മുല്ലപ്പെരിയാർ ഡാം പൊളിക്കണം എന്ന കേരളജനതയുടെ അഭിലാഷം നടപ്പാകുമോ…?
ശിരസ്സിനു മേൽ ഭീതി പടർത്തി തൂങ്ങി നിൽക്കുന്ന ഡമോക്ലീസ് വാളിൽ നിന്നും ജീവൻ രക്ഷിക്കാൻ എന്താണ് കേരളീയർക്കൊരു വഴി…?
മുല്ലപ്പെരിയാറിലെ വെള്ളം തടഞ്ഞുനിർത്താൻ കെൽപ്പുള്ള, വെള്ളത്തെ നിയന്ത്രിതമായി പുറത്തേക്കും ഇടുക്കി ഡാമിലേക്കും ഒഴുക്കിവിടാൻ പറ്റുന്ന വിധത്തിലുള്ള ഡൗൺ സ്ട്രീം ഡാമുകൾ ഏറ്റവും അനുയോജ്യമായ സ്ഥലത്ത് നിർമിക്കുക മാത്രമാണ് ഏക രക്ഷാവഴിയെന്ന് ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര*
മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണമെന്ന ആവശ്യത്തിനു പിന്നാലെയാണ് ഇപ്പോൾ നമ്മുടെ സമൂഹ്യമാധ്യമങ്ങളെല്ലാം.
കൃഷിയോഗ്യമായ നല്ല ഒന്നാംതരം മണ്ണും മഴയുമാണ് കേരളത്തിൻ്റെ സവിശേഷത. നമ്മുടെ നിലങ്ങളും പുരയിടങ്ങളും കൃഷി ചെയ്യാനോ മറ്റെന്തെങ്കിലും പ്രയോജപ്രദമായ കാര്യങ്ങൾക്ക് ഉപയോഗിക്കാനോ ശ്രമിക്കാതെ തരിശുനിലമായി വെറുതെ കിടക്കുന്നു.
അതേ സമയം അന്യസംസ്ഥാനങ്ങളിലെ കൃഷിയിൽമാത്രം ആശ്രയിക്കുന്ന നാം നോക്കുകൂലിയിലും കൊടികുത്തിലും ജീവിതമാർഗ്ഗം തേടി അലസരായി മാറി. കേരളത്തിന്റെ അന്നദാതാക്കളിൽ മുമ്പിൽ നിൽക്കുന്ന അയൽസംസ്ഥാനമായ തമിഴ്നാട് കൃഷിക്കും വൈദ്യുതിക്കുമൊക്കെ ഉപയോഗിക്കുന്നതോ
മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളവും. ഈ യാഥാർത്ഥ്യങ്ങളെ അവഗണിച്ച് ആ ഡാം ഡികമ്മീഷൻ ചെയ്യിക്കാൻ നമുക്ക് സാധിക്കുമോ…?
ഇല്ലെങ്കിൽ പിന്നെന്തിനാണ് ഈ കോലാഹലങ്ങൾ…?
തമിഴ്നാട് മുല്ലപ്പെരിയാറിലെ വെള്ളത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് തങ്ങളുടെ കാർഷിക മേഖലയിൽ വൈദ്യുതി എത്തിക്കുകയും അവിടുത്തെ പല ജില്ലകളിലും ആ വെള്ളം ഉപയോഗിച്ച് കൃഷി നടത്തുകയും ചെയ്യുമ്പോൾ അവയ്ക്ക് പകരമായി കൊടുക്കാൻ നമ്മുടെ കയ്യിൽ ഒന്നുമില്ലാതിരിക്കേ മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യിക്കാൻ ഇപ്പോൾ പറ്റുമെന്ന് തോന്നുന്നില്ല.
1886 ഒക്ടോബർ 29നാണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ച് പെരിയാർ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി കൃഷിനടത്താൻ തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാളും ബ്രിട്ടീഷ് ഭരണകൂടവും തമ്മിൽ
പെരിയാർ പാട്ടക്കരാറിൽ (Periyar lease deed) ഏർപ്പെടുന്നത്.
തിരുവിതാംകൂറിനു വേണ്ടി ദിവാൻ വി. രാമഅയ്യങ്കാരും മദിരാശി സംസ്ഥാനത്തിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണ് കരാർ ഒപ്പിട്ടത്.
999 വർഷത്തേക്ക് ഒപ്പിട്ട കരാറനുസരിച്ച് തിരുവിതാംകൂർ അധീനതയിലുള്ള 8000 ഏക്കർ സ്ഥലത്ത് പെരിയാറിനെ അണകെട്ടി നിർത്താനും അണയ്ക്കു 100 ഏക്കർ സ്ഥലം കൂടി നൽകാനുമായിരുന്നു വ്യവസ്ഥ.
ബ്രിട്ടീഷുകാർ പോയതോടെ സാധുത നഷ്ടപെട്ട കരാർ പുതുക്കാൻ 1958 നവംബറിൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്സുമായും 1960 ജൂലൈയിൽ മുഖ്യമന്ത്രി പട്ടം താണുപിള്ളയുമായും 1969ൽ വീണ്ടും മുഖ്യമന്ത്രി ഇ.എം.എസ്സുമായും നടത്തിയ ചർച്ചകൾക്കൊന്നും ഫലം കണ്ടില്ല. എന്നാൽ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ കാലത്ത് 1970 മേയ് 29ന് കരാർ പുതുക്കി.
1954 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയ ആ കരാറനുസരിച്ച് പാട്ടത്തുക ഏക്കറിനു മുപ്പതു രൂപയായും ലോവർ ക്യാമ്പിൽ മുല്ലപ്പെരിയാർ ജലമുപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിക്ക് കിലോവാട്ട് വർഷത്തിൽ 12 രൂപയായും നിശ്ചയിച്ചു.
(1970ൽ പുതുക്കിയ കരാർ അനുസരിച്ച് ഓരോ 30 വർഷത്തിലും കരാർ പുതുക്കിക്കൊണ്ടിരിക്കണമെന്ന് വ്യവസ്ഥയുള്ളതായി പറയപ്പെടുന്നു. എന്നാൽ അത് ഒരിക്കലും സംഭവിച്ചിട്ടില്ല)
തുടർന്ന് സുപ്രീം കോടതിയിൽ കേരളവും തമിഴ് നാടും കേസു നടത്തുകയും മുല്ലപ്പെരിയാർ ഡാം 142 അടി വരെ ജലം തടഞ്ഞു നിർത്തി തമിഴ് നാടിന് ഉപയോഗിക്കാമെന്നുമുള്ള വിധി ഉണ്ടാകുകയും ചെയ്തു. തങ്ങൾക്കനുകൂലമായ ആ കോടതി വിധിയും സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ അനുകൂല റിപ്പോർട്ടും തമിഴ് നാടിന്റെ പക്കൽ ഉണ്ട്.
അതുകൊണ്ടു ചോദിക്കട്ടെ, മുല്ലപ്പെരിയാർ എന്ന ഡമോക്ലീസ് വാൾ കേരളത്തിന്റെ ശിരസ്സിനു മേൽ കെട്ടിയിട്ടത് സത്യത്തിൽ ആരാണ്…?
അതിന്റെ ഉത്തരവാദിത്വം ഡാം നിർമ്മിച്ച സായിപ്പന്മാരുടെ തലയിൽ കെട്ടി വയ്ക്കുന്നത് നിരർത്ഥകമാണ്. കേരളം ഭരിച്ച ഒരു സർക്കാർതന്നെയാണ് യഥാർത്ഥത്തിൽ അതിന്റെ ഉത്തരവാദി എന്നാണ് മേൽപ്പറയുന്ന രേഖകൾ വ്യക്തമാക്കുന്നത്. അപ്പോൾ നാംതന്നെയാണ് ആ വാൾ നമ്മുടെ തലയ്ക്കു മീതെ കെട്ടിയിട്ടത്.
ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല.
മുല്ലപ്പെരിയാർ ഡാം പൊളിക്കാൻ ഈ സാഹചര്യത്തിൽ തമിഴ്നാട് അനുവദിക്കും എന്നു കരുതുന്നത് മൗഢ്യമാണ്.
അതുകൊണ്ട് ഇനിയും ചിന്തിക്കേണ്ടത്, മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ കേരളജനതയെ രക്ഷിക്കാൻ എന്തു ചെയ്യാം എന്നതിനെക്കുറിച്ചാണ്.
ഇടുക്കി, എറണാകുളം, കോട്ടയം , ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകുക എന്നതാണ് പ്രധാന പ്രശ്നമെങ്കിൽ ചെയ്യാവുന്ന ഏറ്റവും എളുപ്പമുള്ള പോംവഴി മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ അതിൽ നിന്നുള്ള ആഘാതം എത്രയും കുറയ്ക്കുക എന്നതു മാത്രമാണ്.
ഇവിടെ ഉദ്ദേശിച്ചത്, മുല്ലപ്പെരിയാറിലെ വെള്ളം തടഞ്ഞുനിർത്താൻ കെൽപ്പുള്ള, തടഞ്ഞുനിർത്തുന്ന വെള്ളത്തെ നിയന്ത്രിതമായി പുറത്തേക്കും ഇടുക്കി ഡാമിലേക്കും ഒഴുക്കിവിടാൻ പറ്റുന്ന വിധത്തിൽ ഉള്ള ഡൗണ് സ്ട്രീം ഡാമുകൾ ഏറ്റവും അനുയോജ്യമായ ഇടങ്ങളിൽ പണിയുക എന്നതാണ്.
മുല്ലപ്പെരിയാർ ഡാമിനും ഇടുക്കി ഡാമിനും ഇടയിൽ മുല്ലപ്പെരിയാറിന്റെ വെള്ളം ഒഴുകുന്ന പാതയിൽ അനുയോജ്യമായ ഇടത്തിൽ ആയിരിക്കണം അതെന്നുമാത്രം.
തമിഴ്നാടിനെ ആ നിർമ്മാണം യാതൊരു വിധത്തിലും ബാധിക്കാത്തതിനാൽ അവരുടെ അനുവാദം ആവശ്യമുണ്ടാകില്ല.
അപ്പോൾ ഒരു ചോദ്യം ഉയരാം. അതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്ന്…?
തമിഴ് നാട്, കേരള, കേന്ദ്രസർക്കാരുകൾ ഒന്നായി ചേർന്ന് ആവശ്യമുള്ള പണം വക കൊള്ളിച്ച് ഡാം നിർമ്മിക്കട്ടെ.
അതല്ലേ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങളേക്കാൾ കൂടുതൽ അഭികാമ്യവും കരണീയവുമായ കാര്യം.
അങ്ങനെ ചെയ്താൽ മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യിക്കാൻ നടത്തുന്ന സമരച്ചൂടിൽ രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ
ഉണ്ടാകാനിടയുള്ള അസ്വാരസ്യങ്ങളും കലഹങ്ങളും കലാപവും ഒഴിവാകുകയും ചെയ്യും.
അതിനാൽ അതേപ്പറ്റി ചിന്തിക്കുകയും ഉചിതമായ സമയവും ഇടവും എത്രയും വേഗം നാം കണ്ടെത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.
*എഴുത്തുകാരനും ബ്ലോഗറും
സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യവും സീനിയർ മാനേജ്മെൻ്റ് തലത്തിൽ മുപ്പത്തിമൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള വ്യക്തിയാണ് ലേഖകൻ.