ആറുവയസുകാരിയെ കെട്ടിയിട്ട് മുളകരച്ചുതേച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: ആറുവയസുകാരിയായ മകളെ കെട്ടിയിട്ട് മുളകരച്ചുതേച്ച കേസില്‍ പ്രതികളായ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാല്‍ പറമ്പ അംഗണ്‍വാടിക്ക് സമീപം താമസിക്കുന്ന തമ്പി(61), ഭാര്യ ഉഷ(38) എന്നിവരെയാണ് ചിറ്റാരിക്കാല്‍ എസ്.ഐ കെ പ്രശാന്ത് അറസ്റ്റ് ചെയ്തത്.

തമ്പിയെയും ഉഷയെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. 2021 ജനുവരി 20ന് പറമ്പയിലെ വീട്ടിലാണ് കേസിനാസ്പദമായ സംഭവം. തമ്പിയും ഉഷയും ചേര്‍ന്ന് കുട്ടിയെ കെട്ടിയടുകയും നാക്കില്‍ മുളകരച്ച് തേക്കുകയുമായിരുന്നു. പിന്നീട് കുട്ടി ഇവിടെ നിന്നും ഓടി അയല്‍വീട്ടില്‍ അഭയം തേടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും ചൈല്‍ഡ് ലൈനും സ്ഥലത്തെത്തുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുക്കുകയാണുണ്ടായത്.

കുട്ടിയെ സര്‍ക്കാരിന്റെ സംരക്ഷണകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കുട്ടിയെ കഴിഞ്ഞ ദിവസം ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് വീണ്ടും മൊഴിയെടുത്ത ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ സംരക്ഷണച്ചുമതലയില്‍ നിന്ന് ഒഴിയുന്നതിന് വേണ്ടിയാണ് ദമ്പതികള്‍ ക്രൂരത കാണിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. രണ്ട് പെണ്‍മക്കളുള്ള ദമ്പതികള്‍ മൂത്ത കുട്ടിയെ മുമ്പ് ഉപദ്രവിച്ചിരുന്നു. ഈ കുട്ടി പടന്നക്കാട്ടെ നിര്‍ഭയ കേന്ദ്രത്തിലാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *