NEWS

വരവേൽക്കാം കുരുന്നുകളെ , തിരികെ സ്‌കൂളിലേക്ക്!

ഒന്നര വർഷത്തിനുശേഷം എല്ലാ തയാറെടുപ്പുകളുമായി സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുകയാണ്. ഓൺലൈൻ ക്ലാസിലും വീടിന്റെ നാലു ചുമരുകൾക്കുളളിലും നിന്ന് അധ്യാപകരെയും കൂട്ടുകാരെയും നേരിട്ട് കണ്ട് വിദ്യാലയ അന്തരീക്ഷത്തിലേക്ക് കുരുന്നുകളെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നമുക്ക് ആനയിക്കാം.

ഒന്നു മുതൽ ഏഴു വരെയും, 10, 12 ക്ലാസുകളുമാണ് നവംബർ ഒന്നിനു ആരംഭിക്കുന്നത്. എല്ലാ ക്ലാസുകളും നവംബർ 15ന് ആരംഭിക്കും. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ട. ആദ്യ രണ്ടാഴ്ച ഹാജർ ഉണ്ടാകില്ല. ആദ്യ ആഴ്ചകളിൽ കുട്ടികളുടെ ആത്മ വിശ്വാസം കൂട്ടുന്ന പഠനം മാത്രമായിരിക്കും ഉണ്ടാകുക.

സർക്കാരിന്റെ നേതൃത്വത്തിൽ വലിയ മുന്നൊരുക്കങ്ങളാണ് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പൊതുസമൂഹവുമായും മറ്റു വകുപ്പുകളുമായും ചേർന്ന് നടത്തിയിട്ടുള്ളത്.

സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനും അണുനശീകരണം നടത്തുന്നതിനും വിവിധ തലങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകൾ, പി.ടി.എ /എസ്.എം.സി, തദ്ദേശഭരണസ്ഥാപനങ്ങൾ, യുവജന സംഘടനകൾ, അധ്യാപക സംഘടനകൾ തുടങ്ങിയവയരുടെയെല്ലാം സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നുള്ള മാർഗ്ഗരേഖയും മോട്ടോർവാഹന വകുപ്പ് മാർഗരേഖയും പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകി.

സ്‌കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ, സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിനുള്ള ശുചീകരണ പ്രക്രിയ, സ്‌കൂളിൽ എത്തിച്ചേരുന്ന കുട്ടികളും അധ്യാപകരും സ്വീകരിക്കേണ്ട കോവിഡ് പെരുമാറ്റരീതികൾ, വിദ്യാലയങ്ങളിലേക്ക് തിരികെ എത്തുന്ന കുട്ടികൾക്ക് വരാനിടയുള്ള മാനസിക പ്രശ്നങ്ങളും അവയുടെ പരിഹാര മാർഗങ്ങളും, കുട്ടികളിലെ പഠന പിന്നാക്കാവസ്ഥ, പഠനവൈകല്യങ്ങൾ മുതലായവ കണ്ടെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങി ആരോഗ്യവകുപ്പ് വിഭാവനം ചെയ്ത പരിശീലന പരിപാടിയും രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ തുടങ്ങിയവരിലേക്ക് എത്തിച്ചിട്ടുണ്ട്. സ്‌കൂൾ തുറക്കലിന്റെ ഭാഗമായി എല്ലാ അധ്യാപകരും നിർബന്ധമായും കോവിഡ് വാക്സിൻ എടുക്കണം.

24,300 തെർമൽ സ്‌കാനറുകൾ സ്‌കൂളുകളിൽ വിതരണം ചെയ്തിട്ടുണ്ട്. 2021 – 22 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സുഗമമാക്കാൻ ഫണ്ട് എത്തിക്കാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സോപ്പ്, ഹാൻഡ് വാഷ്, ബക്കറ്റ് എന്നിവ വാങ്ങുന്നതിന് 2.85 കോടി രൂപയാണ് സ്‌കൂളുകൾക്ക് നൽകിയത്. നവംബർ, ഡിസംബർ മാസങ്ങളിലെ 49 പ്രവൃത്തി ദിവസങ്ങളിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് ചെലവുകൾക്കായി 105.5 കോടി രൂപ സ്‌കൂളുകൾക്ക് മുൻകൂറായി നൽകിയിട്ടുണ്ട്.

ഇനി കുഞ്ഞുങ്ങൾ വിദ്യാലയങ്ങളിലെത്തട്ടെ, അധ്യാപകരിൽനിന്ന് കൂട്ടുകാർക്കൊപ്പമിരുന്ന് അവർ അറിവിന്റെ പുതിയ ലോകത്തിലേക്ക് നടന്നുകയറട്ടെ. അവർക്ക് ആത്മവിശ്വാസവും പിന്തുണയുമായി സർക്കാരും നാടും ഒപ്പമുണ്ടാകും.

Back to top button
error: