NEWS

ഇരുണ്ട കാലത്തേയ്ക്ക് തിരിച്ചു നടക്കുന്ന ഇന്ത്യ

ചാണകം തിന്നുകൊണ്ട് ലൈവായി വന്ന ഡോക്ടർ, ഒടിഞ്ഞ കൃഷ്ണവിഗ്രഹത്തിന്റെ കൈക്ക് പ്ലാസ്റ്റർ ഇട്ടുകൊടുത്ത മറ്റൊരു ഡോക്ടർ… ശാസ്ത്രത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും ആധുനികകാലത്താണ് നമ്മുടെ രാജ്യം പിന്നോട്ടു നടക്കുന്നത്

പാരമ്പര്യമായി തുടർന്നു വന്ന അന്ധവിശ്വാസങ്ങളെ പിഴുതെറിഞ്ഞ് അവിടെ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ സ്വീകരിച്ച പുരോഗനോന്മുഖമായ പാതയിലാണ് ഇന്ന് ലോക രാഷ്ട്രങ്ങൾ.

Signature-ad

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ആരംഭിച്ച ഈ പ്രക്രിയ ഇന്ന് കൂടുതൽ വേഗത്തിലും കരുത്തിലും ലോകത്തെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്നു.
പക്ഷെ നിർഭാഗ്യമെന്നു പറയട്ടെ, ചരിത്രത്തിന്റെ സമീപകാല പുനർവായനകളിൽ ഇന്ത്യ അതിന്റെ ഇരുണ്ട കാലത്തേക്കാണ് വീണ്ടും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പശുവിന്റെ പോഷകഗുണമുള്ള പാൽ ഒഴുക്കിക്കളഞ്ഞ് അതിന്റെ മൂത്രം കുടിക്കുന്നവർ, ഒടിഞ്ഞ കൃഷ്ണവിഗ്രഹത്തിന് പ്ലാസ്റ്റർ ഇടുന്ന ഭിഷഗ്വരന്മാർ.
അങ്ങനെ വിഡ്ഢിത്തരങ്ങളുടെയും വിഡ്ഢികളുടെയും ഏറ്റവും വലിയ കൂട്ടായ്മയായി ഇന്ത്യ മാറി.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ചാണകം തിന്നുകൊണ്ട് ലൈവായി വന്ന ഡോക്ടർ.
മറ്റൊന്നായിരുന്നു ഒടിഞ്ഞ കൃഷ്ണവിഗ്രഹത്തിന്റെ കൈക്ക് പ്ലാസ്റ്റർ ഇട്ടുകൊടുത്ത ആഗ്ര ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടർ.

ഹരിയാണയിലെ കർണാലിലുള്ള ഒരു ഡോക്ടറാണ് ചാണകം തിന്നുന്ന വീഡിയോ പങ്കു വച്ചത്. ചാണകം തിന്നുന്നതിനൊപ്പം അതിന്റെ ഗുണമേന്മകളെക്കുറിച്ച് ഡോക്ടർ വീഡിയോയിൽ വാചാലനാകുന്നുമുണ്ട്. ഹരിയാണയിലെ കർണാലിലുള്ള ശിശുരോഗ വിദഗ്ധൻ ഡോ. മനോജ് മിത്തലാണ് ചാണകം കഴിച്ചുകൊണ്ട് ഇപ്പോൾ ‘പ്രശസ്തനായിരിക്കുന്നത്’. എം.ബി.ബി.എസ്, എം.ഡി ബിരുദധാരിയാണത്രേ ഈ ഡോക്ടർ.

തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് മനോജ് ചാണകം കഴിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ക്ഷേത്രത്തിലെ പൂജാ വിഗ്രഹത്തിന്റെ കൈ പൊട്ടിയതിനെ തുടര്‍ന്ന് ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിച്ചത് പൂജാരി തന്നെയാണ്.
ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.അര്‍ജുന്‍ നഗറിലെ ഖേരി മോഡിലുള്ള പത്വാരി ക്ഷേത്രത്തിലെ കൃഷ്ണ വിഗ്രഹത്തിനാണ് പൊട്ടൽ ഉണ്ടായത്. ഇതിനെ തുടർന്ന് പൂജാരി ആഗ്രയിലെ ജില്ലാ ആശുപത്രിയിലേക്ക് പൊട്ടിയ കൃഷ്ണ വിഗ്രഹവുമായി എത്തുകയായിരുന്നു. അവിടുത്തെ ഡോക്ടര്‍, വിഗ്രഹത്തിന്റെ കൈയില്‍ ബാന്റേജിട്ടു കൊടുക്കുകയും ചെയ്തു.

ഇത്തരം ഒരുപാട് ‘ദുരന്തങ്ങൾക്ക്’ ഈ അടുത്തകാലത്തായി ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിൽ ഡോക്ടറെന്നോ, ന്യായാധിപനെന്നോ, മന്ത്രി-തന്ത്രികളെന്നോ ആത്മീയ ആചാര്യൻമാരെന്നോ വിത്യാസവുമില്ല. എങ്ങോട്ടാണ് രാജ്യത്തിന്റെ പോക്ക് എന്നു ചോദിച്ചാൽ തന്നെ രാജ്യദ്രോഹി ആകുന്ന ഒരു കാലവുമാണിത്.
പക്ഷെ ശാസ്ത്രം ചന്ദ്രനിലും ‘ചൊവ്വ’യിലും എത്തിനിൽക്കുമ്പോൾ ഇന്ത്യയുടെ പോക്ക് എങ്ങോട്ടെന്ന് ചോദിക്കാതിരിക്കാനുമാവില്ല!

Back to top button
error: