തീയേറ്ററുകളില്‍ മതിയായ ഷോകള്‍ ലഭിച്ചില്ല; ‘സുമേഷ് ആന്‍ഡ് രമേഷ്’ റിലീസ് നീട്ടി

കോവിഡിന് ശേഷം സൂപ്പര്‍താര സിനിമകള്‍ തീയേറ്ററുകള്‍ കൈയ്യടക്കിയതോടെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് ചെറിയ സിനിമകള്‍. ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ടൈറ്റില്‍ റോളുകളിലെത്തുന്ന ‘സുമേഷ് ആന്‍ഡ് രമേഷ്’ എന്ന ചിത്രത്തിന്റെ റിലീസ് തീയറ്ററുകളില്‍ ഷോ ലഭിക്കാത്തതിനാല്‍ മാറ്റിവെച്ചു. വെള്ളിയാഴ്ചയായിരുന്നു റിലീസ് തീരുമാനിച്ചത്. എന്നാല്‍ തീയേറ്ററുകളില്‍ മതിയായ ഷോകള്‍ ലഭിക്കാതെ വന്നതോടെ ചിത്രത്തിന്റെ റിലീസ് മാറ്റാന്‍ അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിലൂടെ ഫേസ്ബുക്ക് വഴി അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് റിലീസ് മാറ്റുന്ന വിവരം പങ്കുവച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

സനൂപ് തൈക്കൂടമാണ് ചിത്രം സംവിധാനം ചെയ്തത്. ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേര്‍ന്ന് രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചായാഗ്രാഹകന്‍ ആല്‍ബിയാണ്. യാക്സണ്‍ ഗ്യാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സലിംകുമാര്‍, പ്രവീണ, അര്‍ജുന്‍ അശോകന്‍, രാജീവ് പിള്ള, ദേവിക കൃഷ്ണ, അഞ്ചു കൃഷ്ണ, കാര്‍ത്തിക വെള്ളത്തേരി, ശൈത്യ സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

സുരേഷ് ഗോപിയുടെ കാവലും തമിഴില്‍നിന്ന് ചിമ്പു നായകനാവുന്ന വെങ്കട് പ്രഭു ചിത്രം മാനാടുമാണ് ഈയാഴ്ച തീയേറ്ററുകളിലെത്തുന്ന പ്രധാന ചിത്രങ്ങള്‍. കുറുപ്പ്, ജാനെമന്‍, എല്ലാം ശരിയാകും, ആഹാ എന്നിവ തീയേറ്ററുകളില്‍ തുടരുമ്പോഴാണ് ഈ രണ്ട് വന്‍ താരചിത്രങ്ങളും എത്തുന്നത്. അടുത്ത വാരം മോഹന്‍ലാലിന്റെ മരയ്ക്കാറും എത്തുമെന്നതിനാല്‍ ചെറുചിത്രങ്ങളുടെ റിലീസ് പ്രതിസന്ധി നീളും.

Leave a Reply

Your email address will not be published. Required fields are marked *