KeralaNEWS

ഉണക്ക സ്രാവ് വരെ വാങ്ങാൻ കിട്ടുന്ന ക്ഷേത്രം അഥവാ തെള്ളിയൂർക്കാവിലെ വൃശ്ചിക വാണിഭത്തിന് തുടക്കം

പത്തനംതിട്ട ജില്ലയിൽ പുലയസമുദായത്തിലെ ഭക്തർ നടയിൽ നിന്ന്….എടീ കാളി.. ഞങ്ങളെ കാത്തോണം.. എന്ന് വിളിച്ചുചൊല്ലുന്ന ഒരമ്പലമുണ്ട്…. ആലും തറയും കാവും കുളവുമൊക്കെയുള്ള ‘തള്ളയുടെ ഊരിലെ’ തെള്ളിയൂർക്കാവ്‌ ഭഗവതിയമ്പലം(തിരുവിതാംകൂർ ദേവസ്വം ബോർഡ് )… ഇവിടെ കളമെഴുതിപ്പാട്ടുണ്ട്.. പടേനിയുണ്ട്.. വെച്ച് വാണിഭമുണ്ട്..ഉപ്പുതൊട്ട് കർപ്പൂരം വരെയല്ല ഉണക്ക സ്രാവ് വരെ ഈ ക്ഷേത്രത്തിൽ കിട്ടും…

ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടകാലത്ത് ഹൈന്ദവരിലെ ദളിത്‌ ഭക്തർ അമ്മക്ക് ആൽത്തറയിൽ കാഴ്ചവെച്ച വഴിപാട് സാധനങ്ങളിൽ കുട്ടയും ചട്ടിയും വാക്കത്തിയും മൺവെട്ടിയും എല്ലാമുണ്ടായിരുന്നു.. ഇത് വാങ്ങാൻ പലരും വന്നതോടെ വൃശ്ചിക വാണിഭം ഉരുവപ്പെട്ടു…

ചരിത്രത്തോടൊപ്പം ഭക്തിയും സംസ്കാരവും ഒന്നിക്കുന്ന തെള്ളിയൂർ വൃശ്ചിക വാണിഭം പത്തനംതിട്ടക്കാരുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്. കേരളത്തിന്‍റെ സമൃദ്ധിയെ അടയാളപ്പെടുത്തിയിരിക്കുന്ന പഴമയുടെ ഈ ആഘോഷത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ക്ഷേത്രത്തിന് സമീപം ഉണക്കസ്രാവ് വിൽക്കുന്നതു മുതൽ കൗതുകകരമായ പല കാഴ്ചകളും ഇവിടെ കാണുവാനുണ്ട്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മേള ഒരു കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ജാതീയമായ അടിച്ചമർത്തലുകൾക്കും മാറ്റിനിർത്തലുകൾക്കും എതിരെയുള്ള ഒരു സ്വരം കൂടിയായിരുന്നു. എല്ലാ വർഷവും മണ്ഡല കാലം ആരംഭിക്കുന്ന വൃശ്ചികം ഒന്നു മുതൽ 10 ദിവസമാണ് മേള നടക്കുന്നത്.

തെള്ളിയൂർക്കാവ്‌ വൃശ്ചികവാണിഭത്തിന് തുടക്കം കുറിച് ഇത്തവണ ഭഗവതി ക്ഷേത്രത്തിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷനായ ചരൽക്കുന്ന് മൈലാടുംപാറ ശിവക്ഷേത്ര സമിതി പ്രസിഡന്റ്‌ സി എസ് അനീഷ് കുമാറാണ് ധാന്യസമർപ്പണം നിർവഹിച്ചത്.

Back to top button
error: