കൊല്ലം: ഭര്‍തൃമാതാവിനെ ഉലക്കകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ മരുമകള്‍ അറസ്റ്റില്‍. കുലശേഖരപുരം കോട്ടയ്ക്കുപുറം ചാപ്രായില്‍ വീട്ടില്‍ രാധാമണിയാണ് (60) അറസ്റ്റിലായത്. രാധാമണിയുടെ ഭര്‍ത്താവിന്റെ അമ്മ നളിനാക്ഷി (86) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ 29നു രാത്രി ഒരു മണിയോടെയാണ് ദാരുണസംഭവം. നളിനാക്ഷിയെ കിടപ്പുമുറിയില്‍വച്ച് ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച ശേഷം ഉലക്ക കൊണ്ട് തലയ്ക്കടിച്ച് ബോധരഹിതയാക്കി തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 29നു പുലര്‍ച്ചെ 2നു നളിനാക്ഷി പൊള്ളലേറ്റ് വീട്ടില്‍ കിടക്കുന്നതായി അറിഞ്ഞു പൊലീസാണ് ഇവരെ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. നളിനാക്ഷി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന മൊഴിയാണു ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയത്.
ഈ മൊഴിയില്‍ കേസെടുത്ത കരുനാഗപ്പള്ളി പൊലീസ്, രഹസ്യമായും ശാസ്ത്രീയമായും നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. ഇന്‍ക്വസ്റ്റ് നടത്തിയ സമയത്ത് നളിനാക്ഷിയുടെ തലയിലെ മുറിവില്‍ സംശയം തോന്നിയ പൊലീസ് അതിനെക്കുറിച്ചു രഹസ്യമായി അന്വേഷണം നടത്തി. കൊല്ലപ്പെട്ട നളിനാക്ഷിയും മരുമകള്‍ രാധാമണിയും തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്നും പലപ്പോഴും ദേഹോപദ്രവം എല്‍പ്പിക്കാറുണ്ടെന്നും നാട്ടുകാരില്‍നിന്നു രഹസ്യവിവരവും പൊലീസിനു ലഭിച്ചു. നളിനാക്ഷിയുടെ തലയ്‌ക്കേറ്റ മുറിവ് മണ്ണെണ്ണ ഒഴിച്ച് കത്തിയ സമയത്ത് തല ഭിത്തിയില്‍ ഇടിച്ച് ഉണ്ടായതായിരിക്കുമെന്നാണു രാധാമണി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അത് ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവാണെന്നു കൃത്യമായി മനസ്സിലാക്കിയ പൊലീസ് കഴിഞ്ഞ ഒരാഴ്ചയായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് കൊലപാതകമാണെന്നു കണ്ടെത്തിയത്.
മാനസിക വെല്ലുവിളിയുള്ള നളിനാക്ഷി തന്റെ സൈ്വര്യജീവിതത്തിനു തടസ്സം നില്‍ക്കുന്നതിനാല്‍ ഇല്ലാതാക്കുകയായിരുന്നു രാധാമണിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ചാരായം വാറ്റിയ കേസില്‍ രാധാമണി നേരത്തേ ജയിലില്‍ കിടന്നിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.