LIFETRENDING

ദൃശ്യം 2 ലക്ഷണമൊത്ത ഒരു ക്രൈം ത്രില്ലർ: സനൂജ് സുശീലൻ

ണ്ട് റാംജിറാവു സ്പീക്കിങ് എന്ന സിനിമയുടെ രണ്ടാം ഭാഗം എഴുതാൻ തുനിഞ്ഞപ്പോൾ ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയെ പറ്റി സിദ്ദിഖ് ലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കുന്നിടത്തായിരുന്നു ആ വെല്ലുവിളി. കാരണം , ആ കഥാപാത്രങ്ങളെ പ്രേക്ഷകർ മുമ്പേ തന്നെ കണ്ടു കഴിഞ്ഞിരിക്കുന്നു. അവരുടെ സ്വഭാവം, പെരുമാറ്റം , കഥയിൽ അവരുടെ സ്ഥാനം ഇതൊക്കെ എല്ലാവർക്കും അറിയാം.

ആ കൗതുകമൊക്കെ നഷ്ടപ്പെട്ട അവസ്ഥയിൽ വിരസത സൃഷ്ടിക്കാതെ എങ്ങനെ കഥ പറയാം എന്നത് ശരിക്കും അവർക്കൊരു തലവേദനയായിരുന്നു. ദൃശ്യം മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ഹിറ്റാണ്. മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്ന്. സ്വാഭാവികമായും അത്തരമൊരു ചിത്രത്തിന് രണ്ടാംഭാഗം വരുന്നു എന്ന വാർത്ത പ്രേക്ഷകരിൽ പോലും സമ്മർദ്ദമുണ്ടാക്കും. അപ്പോൾ അണിയറക്കാരുടെ കാര്യം പറയേണ്ടതുണ്ടോ. എന്നാൽ ഇന്ന് ഈ സിനിമ കണ്ടു തീർത്തപ്പോൾ ആ കടമ്പ ജീത്തു ജോസഫ് വിജയകരമായി ചാടിക്കടന്നു എന്നുറപ്പിച്ചു പറയാൻ കഴിയും.

Signature-ad

ഒന്നാം ഭാഗത്തിലേതു പോലെ തന്നെ ഉറക്കം തൂങ്ങി വലിഞ്ഞിഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിയിൽ നിന്നും പെട്ടെന്നാണ് വേഗം വച്ച് സിനിമ ഒറ്റപ്പോക്ക് പോകുന്നത്. ഒരു കൊലപാതകത്തിൽ അറിഞ്ഞോ അറിയാതെയോ പെട്ടുപോയ ഒരു കുടുംബം.ആറു വർഷങ്ങൾക്കു ശേഷം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അവർ കടന്നുപോയ സംഘർഷങ്ങളുടെ ട്രോമ സൃഷ്ടിക്കുന്ന പാനിക് അറ്റാക്കുകൾ വിടാതെ പിന്തുടരുന്ന കുടുംബത്തിനെ അടിയുലച്ചുകൊണ്ട് കേസ് വീണ്ടും പൊങ്ങിവരുന്നിടത്തു നിന്ന് തുടങ്ങുന്ന കഥ നാടകീയമായ വഴിത്തിരിവുകളിലൂടെ സഞ്ചരിച്ച് മനോഹരമായ ക്ലൈമാക്സിൽ അവസാനിക്കുന്നു. കഥയെപ്പറ്റി ഒരു സൂചനയും ഇവിടെ എഴുതുന്നില്ല. കണ്ടു തന്നെ ആസ്വദിക്കേണ്ട ചിത്രമാണ്.

ചിലരൊക്കെ വളരെ അമച്വറിഷ് ആയ അഭിനയം കാഴ്ചവച്ചെങ്കിലും അതൊക്കെ പരിഹരിക്കാൻ മറ്റുള്ളവർക്കായിട്ടുണ്ട്. ഒടിയനു ശേഷം മോഹൻലാലിൻറെ മുഖം സിമന്റ് പോലെയായി എന്നും അതിൽ ഇനി ഒന്നും വരില്ല എന്നുമൊക്കെയുള്ള വിമർശകരുടെ കരച്ചിൽ ഈ സിനിമ കാണുമ്പോൾ അവസാനിക്കുമായിരിക്കും. മുരളി ഗോപി ചെയ്ത പോലീസ് വേഷവും വളരെ ഇഷ്ടമായി. മറ്റൊരാൾ ചെയ്തിരുന്നുവെങ്കിൽ ക്ലിഷേ എന്ന് തോന്നിപ്പിക്കുമായിരുന്ന പല ഡയലോഗുകളും അദ്ദേഹം മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ഭാവപ്രകടനങ്ങളുടെ കാര്യത്തിൽ വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും സ്വാഭാവികമായ ഡയലോഗ് ഡെലിവറി അദ്ദേഹത്തിന്റെ അഭിനയത്തെ രക്ഷിച്ചിട്ടുണ്ട്. മീനയും സിദ്ദിഖും ആശാ ശരത്തും സായ്കുമാറുമൊക്കെ അവരവരുടെ വേഷങ്ങൾ പ്രതീക്ഷിച്ചതു പോലെ ഭംഗിയാക്കിയിട്ടുണ്ട്. കഥയിലെ നിർണായകമായ ഒരു വേഷം ചെയ്ത അജിത് കൂത്താട്ടുകുളമാണ് അഭിനന്ദനമർഹിക്കുന്ന മറ്റൊരാൾ. അജിത്തിനെ ഇനിയും ഒരുപാടു സിനിമകളിൽ കാണാനിടവരട്ടെ എന്ന് ആശംസിക്കുന്നു. ആദം അയൂബിനെ വർഷങ്ങൾക്കു ശേഷം ഒരു നടനായി കാണാൻ പറ്റി.

അമിത പ്രതീക്ഷയുടെ ഭാരം ഒഴിവാക്കാനായി ഇതൊരു ഫാമിലി ഡ്രാമയാണെന്ന മുൻ‌കൂർ ജാമ്യം ജിത്തു ജോസഫ് എടുത്തിരുന്നെങ്കിലും ഈ സിനിമ സത്യത്തിൽ ലക്ഷണമൊത്ത ഒരു ക്രൈം ത്രില്ലർ തന്നെയാണ്. വളരെ നാളത്തെ ആലോചനയും അദ്ധ്വാനവും ഈ കഥയ്ക്ക് പുറകിലുണ്ടെന്നത് തീർച്ചയാണ്. കൊറോണ കാലത്തെ പരിമിതികളുടെ ദാരിദ്ര്യമൊന്നും ചിത്രത്തിന്റെ നിർമാണ ഗുണനിലവാരത്തെ ഒട്ടും ബാധിച്ചിട്ടുമില്ല. മികച്ച പ്ലാനിങ്ങും ഈ ചിത്രത്തിന്റെ നിർമാണത്തെ സഹായിച്ചിട്ടുണ്ട്. എല്ലാ കുറവും തികഞ്ഞ, പെർഫെക്ട് ആയ ഒരു സിനിമയല്ലിത്. അല്ലറ ചില്ലറ പ്രശ്നങ്ങൾ ഈ സിനിമയ്ക്കുമുണ്ട്. എന്നിട്ടും ഈ ചിത്രത്തെ മികച്ചത് എന്ന് വിശേഷിപ്പിക്കുന്നതിന്റെ കാരണം ആദ്യ പാരഗ്രാഫിലുണ്ട്. ജിത്തു ജോസഫിന് അഭിനന്ദനങ്ങൾ.
ഗംഭീരമായ ഒരു തീയറ്റർ എക്സ്പീരിയൻസ് മിസ്സായി എന്നത് മാത്രം ഒരു നഷ്ടമായി നിലനിൽക്കും.

Back to top button
error: