KeralaLead NewsNEWS

കണ്ണൂരില്‍ നിന്ന് മാവോയിസ്റ്റ് രവി മുരുകേശൻ പിടിയിൽ

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് ഒരു മാവോയിസ്റ്റ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയായ രവി മുരുകേശനാണ് കേരള പോലീസിന്റെ പിടിയിലായത്. നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റ് ദിനം ആചരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്ത കേസിലാണ് ഇയാളെ പിടികൂടിയത്. 2017-ല്‍ മലപ്പുറം എടക്കര പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തണ്ടര്‍ബോള്‍ട്ടും ആയുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, വേല്‍മുരുഗന്‍, അജിത എന്നിവര്‍ ഉള്‍പ്പെടെ 19 പേരാണ് കേസിലെ പ്രതികള്‍. കേരള പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ എന്‍ഐഎയ്ക്ക് കൈമാറി. എന്‍ഐഎ സംഘം ഇയാളുമായി കൊച്ചിയിലേക്ക് പോയെന്നാണ് വിവരം.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വളപട്ടണത്ത് വച്ചാണ് രവി മുരുകേശ് പിടിയിലായതെന്ന് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. പിടിയിലാകുമ്പോള്‍ ഇയാള്‍ മാവോയിസ്റ്റ് മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നും പൊലീസ് പറയുന്നു. മാവോയിസ്റ്റുകള്‍ക്കിടയില്‍ രവിമുരുകേശ്, ഗൗതം എന്നീ പേരുകളിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. തന്റെ യഥാര്‍ത്ഥ പേര് രാഘവേന്ദ്രയെന്നാണെന്നാണ് ഇയാള്‍ പറഞ്ഞത്. ഒരു വിശദാംശങ്ങളും പങ്ക് വയ്ക്കാന്‍ ഇയാള്‍ തയ്യാറായില്ലെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: