മലപ്പുറത്തെ ആമസോണ്‍ വ്യൂപോയന്റ് കാണാന്‍ പോയ യുവാവ് കൊക്കയില്‍ വീണ് മരിച്ചു
മലപ്പുറം: എടവണ്ണ പഞ്ചായത്തിലെ കിഴക്കേ ചാത്തല്ലൂരിലെ ആമസോണ്‍ വ്യൂപോയന്റ് കാണാന്‍ പോയ സംഘത്തിലെ യുവാവ് കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു. ചട്ടിപ്പറമ്പ് ചെറുകുളമ്പ് സ്വദേശി തോട്ടോളി ലത്തീഫിന്റെ മകന്‍ റഹ്മാനാണ് (19) മരിച്ചത്. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ നിലമ്പൂര്‍ രാമംകുത്ത് സ്വദേശി അക്ഷയ്‌യെ (18) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കും കൈകാലുകള്‍ക്കുമാണ് പരിക്ക്.
ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ചട്ടിപ്പറമ്പില്‍ നിന്നെത്തിയ റഹ്മാനും സുഹൃത്തും മല സന്ദര്‍ശിക്കവേ, താഴേക്ക് വീഴുകയായിരുന്നു. നിലമ്പൂരില്‍നിന്ന് മറ്റൊരു സംഘത്തിലെത്തിയ അക്ഷയ് ഇതുകണ്ടയുടന്‍ ഓടിയെത്തി യുവാക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂവരും 60 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണത്. എന്നാല്‍, റഹ്മാന്റെ സുഹൃത്തിന് രക്ഷപ്പെടാന്‍ സാധിച്ചു.
വിവരമറിഞ്ഞ് എടവണ്ണ, വണ്ടൂര്‍ പൊലീസും നിലമ്പൂര്‍ ഫയര്‍ഫോഴ്‌സും സന്നദ്ധസംഘടന പ്രവര്‍ത്തകരും നാട്ടുകാരും ഉടന്‍ സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. രാത്രി എട്ടോടെ രണ്ടുപേരെയും രക്ഷപ്പെടുത്തി എടവണ്ണയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും റഹ്മാന്റെ ജീവന്‍ രക്ഷിക്കാനായില്ല. റഹ്മാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.
അതേസമയം, സംഘം മല കയറാന്‍ പോകുമ്പോള്‍ തന്നെ അങ്ങോട്ടുപോകേണ്ടെന്നും ശക്തമായ മഴയുള്ളതിനാല്‍ വഴുക്കിവീഴാന്‍ സാധ്യതയുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നതായാണ് വിവരം.