കാറും കള്ളനും അരമണിക്കൂറിനുള്ളിൽ കുടുങ്ങി, ചെങ്ങന്നൂർ പൊലീസിന് അഭിമാന നേട്ടം
ബേക്കറിയിൽ സാധനം കൊടുക്കാൻ വേണ്ടി ഉടമ കാറിൽ നിന്നിറങ്ങിയ തക്കംനോക്കിയാണ് മോഷ്ടാവ് കാറുമായി കടന്നുകളഞ്ഞത്. കീ കാറിൽ തന്നെ സൂക്ഷിച്ചിരുന്നത് മോഷ്ടാവിന് കൂടുതൽ സൗകര്യപ്രദമായി. വിവരമറിഞ്ഞെത്തിയ ചെങ്ങന്നൂർ പോലീസ് അര മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തു
ആലപ്പുഴ: പട്ടാപ്പകൽ ചെങ്ങന്നൂർ നഗരത്തിൽ നിന്നും കാർ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ വെറും 30 മിനിറ്റ് കൊണ്ട് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുന്നത്തുനാട് മുടിക്കൽ ചെറുവേലിക്കുന്ന് കല്ലെത്തു പറമ്പിൽ ജെ. സി എന്ന് വിളിക്കുന്ന ശ്രീക്കുട്ടൻ( 24) ആണ് പിടിയിലായത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടു കൂടിയാണ് സംഭവം.
ചെങ്ങന്നൂർ, എം സി റോഡിൽ ഐടിഐ ജംഗ്ഷൻ, റോയൽ ബേക്കറിയുടെ മുമ്പിൽ വച്ചാണ് സംഭവം നടന്നത്. ബേക്കറിയുടെ മുമ്പിൽ കിടന്ന, ഒറ്റപ്പാലം പത്താംകുളം കാരുകുളം വീട്ടിൽ അൻഷാബിന്റെ ഉടമസ്ഥതയിലുള്ള KL 51 B 9308 മാരുതി ആൾട്ടോ കാറാണ് മോഷണം പോയത്.
ബേക്കറിയിൽ സാധനം കൊടുക്കാൻ വേണ്ടി അൻഷാബ കാറിൽ നിന്നിറങ്ങിയ തക്കംനോക്കിയാണ് മോഷ്ടാവ് കാറുമായി കടന്നുകളഞ്ഞത്. കാറിൽ തന്നെ കീ സൂക്ഷിച്ചിരുന്നത് മോഷ്ടാവിന് കൂടുതൽ സൗകര്യമായി. വിവരമറിഞ്ഞെത്തിയ ചെങ്ങന്നൂർ പോലീസ് സംഘം അര മണിക്കൂറിനുള്ളിൽ തന്നെ തിരുവല്ല, തിരുമൂലപുരത്ത് വച്ച് കാറിൽ സഞ്ചരിച്ചുകൊണ്ടിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു.
ചെങ്ങന്നൂർ സിഐ ജോസ് മാത്യു, എസ്ഐ നിധീഷ് സിപിഒ.മാരായ ജയേഷ്, വിമൽ, അനീസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാളെ കഴിഞ്ഞ ജൂണിൽ ആലുവ കാസിനോ തിയേറ്റർ സമീപത്തുവച്ച് അതിഥി തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച് പണവും, തിരിച്ചറിയൽ രേഖയും കവർന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.