മലയാള സിനിമയെ ലോക സിനിമയുടെ നെറുകയില്‍ അടയാളപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ച ചലച്ചിത്ര താരമാണ് മോഹൻലാൽ. ലോക സിനിമയിലെ ഏറ്റവും മികച്ച പത്ത് നടന്മാരുടെ പട്ടിക എടുത്താൽ അതിൽ തീർച്ചയായും മോഹൻലാൽ എന്ന നടനും സ്ഥാനം ഉണ്ടാവും. തന്റെ സിനിമാ ജീവിതത്തിൽ അത്രയേറെ വേഷപകർച്ചകളിലൂടെ താരം കടന്നുപോയിട്ടുണ്ട്. മോഹൻലാലിന്റേതായി ഇനി പുറത്തു വരാനിരിക്കുന്ന ചിത്രങ്ങൾ ദൃശ്യം 2, ആറാട്ട്, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നിവയാണ്. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് ദൃശ്യം 2 എത്തുന്നത്. ജിത്തു ജോസഫാണ് ദൃശ്യം 2 വിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രം ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി 19നാണ് പ്രേക്ഷകരിലേക്ക് എത്തുക.
ദൃശ്യം 2 എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ അഭിനയിച്ചത് ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമയിലാണ്. ആറാട്ടിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ പൂർത്തിയായത്. നെയ്യാറ്റിന്‍കര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ആറാട്ടിൽ എത്തുന്നത്. ആറാട്ടിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ഉടന്‍ തന്നെ മോഹൻലാൽ തന്റെ കന്നി സംവിധാന സംരംഭമായ ബാറോസിന്റെ പണിപ്പുരയിലേക്ക് കടക്കും എന്നാണ് അറിയാൻ കഴിയുന്നത്. മാർച്ച് അവസാനവാരം ഗോവയിലാണ് ബാറോസിന്റെ ഷൂട്ടിങ് ആരംഭിക്കുക. ഗോവയിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം ചിത്രത്തിന്റെ ബാക്കിഭാഗം കൊച്ചിയിൽ ചിത്രീകരിക്കും. ഇനിയുള്ള മൂന്നു മാസക്കാലം മോഹൻലാൽ ബാറോസിനൊപ്പമായിരിക്കും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.
ബാറോസുമായി ബന്ധപ്പെട്ട പ്രീ പ്രൊഡക്ഷൻ വര്‍ക്കുകൾ ചെന്നൈയിൽ ആരംഭിച്ചുവെന്നും മോഹൻലാൽ ഈ സംഘത്തോടൊപ്പം ചേർന്നു എന്നുമാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ബാറോസ് പൂർത്തിയാക്കിയതിനു ശേഷമായിരിക്കും മോഹൻലാൽ ഇനി മറ്റു ചിത്രങ്ങളിൽ അഭിനയിക്കുക എന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത്. നിലവിൽ ആറാട്ടിനുശേഷം രണ്ടു ചിത്രങ്ങളില്‍ അഭിനയിക്കുമെന്നാണ് താരം പ്രഖ്യാപിച്ചിട്ടുള്ളത്. ബാറോസിന്റെ ചിത്രീകരണ ഇടവേളകളിൽ മറ്റു സിനിമകളിൽ അഭിനയിക്കണമെന്ന് പലരും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സമ്മതം അറിയിച്ചിട്ടില്ല. അടുത്തയാഴ്ച ചെന്നൈയിൽ നിന്നും തിരികെ നാട്ടിലെത്തുന്ന മോഹൻലാൽ മറ്റ് രണ്ട് സംവിധായകരുമായി കഥകൾ ചർച്ചചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം. ചിത്രീകരണം പൂർത്തിയാക്കിയ ആറാട്ട് മാർച്ച് മാസത്തിലും മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന മരയ്ക്കാർ ഓണത്തിലേക്ക് മാറ്റിവെച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.