NEWS

കെഫോൺ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിഞ്ഞോ ആവോ.. പ്രതിപക്ഷ നേതാവിന് ധനമന്ത്രിയുടെ ട്രോൾ

കെഫോൺ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിഞ്ഞോ ആവോ.. പദ്ധതി നടത്തിപ്പ് ഭെല്ലിനെ ഏൽപ്പിച്ചതിനെതിരെ വലിയ അഴിമതിയാരോപണം അദ്ദേഹം ഉന്നയിച്ചിരുന്നു. തന്റെ ആരോപണത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന ആകാംക്ഷ അദ്ദേഹത്തിന്റെ അണികളിലെങ്കിലും സ്വാഭാവികമായും ഉണ്ടാകും. ഇന്നത്തെ യാത്രയിലെങ്കിലും നിലപാടു വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കാം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രിക്കൽസ് ലിമിറ്റഡിനാണ് കരാർ. ഭെൽ ഒരു കേന്ദ്ര സർക്കാർ സ്ഥാപനമാണ് എന്നറിയാതെയാണോ അദ്ദേഹം ആരോപണം ഉന്നയിച്ചത് എന്ന സംശയവുമുണ്ട്. ടെൻഡർ വിളിച്ചത് സംസ്ഥാന സർക്കാർ, കരാർ ലഭിച്ചത് കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിന്. ഇതിൽ ആർക്ക് എവിടെയാണ് അഴിമതി നടത്താൻ പഴുത് എന്ന് പ്രതിപക്ഷ നേതാവിന് മാത്രം അറിയുന്ന രഹസ്യമാണ്. അത് അദ്ദേഹം പൊതുജനസമക്ഷം പങ്കുവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

1531 കോടി രൂപയ്ക്കാണ് കരാർ. ഒമ്പതു വർഷമാണ് സേവന കാലാവധി. ചെലവ് 1531 കോടി. 1168 കോടി രൂപ നിർമ്മാണ പ്രവർത്തനങ്ങൾക്കും 363 കോടി രൂപ മെയിന്റനൻസിനും. 1168 കോടിയുടെ 70 ശതമാനം കിഫ്ബിയാണ് നൽകുന്നത്. അങ്ങനെ കേരള വികസനത്തിന്റെ മറ്റൊരു നിർണായക വഴിത്തിരിവിനൂകൂടി കിഫ്ബി പങ്കാളിയാകുന്നു.

ഇന്റർനെറ്റ് എല്ലാവരുടെയും അവകാശമാണെന്ന പ്രഖ്യാപനത്തെ അതിവേഗ കണക്ഷൻ നൽകി യാഥാർത്ഥ്യമാക്കുമ്പോൾ കേരളം ഒരിക്കൽക്കൂടി ലോകത്തിന്റെ വിസ്മയമാവുകയാണ്. 10 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ വേഗമുള്ള നെറ്റ് കണക്ഷൻ നമ്മുടെ വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും വീടുകളിലും ഓപ്റ്റിക്കൽ ഫൈബറിലൂടെ എത്തുകയാണ്. അതോടെ ഏറ്റവും വേഗത്തിൽ ഇന്റർനെറ്റ് പ്രദാനം ചെയ്യുന്ന വികസിതരാജ്യങ്ങളുടെ നിരയിലേയ്ക്കാണ് കെ ഫോൺ കേരളത്തെ എത്തിച്ചിരിക്കുന്നത്. നഗരമേഖലയിലെ സാമ്പത്തികശേഷി കൂടിയ വിഭാഗം മാത്രം അനുഭവിച്ചിരുന്ന സൌകര്യം കേരളത്തിന്റെ മുക്കിലും മൂലയിലുമുള്ള സകലമനുഷ്യരിലേയ്ക്കും കൈമാറുകയാണ് കെ ഫോൺ.

നാടിന്റെ വികസനഭാവിയിൽ അതിവേഗക്കുതിപ്പു സൃഷ്ടിക്കുന്ന ഡാറ്റാ വിപ്ലവമാണിത്. സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന്റെയും അവ നൽകുന്ന സേവനങ്ങളുടെയും ഗുണമേന്മ വിസ്മയകരമായി മാറാൻ പോവുകയാണ്.
ഇപ്പോൾത്തന്നെ ഹൈടെക് ക്ലാസ് മുറികൾ ആയിക്കഴിഞ്ഞ പൊതുവിദ്യാലയങ്ങളിൽ ഓപ്റ്റിക്കൽ കേബിൾ വഴി അതിവേഗ ഇന്റർനെറ്റ് എത്തുന്നതോടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയരും. ഏറ്റവും പാവപ്പെട്ട കുട്ടികൾക്കും ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ നേട്ടം ലഭിക്കും. അടുത്ത ഘട്ടത്തിൽ 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൌജന്യമായി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും. പുതിയ സാങ്കേതികവ്യവസായങ്ങൾ നാട്ടിലെത്തും. തൊഴിൽത്തുറകൾക്കും വിസ്മയകരമായ വേഗത്തിൽ രൂപമാറ്റം സംഭവിക്കും. പാവപ്പെട്ടവരുടെ വീടുകളിലടക്കം അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി സാധ്യമാകുന്നതോടെ ജനങ്ങളുടെ ജീവിതഗുണനിലവാരത്തിൽ അത്ഭുതകരമായ രാസമാറ്റം സംഭവിക്കും. അത് നമ്മുടെ സമ്പദ്ഘടനയ്ക്ക് കുതിപ്പിന്റെ റോക്കറ്റ് വേഗം കൈവരും.

കെഎസ്ഇബിയുടെ വിതരണ സംവിധാനം വഴിയാണ് കെ–ഫോണിന്റെ കേബിളുകൾ ബന്ധിക്കപ്പെട്ടിരിക്കുന്നത്. ട്രാൻസ്മിഷൻ ടവറുകളിലൂടെ കോർ ലൈനുകളും ഇലക്ട്രിക് പോസ്റ്റുകളിലൂടെ ബാക്കി ലൈനുകളും കടന്നുപോകും. 14 ജില്ലകളിലും കെഎസ്ഇബിയുടെ ഒരു സബ്സ്റ്റേഷൻ പ്രധാന നെറ്റു്വർക്കുമായി ബന്ധിപ്പിച്ചിരിക്കും. സാങ്കേതികമായി ഈ സബ്സ്റ്റേഷനെ കോർ പോയിന്റ് ഓഫ് പ്രസൻസ് എന്നു വിളിക്കാം. റിംഗ് ടോപ്പോളജി (വളയ രൂപത്തിൽ) സംവിധാനത്തിലാണ് 14 ജില്ലകളെയും ഇത്തരത്തിൽ ബന്ധിപ്പിച്ചിരിക്കുന്നത്. എന്തെങ്കിലും കാരണത്താൽ ഒരു സ്ഥലത്ത് തകരാറുണ്ടായാൽ മറുവശം വഴിയുള്ള ഡാറ്റാ സഞ്ചാരത്തിനുവേണ്ടിയാണ് ഈ സംവിധാനം രൂപപ്പെടുത്തിയത്. തടസമില്ലാത്ത എല്ലായ്പോഴും ഡാറ്റ പ്രവഹിക്കുമെന്ന് ഇങ്ങനെ ഉറപ്പുവരുത്തിയിരിക്കുന്നു.

ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ, കണ്ടെന്റ് സർവീസ് പ്രൊവൈഡർ, കേബിൾ ഓപ്പറേറ്റർ, ടെലികോം ഓപ്പറേറ്റർ തുടങ്ങി എല്ലാവർക്കും തുല്യമായ അവസരം ലഭിക്കുന്ന ഓപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്കാണ് കെ ഫോൺ. അതുവഴി ഏറ്റവും ഉയർന്ന വേഗത്തിലുള്ള കണക്ഷൻ ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാകും.

ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, സ്റ്റാർട്ട് അപ്പുകൾ, സ്മാർട്ട് സിറ്റി തുടങ്ങിയ മേഖലകളിൽ കേരളം മികവിന്റെ കേന്ദ്രമാകും.

കേരള വികസനത്തിന്റെ രൂപവും ഭാവവും അടിമുടി മാറ്റി സമ്പദ്ഘടനയെ മറ്റൊരു വിതാനത്തിലെത്തിക്കുന്ന ഈ പദ്ധതിയെയും പതിവുപോലെ പ്രതിപക്ഷം എതിർക്കാനും തടയാനും ശ്രമിച്ചിരുന്നു എന്ന് തുടക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നല്ലോ. മറ്റ് സേവനദാതാക്കൾ ഉള്ളപ്പോൾ കെഫോൺ അധികപ്പറ്റാണ് എന്ന് നിയമസഭയിൽത്തന്നെ പ്രതിപക്ഷ നേതാവ് ഒരു മറയും കൂടാതെ പ്രസ്താവിച്ചിരുന്നു. അതായത്, നഗരപ്രദേശങ്ങളിലെ ഒരു ചെറുന്യൂനപക്ഷത്തിനു മാത്രം കരഗതമായിരുന്ന സൌകര്യം എല്ലാവർക്കുമായി വീതിക്കപ്പെടുന്നതിലെ അസഹിഷ്ണുതയാണ് പുറത്തുവന്നത്. അവരുടെ ദൃഷ്ടിയിൽ അതിവേഗ ഇന്റർനെറ്റ് വരേണ്യവർഗത്തിനു മാത്രം കരഗതമാകേണ്ടതും, കുത്തകകളാൽ മാത്രം വിതരണം ചെയ്യേണ്ടതുമാണ്. ബിപിഎല്ലുകാർക്കും സർക്കാർ സ്ഥാപനങ്ങളുമായി അതു വീതം വെയ്ക്കാൻ ഇത്രയും തുക മുടക്കുന്നതിൽ യുഡിഎഫിന് ഈർഷ്യയും അസഹിഷ്ണുതയും ഉണ്ടാവുക സ്വാഭാവികം. വിഭവങ്ങളുടെ നീതിപൂർവമായ വിതരണം എന്ന വികസന സങ്കൽപ്പത്തെ അവർ ഒരിക്കലും ഉള്ളാലെ അംഗീകരിച്ചിട്ടില്ലെന്നു മാത്രമല്ല എല്ലാക്കാലത്തും തള്ളിപ്പറയുകയും നടപ്പാക്കാൻ ശ്രമിക്കുമ്പോഴൊക്കെ പരാജയപ്പെടുത്താൻ അരയും തലയും മുറുക്കി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

വികസനത്തിന്റെ രൂപപരിണാമങ്ങൾ ഇന്ന് അതിവേഗ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. രാഷ്ട്രത്തിന്റെ ഭാവിയ്ക്കും പൌരന്റെ ജീവിതത്തിനും മുന്നിൽ അത് അനന്തമായ സാധ്യതകൾ തുറന്നിടുന്നു. ഏറ്റവും പ്രധാനം ഡിജിറ്റൽ ഡിവൈഡ് ഏറെക്കുറെ ഇല്ലാതാകുമെന്ന കാര്യമാണ്. ഇന്റർനെറ്റ് എല്ലാവരുടെയും അവകാശമാക്കിയതിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് കേരളം മാതൃകയായതുപോലെ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കാൻ ഏറ്റവും നിലവാരമുള്ള കേബിൾ കണക്ഷൻ സ്ഥാപിച്ചതിന്റെ ബഹുമതിയും നമ്മുടെ സംസ്ഥാനം നേടും. 30000 സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും ഇന്റർനെറ്റ് നൽകുന്ന ചെലവിൽ നിന്നു തന്നെ 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങൾക്ക് സൌജന്യമായി ഇന്റർനെറ്റ് നൽകാനും കഴിയും. ഇത്തരമൊരു പദ്ധതിയ്ക്ക് രാജ്യത്ത് മുൻമാതൃകയില്ല. സർക്കാർ ഉടമസ്ഥതയിൽ സ്ഥാപിക്കപ്പെടുന്ന ഇന്റർനെറ്റ് സൂപ്പർഹൈവേ ഉപയോഗപ്പെടുത്തി ചെറുകിട മേഖലയടക്കം കേരളത്തിലെ വ്യവസായ, വാണിജ്യ. ടൂറിസം സംരംഭങ്ങൾക്ക് ഇ കൊമേഴ്സും മറ്റു ഡിജിറ്റൽ സേവനങ്ങളും ഉയർന്ന ഗുണനിലവാരത്തിൽ ലഭ്യമാകും.

ഇത്തരത്തിൽ, പൊതുസ്ഥാപനങ്ങളിലേയ്ക്കും ഏറ്റവും പാവപ്പെട്ടവരുടെ പക്കലേയ്ക്കും അതിവേഗ വികസനത്തിന്റെ ഈ മുന്നുപാധി കൈമാറാൻ ഇടതുപക്ഷ സർക്കാരിനേ കഴിയൂ. പാവപ്പെട്ടവരോടും പൊതുസ്ഥാപനങ്ങളോടുമുള്ള പിണറായി സർക്കാരിന്റെ പ്രതിബദ്ധതയാണ് കെഫോൺ.

Back to top button
error: