പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ഇനി 4 പേര്‍ക്ക് കാഴ്ചയേകും
അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ഇനി 4 പേര്‍ക്ക് കാഴ്ചയേകും. നാരായണ നേത്രാലയ ആശുപത്രിയില്‍ കോര്‍ണിയ ആന്‍ഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ പുനീതിന്റെ 2 കോര്‍ണിയയിലെയും വിവിധ പാളികള്‍ കാഴ്ചതകരാര്‍ സംഭവിച്ച 4 രോഗികളില്‍ വച്ചുപിടിപ്പിച്ചു.
2 കോര്‍ണിയയിലെയും പാളികള്‍ 2 ആയി വേര്‍തിരിച്ചെടുക്കുകയായിരുന്നു. നാരായണ നേത്രാലയയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ.രാജ്കുമാര്‍ നേത്രബാങ്കുകള്‍ മുഖേനയാണ് കണ്ണുകള്‍ ദാനം ചെയ്തത്. 1994ല്‍ നേത്രബാങ്കിന്റെ ഉദ്ഘാടന ചടങ്ങില്‍ കന്നഡ ഇതിഹാസ താരം ഡോ.രാജ്കുമാര്‍, കുടുംബാംഗങ്ങളുടെ എല്ലാവരുടെയും കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം നല്‍കിയിരുന്നു.
സിനിമാ നടന്‍ എന്നതില്‍ ഉപരി പുനീത് നടത്തിയിരുന്ന ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയാണ് മരണത്തോടെ നാഥനില്ലാതെ ആയത്. എന്നാല്‍ ആ സഹായങ്ങള്‍ നിലയ്ക്കില്ല എന്ന് ഉറപ്പിച്ച് 1800 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്തിയിരിക്കുകയാണ് തമിഴ്‌നടന്‍ വിശാല്‍. വിശാലും പുനീതും തമ്മിലുള്ള ,സൗഹൃദത്തിന്റെ അടയാളം കൂടിയാണ് ഈ തീരുമാനം.