ആരാണ് പാർവ്വതി?…ധൈര്യമാണ് പാർവ്വതി…സമരമാണ് പാർവ്വതി: ഹരീഷ് പേരടി

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന കര്‍ഷസമരത്തിന് പിന്തുണ അറിയിച്ച് നടി പാര്‍വ്വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഇപ്പോഴിതാ താരത്തിന്റെ ഈ പ്രതികരണത്തില്‍ പ്രശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. താനടക്കമുളള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാര്‍വ്വതിയെന്നും തിരുത്തലുകള്‍ക്ക് തയ്യാറാവാന്‍ മനസ്സുളളവര്‍ക്ക് അധ്യാപികയാണ് താരമെന്നും ഹരീഷ് പേരടി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആരാണ് പാർവ്വതി?…ധൈര്യമാണ് പാർവ്വതി…സമരമാണ് പാർവ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്റെ ചൂണ്ടുപലകയാണ് പാർവ്വതി…തിരത്തലുകൾക്ക് തയ്യാറാവാൻ മനസ്സുള്ളവർക്ക് അദ്ധ്യാപികയാണ് പാർവ്വതി..അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തികൊണ്ട്തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്റെ സാംസ്കാരിക മുഖമാണ് പാർവ്വതി..ഒരു കെട്ട കാലത്തിന്റെ പ്രതീക്ഷയാണ് പാർവ്വതി..പാർവ്വതി അടിമുടി രാഷ്ട്രീയമാണ്…

അതേസമയം, കര്‍ഷകസമരത്തെക്കുറിച്ച് പാര്‍വ്വതി നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ താരത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരാണ് ചരടുവലികള്‍ നടത്തുന്നത്.

സാമൂഹിക വിഷയങ്ങളില്‍ മുഖം നോക്കാതെയുള്ള ഇടപെടലുകളാണ് പാര്‍വ്വതിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനു പിന്നിലെന്നും ഈ നിലപാടുകള്‍ യുവതലമുറയെ കൂടുതല്‍ ആകര്‍ഷിക്കുമെന്ന വിലയിരുത്തലിലുമാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *