സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് അടക്കമുള്ള മുഖ്യപ്രതികള്‍ക്കെല്ലാം ജാമ്യം അനുവദിച്ചു. സ്വര്‍ണക്കടത്തില്‍ യു.എ.പി.എ. ചുമത്തി എന്‍.ഐ.എ. രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതി മുഖ്യപ്രതികള്‍ക്കെല്ലാം ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ സ്വപ്‌ന അടക്കമുള്ളവര്‍ ജയില്‍ മോചിതരാകും. പ്രതികള്‍ക്കെതിരെ യു.എ.പി.എ. കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എന്‍.ഐ.എ.യുടെ വാദം. എന്നാല്‍ ഈ വാദം തള്ളിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
25 ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവില്‍ കരുതല്‍ തടങ്കല്‍ പൂര്‍ത്തിയാക്കിയ സ്വപ്‌നയ്ക്കും സരിത്തിനും ഈ തുക കെട്ടിവെച്ചാല്‍ പുറത്തിറങ്ങാം. മറ്റുപ്രതികളായ കെ.ടി. റമീസ്, ജലാല്‍ തുടങ്ങിയവര്‍ കരുതല്‍ തടങ്കലിലാണ്. ഈ മാസം അവസാനത്തോടെ ഇവര്‍ക്കും ജയിലില്‍നിന്ന് പുറത്തിറങ്ങാനാകും. എന്‍.ഐ.എ. രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ സ്വര്‍ണക്കടത്ത് കേസായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ളത്. കേസിന്റെ കുറ്റപത്രവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.