ജെ എൻ യു പോരാളിയും സിപിഐ യുവനേതാവുമായ കനയ്യ കുമാർ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തൻ മന്ത്രി അശോക് ചൗധരിയുമായി ചർച്ച നടത്തി. രഹസ്യമായി നടന്ന ചർച്ച പുറത്തറിഞ്ഞതോടെ രാഷ്ട്രീയ വിവാദമായി. ഇതിന് പിന്നാലെ ജെ ഡി യു വക്താവ് അജയ് അലോക് കനയ്യ കുമാറിനെ ജെ ഡി യുവിലേയ്ക്ക് ക്ഷണിച്ചു.
കനയ്യയുമായി നിതീഷിന്റെ വിശ്വസ്തൻ കൂടിക്കാഴ്ച നടത്തിയത് ഞെട്ടിച്ചത് ബിജെപിയെയാണ്.നിതീഷിന്റെ നീക്കത്തിനെതിരെ ബിജെപി നേതാക്കൾ രംഗത്തെത്തി.
പട്നയിലെ സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസിൽ കഴിഞ്ഞ ദിവസം ഒരു കയ്യാങ്കളി നടന്നിരുന്നു. ഇതിന് പിന്നാലെ പാർട്ടിയിലെ തീപ്പൊരി നേതാവായ കനയ്യ കുമാറിനെ പാർട്ടി ദേശീയ കൗൺസിൽ ശാസിച്ചു.ഇതോടെ കനയ്യ കുമാർ പാർട്ടി നേതൃത്വവുമായി അകന്നു എന്നാണ് വിവരം.
കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഇല്ല എന്നാണ് കനയ്യ കുമാറിന്റെ പക്ഷം. എന്നാൽ ബിജെപി അത് മുഖവിലക്കെടുക്കുന്നില്ല.കനയ്യയെ ഭ്രാന്തൻ എന്നാണ് ബിജെപി മന്ത്രി സുഭാഷ് സിംഗ് വിളിച്ചത്. എതിരാളിയുമായി സഖ്യകക്ഷിയിലെ മുതിർന്ന നേതാവ് ചർച്ച നടത്തിയതിനെയും സുഭാഷ് സിംഗ് വിമർശിച്ചു.
ലോകസഭ തെരഞ്ഞെടുപ്പിൽ ബഗുസരായ് മണ്ഡലത്തിൽ കനയ്യ കുമാർ സിപിഐ ടിക്കറ്റിൽ മത്സരിച്ചിരുന്നു. ഇവിടെ ആർ ജെ ഡി സ്ഥാനാർഥിയെ നിർത്തുകയും ത്രികോണ മത്സരത്തിൽ കനയ്യ തോൽക്കുകയും ചെയ്തു. എന്നാൽ നിയമ സഭാ തെരഞ്ഞെടുപ്പിൽ ആർ ജെ ഡിയുടെ സഖ്യകക്ഷി ആയി സിപിഐ. ഇതിൽ കനയ്യ കുമാറിന് നീരസമുണ്ട്. മാത്രമല്ല ജനസമ്മിതിയിൽ തന്നെക്കാൾ പുറകിൽ ഉള്ള ആർ ജെ ഡി നേതാവ് തേജസ്വി യാദവ് തന്നെ മുന്നണിയിൽ ഒതുക്കുക ആണെന്നും കനയ്യ കരുതുന്നു.