ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവറാണ് 27 കാരനായ വിപുൽ കൈറേളി. മഞ്ഞുമല സ്ഫോടനമുണ്ടായ ഡെറാഡൂണിലെ എൻടിപിസി ഹൈഡ്രോ പവർ പ്രോജക്ടിൽ ആണ് വിപുൽ ജോലി ചെയ്യുന്നത്.
ഞായറാഴ്ച രാവിലെ അമ്മയുടെ ഫോണിൽ നിന്നും വന്ന ഫോൺകോളുകൾ ആദ്യമൊന്നും വിപുൽ ശ്രദ്ധിച്ചില്ല. എന്നാൽ തുടർച്ചയായി ഫോണുകൾ വന്നപ്പോൾ അവസാനം ഫോൺ അറ്റൻഡ് ചെയ്തു.
” ഞങ്ങളുടെ ഗ്രാമം മുകളിലാണ്. പൊടുന്നനെ വെള്ളം കുത്തി ഒഴുകാൻ തുടങ്ങിയപ്പോൾ അമ്മ അത് മുകളിൽ നിന്ന് കണ്ടു. അങ്ങനെയാണ് എന്നെ തുരുതുരാ വിളിച്ചത്. ആ ഫോൺ കോൾ ഞാൻ അറ്റൻഡ് ചെയ്തിരുന്നില്ലെങ്കിൽ ഇന്ന് ഞാനോ എന്റെ 25 സഹപ്രവർത്തകരോ ജീവിച്ചിരിക്കുന്നുണ്ടാകില്ല. “വിപുൽ അമ്മ മാങ്ശ്രീയുടെ ഫോൺ കാളുകളെ കുറിച്ച് പറഞ്ഞു.
” ഓടാൻ അമ്മ ഉച്ചത്തിൽ പറയുമ്പോൾ ആദ്യമൊക്കെ തമാശ ആണെന്നാണ് കരുതിയത്. പർവ്വതങ്ങൾ വെറുതെ പൊട്ടിത്തെറിക്കില്ല എന്ന് ഞാൻ അവരോട് പറഞ്ഞു. തുടർച്ചയായി അവർ വിളിച്ച് അവിടെനിന്ന് മാറാൻ ആവശ്യപ്പെട്ടു. അപകടം മനസ്സിലാക്കിയ ഞങ്ങൾ ഓടി സ്റ്റെയർകേസിൽ മുകളിൽ കയറി. ഇല്ലായിരുന്നെങ്കിൽ കുത്തിയൊലിച്ച് വന്ന വെള്ളത്തിൽ ഞങ്ങൾ ഇല്ലാതാകുമായിരുന്നു. “വിപുൽ കൂട്ടിച്ചേർത്തു.