ഗഫൂർ വൈ ഇല്ല്യാസിന്റെ പുതിയ മലയാള സിനിമ ‘ചലച്ചിത്രം‘ൻ്റെ രണ്ടാമത്തെ പോസ്‌റ്റർ റിലീസ് ചെയ്‌തു. ചലച്ചിത്രം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആര്യ, മുഹമ്മദ് മുസ്തഫ, ഗഫൂർ വൈ ഇല്യാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം വ്യത്യസ്‌ത പേരുകൊണ്ടും, ഗിന്നസ് അവാർഡ് പരിഗണനകൊണ്ടും വേറിട്ട പോസ്‌റ്റർ രീതികൊണ്ടും പ്രേക്ഷകപ്രതീക്ഷ നേടിയ ചിത്രമാണ്.
നൈജീരിയക്കാർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ‘ചലച്ചിത്രം‘. നൈജീരിയക്കാരായ മോസസ് ഒയേലേരേയും, ടോസിന്‍ അന്ന ഫോലയനുമാണ് കേന്ദ്രകഥാപാത്രങ്ങൾ. സുദര്‍ശനന്‍ ആലപ്പിയും ചിത്രത്തില്‍ നായക വേഷങ്ങളിലെത്തുന്നുണ്ട്. ഉയരക്കുറവുള്ള സുദർശനൻ അൽഭുത ദ്വീപ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആലപ്പി സുദർശൻ എന്നറിയപ്പെടുന്ന ഇദ്ദേഹം നാടകങ്ങളിലൂടെയും കോമഡി ഷോകളിലൂടെയും ശ്രദ്ധനേടിയ വ്യക്‌തിയാണ്. മൂന്നടിയാണ് ഇദ്ദേഹത്തിന്റെ പൊക്കം.
ഗഫൂർ വൈ ഇല്യാസ് തന്നെയാണ് കഥയും തിരക്കഥയും ചെയ്യുന്നത്. പ്രവാസികളുടെ കഥ പറയുന്ന ‘ചലച്ചിത്രം‘ വെറും ‘മൂന്ന് സാങ്കേതിക പ്രവർത്തകർ‘ മാത്രമുള്ള സിനിമയാണ്. സംവിധായകന് പുറമെ ക്യാമറാമാനും എഡിറ്ററും മാത്രമാണ് ഈ സിനിമയിലെ സാങ്കേതിക പ്രവർത്തകർ. ലോകത്ത് ഏറ്റവുംകുറവ് സാങ്കേതിക പ്രവർത്തകരെ ഉപയോഗിച്ച സിനിമ എന്നനിലയിൽ ഗിന്നസ് ബുക്കിന്റെ ലോക റെക്കോർഡ് പരിഗണയിലുള്ള സിനിമയാണ് ‘ചലച്ചിത്രം‘.
കലാഭവൻ ഷാജോൺ നായകനായെത്തി, 2017ലിറങ്ങിയ ‘പരീത് പണ്ടാരി‘യാണ് ഗഫൂർ വൈ ഇല്ല്യാസിന്റെ ആദ്യചിത്രം. പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന സിനിമ ദുബായിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ‘ചലച്ചിത്രം’ ഉടനെ പ്രേക്ഷകരിലേക്ക് എത്തും. ‘ചലച്ചിത്രം പ്രൊഡക്ഷൻസ്‘ എന്ന കമ്പനിയാണ് നിർമാണം നിർവഹിക്കുന്നത്. സിനിമയുടെ പ്രൊജക്‌ട് ഡിസൈനറായി ബാദുഷ എൻഎം വരുമ്പോൾ ടോൺസ് അലക്‌സാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ടിനു കെ തോമസ് എഡിറ്റിങ്ങും, സംഗീതം ക്രിസ്‌റ്റി ജോബിയും, ഡിസൈൻ അനുലാലും നിർവഹിക്കുന്നു.