക്കളത്തോട്ടങ്ങൾ പലതും മുരടിച്ചു.
നെൽക്കൃഷി തകർന്നു. വെയിലുദിച്ച് പലതും പച്ച പിടിച്ചു വരുമ്പോഴേക്കും അടുത്ത പ്രളയം എത്തും. സ്വാഭാവികമായും ലഭിക്കേണ്ട കാർഷിക വിളകൾ പോലും ഇത്തവണ നഷ്ടമാകുമെന്നാണ് വിദഗ്ധ മതം.
കാർഷിക വിളകൾക്കു വേണ്ടി കുത്തകകളെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കാണ് നമ്മൾ എത്തുന്നത്. കാലാവസ്ഥയിലെ മാറ്റം നമ്മുടെ ഭക്ഷ്യശൃംഖലയെയാണ് തകർക്കുന്നത്.
അതേസമയം, കാലാവസ്ഥാ മാറ്റം കൂടി പരിഗണിച്ച് കൃത്യമായ ആസൂത്രണത്തോടെ കേരളത്തിന്റെ കാർഷിക രംഗത്തെ പുനർ ക്രമീകരിക്കാൻ കൃഷി വകുപ്പ് ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: