സംസ്ഥാനത്തെ പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡാഷ്ബോര്‍ഡ് തയ്യാറാക്കുമെന്നും എല്ലാ പരാതികള്‍ക്കും വേഗത്തില്‍ പരിഹാരം കാണുമെന്നും റവന്യു ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബറില്‍ ഡാഷ്ബോര്‍ഡുകള്‍ തയ്യാറക്കണമെന്നും ജില്ലാതലത്തില്‍ ഡാഷ്ബോര്‍ഡുകളില്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഡാഷ് ബോര്‍ഡ് തയ്യാറായിക്കഴിഞ്ഞാല്‍ മറ്റു പട്ടയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. നിലവില്‍ ലഭിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ എന്താണ് തടസമെന്നും അത് പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ ഡാഷ്ബോര്‍ഡില്‍ രേഖപ്പെടുത്തണം. പട്ടയത്തിനായി നിലവില്‍ ലഭിച്ച അപേക്ഷകളുടെ എണ്ണം കുറവാണെങ്കിലും സംസ്ഥാനത്ത് ഇടുക്കിയും വയനാടും കഴിഞ്ഞാല്‍ സങ്കീര്‍ണമായ ഭൂപ്രശ്നങ്ങള്‍ ഉള്ള ജില്ലയാണ് കാസര്‍കോട്. ജില്ലയില്‍ ഇനിയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്ര പട്ടയങ്ങള്‍ കൊടുക്കാന്‍ കഴിയുമെന്നതില്‍ വ്യക്തതയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
കൈവശമിരിക്കുന്ന ഭൂമിയുടെ പട്ടയങ്ങള്‍ക്കൊപ്പം ഭൂരഹിതരായ ആളുകള്‍ക്കും നിയമവിധേയമായി പട്ടയങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം. നിലവില്‍ അഭിമുഖീകരിക്കുന്ന ഭൂപ്രശ്നങ്ങള്‍ പരിഗണിച്ച് കൃത്യമായ വിവരങ്ങള്‍ ഡാഷ്ബോര്‍ഡില്‍ രേഖപ്പെടുത്തണം. ഭൂമി തരം മാറ്റല്‍, ലാന്റ് റവന്യു കേസുകള്‍, പട്ടയം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സ്പെഷ്യല്‍ ഡ്രൈവായി എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നം സങ്കീര്‍ണമാണ്. പരാതികളുടെ എണ്ണവും കൂടുന്നുണ്ട്. ഭൂ നികുതി ഓണ്‍ലൈനായി അടച്ചുതുടങ്ങിയപ്പോഴാണ് പലര്‍ക്കും ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് വ്യക്തത വരുന്നത്. ഇതിന്‍മേലുള്ള പരാതികള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കും.
ഭൂമിയുടെ ഡിജിറ്റല്‍ റീസര്‍വേ വേഗത്തില്‍ ആരംഭിക്കും. കോര്‍സ്(കണ്ടിന്യുവസ്ലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന്‍) സംവിധാനം ഇതിനായി ഉപയോഗപ്പെടുത്തും. ഇതിനായി 28 സിഗ്‌നല്‍ സ്റ്റേഷനുകള്‍ ഒരു മാസത്തിനകം സ്ഥാപിക്കും. റിയല്‍ ടൈം കൈന്‍മാറ്റിക് (ആര്‍. ടി. കെ), ഡ്രോണ്‍, ലിഡാര്‍, ഇ. ടി. എസ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഭൂമിയുടെ പ്രത്യേകതയ്ക്കനുസരിച്ച് ഇതിനായി ഉപയോഗിക്കും. വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളില്‍ കൃത്യതയും കാര്യക്ഷമതയും ഉണ്ടായിരിക്കണം. ഡിസംബറില്‍ വില്ലേജുകളില്‍ ഫയല്‍ അദാലത്തുകള്‍ നടത്തും. ജീവനക്കാര്‍ പൊതുജനങ്ങളോട് അനുകമ്പയോടെ പെരുമാറണമെന്നും റവന്യു ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നിര്‍ബന്ധിത ഘടകമായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
date
25-11-2021