അഞ്ചുവർഷമായി സൗദി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിന് മോചനം
സൗദി അറേബ്യ: വാഹനാപകടക്കേസിൽ അഞ്ചുവർഷമായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിന് മോചനം. കോഴിക്കോട് ഈങ്ങാപ്പുഴ എലോക്കര സ്വദേശി സിറാജാണ് അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നാടണയുന്നത്. സൗദിയിലെ ത്വാഇഫില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സിറാജിൻ്റെ ജീവിതം മാറ്റി മറിച്ചത് അഞ്ചു വർഷം മുമ്പ് നടന്ന വാഹനാപകടമാണ്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട് രണ്ട് അറബ് വംശജർ മരണപ്പെട്ടതിനെ തുടര്‍ന്നാണ് സിറാജ് ജയിലിലായത്.
ഇൻഷുറൻസ് പരിരക്ഷയുണ്ടായിരുന്നില്ല. അപകടകാരണം ഡ്രൈവറുടെ മേൽ ചാർത്തപ്പെട്ടതോടെ കോടതി, അപകടത്തിൽ മരിച്ചവർക്ക് ദയാധനം നൽകാൻ വിധിക്കുകയായിരുന്നു. ഏകദേശം 75 ലക്ഷം രൂപക്ക് തുല്യമായ റിയാൽ നൽകിയാൽ മാത്രമേ സിറാജിനു മോചനം സാധ്യമാകൂ. കാന്‍സര്‍ രോഗിയായ പിതാവും മാതാവും ഭാര്യയും ചെറിയ മകളും ഉള്‍ക്കൊള്ളുന്ന കുടുംബത്തിന് ആകെയുള്ള കിടപ്പാടം വിറ്റാല്‍ പോലും ഈ ഭീമമായ തുക കണ്ടെത്തുക അസാധ്യമായിരുന്നു.
തുടർന്ന് കുടുംബം കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരോട് സഹായമഭ്യർത്ഥിച്ചു.. അദ്ദേഹം നിർദ്ദേശിച്ചതിനെ തുടർന്ന് ഐ.സി.എഫ് സൗദി നാഷണൽ കമ്മറ്റി വിഷയത്തില്‍ ഇടപെടുകയായിരുന്നു. സിറാജിൻ്റെ കുടുബം നേരിടുന്ന ദുരവസ്ഥ വിവരിച്ചുകൊണ്ട് ദയാധനത്തിൽ കുറവുവരുത്തണമെന്ന അപേക്ഷയുമായി കോടതിയെ സമീപിക്കുകയും ബന്ധുക്കളോട് അഭ്യർത്ഥന നടത്തുകയും ചെയ്തു. തുടർന്ന് മരിച്ചവരുടെ കുടുംബം 33 ലക്ഷം രൂപയായി ദയാധനത്തിൽ ഇളവ് വരുത്തി.
എന്നാല്‍ ഈ തുകയും നല്‍കാന്‍ ബന്ധുക്കള്‍ക്ക് കഴിയാത്തതിനെ തുടര്‍ന്ന് ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റി സിറാജിനെ മോചിപ്പിക്കാനായി വേണ്ടി പണം സ്വരൂപിക്കാൻ രംഗത്ത് ഇറങ്ങുകയായിരുന്നു. പണം നല്‍കിയതോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം സിറാജിനെ മോചിപ്പിച്ചു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് നാട്ടിലെത്താനുള്ള വഴിയൊരുങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം നാട്ടിലെത്തും.