മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് അജുവർഗീസ്. പില്‍ക്കാലത്ത് നടനായും, ഗായകനായും, തിരക്കഥാകൃത്തായും, സഹസംവിധായകനായും നിർമ്മാതാവായും അജുവർഗീസ് തിളങ്ങി. കോവിഡ് മഹാമാരിയില്‍ പൂട്ടിക്കിടന്ന തിയേറ്ററുകൾ വീണ്ടും പ്രവർത്തനമാരംഭിച്ചു തുടങ്ങിയ വേളയിലാണ് അജു വർഗീസ് കേന്ദ്രകഥാപാത്രമായി എത്തുന്ന സാജൻ ബേക്കറി പ്രദർശനത്തിനെത്തിയത്. ഓപ്പറേഷൻ ജാവ, യുവം എന്നീ ചിത്രങ്ങൾക്കൊപ്പം ആണ് സാജൻ ബേക്കറി കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയത്.
200 ലധികം തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ സാജൻ ബേക്കറിക്ക് എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാവുന്നത് അജു വര്‍ഗീസ് ആരാധകന് നല്‍കിയ മറുപടിയാണ്. സാജൻ ബേക്കറിയെക്കുറിച്ച് ഒരു പ്രേക്ഷകൻ എഴുതിയ കുറിപ്പ് ഷെയർ ചെയ്ത പോസ്റ്റിലാണ് മറ്റൊരു പ്രേക്ഷകൻ തനിക്ക് ചിത്രം ഇഷ്ടപ്പെട്ടില്ല സാജൻ ബേക്കറി എന്നെ നിരാശനാക്കി എന്ന കമൻറ് ഇട്ടിരിക്കുന്നത്.
ഈ കമ്മിന്റിന് താഴെ ”താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി അടുത്ത തവണ ഇതിൽ നിന്നും പാഠം ഉൾക്കൊണ്ട് ചിത്രം മികച്ചതാക്കാൻ ശ്രമിക്കുമെന്ന്” സാക്ഷാൽ അജുവർഗീസ് നേരിട്ടെത്തി കമന്റ് അറിയിച്ചിരിക്കുകയാണ്.
ഒരു സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് സമൂഹമാധ്യമങ്ങളിൽ തുറന്നു പറഞ്ഞാൽ അയാളെ വ്യക്തിഹത്യ നടത്തുന്ന ഈ കാലഘട്ടത്തിലാണ് അജുവർഗീസ് താൻ അഭിനയിച്ച ചിത്രത്തെക്കുറിച്ചുള്ള വിമർശനത്തെ ഏറ്റവും ബഹുമാനപുര്‍വം സ്വീകരിച്ചത്. തീർത്തും മര്യാദ പരമായ അജു വർഗീസിന്റെ സമീപനത്തിന് കയ്യടി നൽകുകയാണ് സോഷ്യൽ മീഡിയ.