ആരോഗ്യത്തിന് ഹാനികരമായ ശീതള പാനീയ ശീലങ്ങളില്‍ നിന്നും രുചിയും ഗുണവുമേറിയ ഇളനീരിലേക്ക് ജനങ്ങളെ മടക്കി കൊണ്ടുവരാനുള്ള ഉദ്യമത്തിന് അജാനൂര്‍ പഞ്ചായത്തില്‍ തുടക്കം. കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കേര സമിതിയുടെയും നേതൃത്വത്തിലാണ് മഡിയനിലെ പഞ്ചായത്ത് കെട്ടിടത്തില്‍ കേരഗ്രാമം ഇളനീര്‍ പാര്‍ലര്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ലറിലേക്ക് ആവശ്യമായ ഇളനീരുകള്‍ അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ കര്‍ഷകരില്‍ നിന്നുമാണ് ശേഖരിക്കുന്നത്.
ഭാവിയില്‍ ഇളനീര്‍ ജ്യൂസിനൊപ്പം, സ്‌ക്വാഷ്, ജാം തുടങ്ങി വിവിധ മൂല്യ വര്‍ദ്ധിത ഉത്പനങ്ങളും തേങ്ങ ഉപയോഗിച്ച് തേങ്ങാപ്പാല്‍ തുടങ്ങിയ വിവിധങ്ങളായ മൂല്യ വര്‍ധിത ഉത്പന്നങ്ങളും ഇളനീര്‍ പാര്‍ലറിലൂടെ വില്‍പന നടത്താനാണ് ലക്ഷ്യം. അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ ഉത്പനങ്ങള്‍ക്ക് കൂടി വിപണി കണ്ടെത്താന്‍ ഇളനീര്‍ പാര്‍ലറിലൂടെ ശ്രമിക്കുമെന്നും അജാനൂര്‍ പഞ്ചായത്ത് കേരഗ്രാമം പ്രസിഡന്റ് സി. ബാലകൃഷ്ണന്‍ പറഞ്ഞു.