LIFETRENDING

ഇത് നന്മയുള്ള ജാവ: വരുമാനത്തിന്റെ ഒരു വിഹിതം തീയേറ്റര്‍ ജീവനക്കാര്‍ക്ക്

കോവിഡ് പ്രതിസന്ധിയില്‍ പെട്ടുപോയ മലയാള സിനിമയെ പഴയപ്രതാപത്തിലേക്ക് എത്തിക്കുന്നതില്‍ ഇപ്പോള്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ഓപ്പറേഷന്‍ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയ കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം കൂടുതല്‍ തീയേറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. ബാലു വര്‍ഗീസ്, ലുക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ്, പ്രശാന്ത് അലക്‌സാണ്ടര്‍, വിനായകന്‍, മമിത, ധന്യ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

ഇപ്പോഴിതാ ചിത്രത്തിന് ലഭിക്കുന്ന കളക്ഷന്റെ ഒരു വിഹിതം കോവിഡ് പ്രതിസന്ധിയില്‍ പെട്ടുപോയ തീയേറ്റര്‍ ജീവനക്കാര്‍ക്ക് നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഓപ്പറേഷന്‍ ജാവയുടെ അണിയറ പ്രവര്‍ത്തകര്‍. ‘ഫെബ്രുവരി 22, 23, 24 ദിവസങ്ങളില്‍ ഓപ്പറേഷന്‍ ജാവ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളിലെ മോണിങ് ഷോയില്‍ നിന്നും വി സിനിമാസിനു ലഭിക്കുന്ന തിയേറ്റര്‍ ഷെയറിന്റെ പത്ത് ശതമാനം കോവിഡ് പ്രതിസന്ധി തരണം ചെയ്ത് സിനിമയ്‌ക്കൊപ്പം നിന്ന തിയേറ്റര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നു’ നിര്‍മ്മാതാക്കള്‍ പറയുന്നു

പ്രഖ്യാപനം കേട്ട പ്രേക്ഷകര്‍ നിര്‍മ്മാതാക്കളുടെ നല്ല മനസിന് കയ്യടി നല്‍കിയിരിക്കുകയാണ്. ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന് പ്രദര്‍ശന ശാലകളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രദര്‍ശനം നടക്കുന്ന മിക്ക തിയേറ്ററുകളിലും ഫൗസ്ഫുള്‍ ഷോകളും എക്‌സ്ട്രാ പ്രദര്‍ശനങ്ങളും നടക്കുന്നുണ്ട്.

Back to top button
error: