‘മുല്ലപ്പെരിയാർ അണക്കെട്ട് പൊളിക്കണ’മെന്ന് നടൻ പൃഥ്വിരാജ്, ‘ജലനിരപ്പ് കുറയ്ക്ക’മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി നടൻ പൃഥ്വിരാജ് രംഗത്ത്. DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു പൃഥ്വിയുടെ അഭിപ്രായപ്രകടനം.
“വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, പ്രാർഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി…”
പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു.
നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ആശങ്ക അറിയിച്ചിരുന്നു. നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്താല്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്നാട്ടിലെ വൈഗാ അണക്കെട്ടിലേക്ക് കൊണ്ടുപോകണം എന്നും അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ കേരളം ആവശ്യപ്പെട്ടു.
142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം നേരത്തെ തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാണിച്ച് കേന്ദ്രസർക്കാരിനും കത്തയച്ചിട്ടുണ്ട്.
കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ഉയർന്നു. ഈ സാഹചര്യത്തിൽ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. 138 അടിയിലെത്തുമ്പോൾ രണ്ടാം മുന്നറിയിപ്പ് നൽകും. 140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുക. പക്ഷേ മഴ സാധ്യത കണക്കിലെടുക്കുമ്പോള്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്താല്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധ നിഗമനം.
പക്ഷേ മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറയുന്നത്.