ഒ.എന്‍.വി.കുറുപ്പിന്റെ ജന്മഗൃഹമായ ചവറ നമ്പ്യാടിക്കല്‍ വീട്ടില്‍ കവി സ്മരണകള്‍, ‘ഒരുവട്ടംകൂടി’ പങ്ക് വെയ്ക്കാൻ സഹൃദയർ എത്തും.
ഒ.എന്‍.വി 27 വയസ്സുവരെ ഉപയോഗിച്ചിരുന്ന എഴുത്തുമുറിയുടെ ചിത്രമാണ് ഇതോടൊപ്പം. നൂറ്റിനാൽപ്പത് വര്‍ഷം പഴക്കമുള്ള ഈ വീട്ടില്‍ പഴയ കട്ടില്‍, ചാരുകസേര, അലമാര എന്നിവയോടൊപ്പം കവിയുടെയും അമ്മയുടെയും ബന്ധുക്കളുടെയും വിവിധ ഘട്ടങ്ങളിലുള്ള ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളും നിത്യസ്മാരകമായി പ്രദർശിപ്പിച്ചിട്ടുണ്ട്.
മുറ്റത്ത് ‘അമ്മ’ എന്ന കവിതയുടെ മാതൃക മനോജ്പാവുമ്പ ഒരുക്കിയിരിക്കുന്നു.
റോഡില്‍ നിന്നും നമ്പ്യാടിക്കല്‍ വീട്ടിലേക്ക് ഉള്ള വഴിയുടെ ഇരുവശങ്ങളിലെ മതിലുകളിലും ഒ.എന്‍.വിയുടെ പ്രശസ്തമായ വരികള്‍ എഴുതിവെച്ചിട്ടുണ്ട്. കവിയുടെ ജന്മഗൃഹത്തില്‍ ഒരുകാലത്ത് എം.എന്‍.ഗോവിന്ദന്‍നായര്‍, സി.അച്യുതമേനോന്‍, ആര്‍.സുഗതന്‍, ദേവരാജന്‍മാസ്റ്റര്‍, തിരുനല്ലൂര്‍ കരുണാകരന്‍ തുടങ്ങിയ പ്രഗൽഭരൊക്കെ നിത്യസന്ദര്‍ശകരായിരുന്നു.
ഈ എഴുത്തുമുറിയില്‍ ഇരുന്നാണ് കെ.പി.എ.സിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകത്തിലെ ‘പൊന്നരിവാള്‍ അമ്പിളിയില്‍’ എന്ന ഗാനം ഉള്‍പ്പെടെ നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയത്. നാല്പത്തിരണ്ട് സെന്റ് വസ്തുവില്‍ എഴുത്തുമുറിയോട് ചേര്‍ന്നുള്ള വീട്ടില്‍ മൂത്ത സഹോദരിയുടെ മകന്‍ ജ്യോതികുമാറും കുടുംബവുമാണ് താമസിക്കുന്നത്.
കവിയുടെ ജന്മഗൃഹം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് തവണ ചര്‍ച്ച നടത്തി. പക്ഷേ കാര്യമായ മറ്റ് നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്ന് പറയുന്നു. കവിയുടെ ജന്മഗൃഹം കാണാന്‍ വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്താറുണ്ട്. ഒ.എന്‍.വിയുടെ പ്രവര്‍ത്തനപഥം തിരുവനന്തപുരത്തായിരുന്നുവെങ്കിലും കവി ജീവിച്ചിരുന്ന വേളയില്‍ മാസത്തില്‍ രണ്ട് തവണയെങ്കിലും ഇവിടെ എത്താറുണ്ടെന്ന് സഹോദരിപുത്രന്‍ ജ്യോതികുമാര്‍ പറഞ്ഞു.
കവിയുടെ ജൻമഗൃഹം വിട്ടിറങ്ങുമ്പോൾ. ..
ഇവിടെ കറുത്തൊരീ
മണൽ ആരുടെ ദുഃഖം’ ?
മണ്ട ചീയുമീ ‘ തെങ്ങിൻ നിര ആരുടെ ദൈന്യം’ എന്ന വരികൾ ഓർത്തു പോയി’ ….
‘നെറ്റിയിൽ പൂവുള്ള
സ്വർണ്ണ ചിറകുള്ള പക്ഷി’ കവിഹൃദയത്തിൽ കൂട് കൂട്ടിയതും, ഈ തൊടിയിൽ നിന്നായിരിക്കും.
തിരികെയുള്ള യാത്രയിൽ ശങ്കരമംഗലത്ത് എത്തി…
കവി പഠിച്ച സ്കൂൾ…
‘ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്ത്
എത്തുവാൻ മോഹം…’
എന്ന വരികൾ കുറിക്കാൻ..
കാരണമായ പള്ളിക്കൂടമുറ്റം ….
‘ഒരു കോണിലിപ്പോഴും…’ പിന്നിട് ആരോ നട്ട ആ നെല്ലിമരം തല ഉയർത്തി നിൽക്കുന്നു ..
കാല്പനികയുടെ വസന്തകോകിലം ….
ഒ.എൻ. വിക്ക് മരണമില്ല …..