NEWS

അൻസി കബീറിന്റെ മൃതദേഹം സംസ്കരിച്ചു; മകളെ അവസാനമായി കാണാനാവാതെ മാതാവ് റസിയ ആശുപത്രിയിൽ

തിരുവനന്തപുരം: കൊച്ചിയിൽ വാഹന അപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിൻ്റെ മൃതദേഹം ആറ്റിങ്ങൽ ആലംങ്കോട് ജുമാ മസ്ജിദ്ദിൽ കബറിസ്ഥാനിൽ സംസ്കരിച്ചു. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ആലംങ്കോട്ടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപ്പേർ അന്ത്യാജ്ഞലി അർപ്പിച്ചു. കൊച്ചിയിൽ നിന്നും മകളുടെ മൃതദേഹം വീട്ടിൽ എത്തിച്ച ശേഷമാണ് അച്ഛൻ കബീർ ഖത്തറിൽ നിന്നും എത്തിയത്. ഏകമകളുടെ മൃതദേഹം കണ്ട് തകർന്ന കബീറിനെ ആശ്വാസിപ്പിക്കാൻ ആർക്കും സാധിച്ചില്ല.

മകളുടെ പെട്ടെന്നുള്ള വേർപാട് താങ്ങനാകാതെ ആതമഹത്യക്ക് ശ്രമിച്ച അമ്മ റസിയക്ക് പക്ഷേ മകളെ അവസാനമായി കാണാനായില്ല. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ് റസിയ ഇപ്പോഴും. നാട്ടുകാരും സുഹൃത്തുക്കളും അൻസിയ്ക്ക് അന്ത്യാജ്ഞലി അർപ്പിച്ചു. പിന്നീട് സംസ്കാരത്തിനായി ആലങ്കോട് ജുമാമസ്ജിദ് കബറിസ്ഥാനിലേക്ക് മൃതേദഹം കൊണ്ടുപോയി.

Signature-ad

ടെക്നോപാർക്കിലെ ഇൻഫോസിസിൽ ജീവനക്കാരിയായിരുന്ന അൻസി കഴിഞ്ഞ ആഴ്ചയാണ് പാലക്കോണത്തെ വീട്ടിൽ അവസാനമായി എത്തിയത്. വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് തിരുവനന്തപുരം സ്വദേശിനിയായ അൻസിയും തൃശ്ശൂർ സ്വദേശിനിയായ അ‌ഞ്ജനയും. അൻസിക്കൊപ്പം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ആയുർവേദ ഡോക്ടർകൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തിൽ അൻസി ഒന്നാം സ്ഥാനവും അ‍ഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്താണ് അൻസിയും സുഹൃത്ത് അഞ്ജനയും സഞ്ചരിച്ചിരുന്ന കാ‍ർ അപകടത്തിൽപ്പെട്ടത്.

അപകടത്തിൽപെട്ടവർ സ‌ഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായിമറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു പോയി. അപകട സ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുൾ റഹ്മാൻ എന്നിവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിൽ ആഷിഖ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. തിരുവനന്തപുരം ആലങ്കോട് അബ്ദുൾ കബീർ – റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അൻസി. തൃശ്ശൂ‍ർ ആളൂരിലെ എ കെ ഷാജന്‍റെ മകളാണ് അഞ്ജന.

Back to top button
error: