ഇടുക്കി: കനത്ത മഴ തുടരുന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയർന്നു. 9 മണിയോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നത്. ഇതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍റിൽ 900 ഘന അടിയായി ഉയർത്തി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയർന്നതോടെ തമിഴ്നാട് ജാഗ്രതാ നിർദേശം പുറത്തിറക്കിയിട്ടുണ്ട്. 140 അടിയായ സാഹചര്യത്തിൽ ആദ്യ പ്രളയജാഗ്രതാ നിർദേശം തമിഴ്നാട് പുറത്തുവിടുന്നു. ജലനിരപ്പ് 140 അടിയായെന്ന് തമിഴ്നാട് കേരളത്തെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
അടുത്ത 24 മണിക്കൂറിലും ജലനിരപ്പ് ഈ തരത്തിൽത്തന്നെ ഉയരുകയാണെങ്കിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. അതിനാൽ പെരിയാർ തീരത്തുള്ള ജനങ്ങൾ, പ്രത്യേകിച്ച് നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.