NEWS

ഇത് മോൻസൺ മാവുങ്കലിൻ്റെ പുരാവസ്തുക്കളല്ല, പാവം സമീറിന്റേത്

മൂന്ന്‌ നൂറ്റാണ്ട്‌ പഴക്കമുള്ള നെയ്‌ക്കുറ്റി, സംഗീത പ്രേമികളുടെ ഇഷ്‌ട ഉപകരണമായ ഗ്രാമഫോണ്‍, കപ്പലിനെ നിരീക്ഷിക്കാന്‍ നാവികര്‍ ഉപയോഗിച്ചിരുന്ന നീളം കൂടിയ ദൂരദര്‍ശിനി തുടങ്ങി മണ്ണെണ്ണ ഫാന്‍, റാന്തല്‍ വിളക്കുകള്‍, ആമാടപ്പെട്ടി, കൂജ, സ്വര്‍ണപെട്ടി, റീഡിങ്‌ ലെന്‍സ്‌, വടക്ക്‌ നോക്കിയന്ത്രം എന്നിങ്ങനെ പുരാവസ്തുക്കളുടെ വിപുലമായ ശേഖരം തന്നെയുണ്ട് സമീറിൻ്റെ പക്കൽ

കട്ടപ്പന: കൃഷ്ണൻ വെണ്ണ കവർന്ന മൺകുടവും കൃസ്തു ചോര തുടച്ച തുണിയുമൊക്കെ വില്പനയ്ക്കു വച്ച മോൻസൺ മാവുങ്കൽ താരമായി താരമായി തിളങ്ങുമ്പോൾ പാവം സമീപിനെ ആരറിയാൻ…?പുരാവസ്തുക്കൾ എന്നു കേൾക്കുമ്പോഴേ മനസിലെത്തുക മോൻസൺ മാവുങ്കലാണ്.

ഇത് തൃശൂർക്കാരൻ സമീറാണ്. ദൂരദര്‍ശിനി മുതല്‍ ആമാടപ്പെട്ടി വരെയുള്ള പുരാവസ്‌തുക്കളുമായി വഴിയോരത്ത് സമീറിൻ്റെ വ്യാപാരം പൊടിപൊടിക്കുന്നു.
മ്യൂസിയങ്ങളിലും പുരാവസ്‌തു കടകളിലും മാത്രം കണ്ട്‌ പരിചയിച്ച വസ്‌തുക്കളുമായി സമീറിനെ വഴിയോരത്തേയ്‌ക്കെത്തിച്ചത്‌ കോവിഡ്‌ തന്നെ.
നീണ്ട നാളത്തെ അടച്ചിടലില്‍ കുടുംബം പട്ടിണിയിലേക്ക്‌ നീങ്ങുമെന്ന്‌ ഉറപ്പിച്ചതോടെ തൃശൂര്‍ സ്വദേശി സമീര്‍ സുഹൃത്തിനെയും കൂട്ടി തെരുവിലേയ്‌ക്ക്‌ ഇറങ്ങി. ഒരു വാനില്‍ നിറയെ പുരാവസ്‌തുക്കളുമായി ഇവർ കേരളത്തിന്റെ പല സ്‌ഥലങ്ങളിലും പോയി കച്ചവടം നടത്തി. ഒടുവില്‍ ഇടുക്കിയിലുമെത്തി.
പതിവില്ലാത്ത കുറേ കാതുകവസ്‌തുക്കള്‍ വഴിയോരത്ത്‌ മേശയിലിരിക്കുന്നത്‌ കാണുന്നതോടെ ആളുകൾക്കും താൽപര്യമേറും.
മോന്‍സന്‍ മാവുങ്കല്‍ വിഷയം പുരാവസ്‌തുക്കളുടെ കച്ചവടത്തിന് സാദ്ധ്യത കൂട്ടിയെന്നാണ്‌ സമീര്‍ പറയുന്നത്‌. മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള അംശവടിയോ അലാവുദീന്റെ അത്ഭുതവിളക്കോ മറ്റോ വില്‍ക്കാനുണ്ടോ എന്ന്‌ പലരും തമാശയായി ചോദിക്കാറുണ്ട്‌. മൂന്ന്‌ നൂറ്റാണ്ട്‌ പഴക്കമുള്ള നെയ്‌ക്കുറ്റിയാണ്‌ കൂട്ടത്തിലെ ഏറ്റവും പഴക്കംചെന്ന വസ്‌തു. പഴയകാലത്തെ സംഗീത പ്രേമികളുടെ ഇഷ്‌ടഉപകരണമായ ഗ്രാമഫോണ്‍, മൂന്ന്‌ കിലോമീറ്റര്‍ ദൂരത്തെ വസ്‌തുക്കള്‍ പോലും വ്യക്‌തമായി കാണാന്‍ കഴിയുന്ന വിവിധ രൂപങ്ങളിലെ ദൂരദര്‍ശിനികള്‍ എന്നിവയാണ്‌ പ്രധാന ആകര്‍ഷണം.
കപ്പലിനെ നിരീക്ഷിക്കാന്‍ നാവികര്‍ ഉപയോഗിച്ചിരുന്ന നീളം കൂടിയ ദൂരദര്‍ശിനിയാണ്‌ കൂട്ടത്തിലെ കേമന്‍. അധികം കണ്ടിട്ടില്ലാത്ത മണ്ണെണ്ണ ഫാന്‍, റാന്തല്‍ വിളക്കുകള്‍, ആമാടപ്പെട്ടി, കൂജ, സ്വര്‍ണപെട്ടി, റീഡിങ്‌ ലെന്‍സ്‌, വടക്ക്‌ നോക്കിയന്ത്രം എന്നിങ്ങനെയുള്ള വസ്‌തുക്കളാണ്‌ വില്‍പനയ്‌ക്കായി വച്ചിരിക്കുന്നത്‌.
പലവിധ ക്ലോക്കുകളും വില്‍ക്കാനുണ്ട്‌. ആമയുടെ രൂപസാദൃശ്യമുള്ള ക്ലോക്കാണ്‌ ഏറെ സവിശേഷം. വാല്‍ ക്ലോക്ക്‌, ജലഘടികാരം എന്നിവയും കൗതുകമുണര്‍ത്തുന്നവയാണ്‌.
കോവിഡ്‌ പടര്‍ന്ന്‌ പിടിക്കുന്നതിന്‌ മുമ്പ് തൃശൂരില്‍ പാരമ്പര്യമായി ലഭിച്ച പുരാവസ്‌തു കട നടത്തുകയായിരുന്നു സമീര്‍. കട തുറക്കാന്‍ കഴിയാതെ വന്നതോടെയാണ്‌ ഉറ്റ സുഹൃത്ത്‌ അഷ്‌റഫുമൊത്ത്‌ വഴിയോരത്തേയ്‌ക്ക്‌ ഇറങ്ങിയത്‌. ഇതിനോടകം അഞ്ച്‌ ജില്ലകളിലെത്തി കച്ചവടം നടത്തി. ഇപ്പോള്‍ കട്ടപ്പന പാറക്കടവിന്‌ സമീപം വഴിയോരത്താണ്‌ കച്ചവടം.
അയ്യായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപയുടെ വരെ വസ്‌തുക്കളാണ്‌ വില്‍പനയ്‌ക്കായി ഇവിടെ എത്തിച്ചിരിക്കുന്നത്.

Back to top button
error: