Lead NewsNEWS

കേരളത്തിൽ ആയിരം ഫാർമസികളെ പൂട്ടിച്ചതിന് അമോയ് മറുപടി പറയണം: വൈദ്യമഹാസഭ

തിരുവനന്തപുരം: കേരളത്തിലെ ആയിരത്തിലേറെ ആയൂർവേദ ഫാർമസികളെ പൂട്ടിച്ചതിന്‍റെ ഉത്തരവാദി അമോയ് എന്നു ചുരുക്കപേരിൽ അറിയപ്പെടുന്ന ആയൂർവേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ ആണെന്നും സ്വന്തം സംഘടനയിൽപെട്ട സ്ഥാപനങ്ങളെ പൂട്ടിച്ചതിന്‍റെ കാരണം എന്താണെന്ന് സംഘടനയുടെ നേതാക്കൾ വ്യക്തമാക്കണമെന്നും വൈദ്യമഹാസഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംഘടനക്കു നേതൃത്വം നൽകുന്ന നേതാക്കൾതന്നെ സംഘടനയിലെ അംഗങ്ങളുടെ സ്ഥാപനങ്ങളെ പൂട്ടിച്ചുകൊണ്ടിരിക്കുന്ന ദുർഗതി കേരളത്തിൽ ആയൂർവേദ മരുന്നു നിർമ്മാതാക്കൾക്കിടയിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ.

നിലവിൽ 650 ഓളം ആയൂർവേദ ഫാർമസികളാണ് കേരളത്തിൽ രജിസ്ട്രേഷൻ ലിസ്റ്റിലുള്ളത്. ഇതിൽ സ്ഥിരമായി തുറന്നു പ്രവർത്തിക്കുന്നവ നൂറിൽ താഴെ മാത്രമാണ്. ബാക്കിയുള്ളവ വല്ലപ്പോഴും മാത്രം തുറക്കുകയും മരുന്ന് നിർമിച്ചശേഷം അടച്ചിടുകയും ചെയ്യുന്നു.
കേരളത്തിൽ ഇപ്പോൾ രജിസ്ട്രേഷനുള്ള 650 ഓളം ആയൂർവേദ ഫാർമസികളിൽ 150 തിലേറെ എണ്ണം എൽ.ഡി.എഫ് സർക്കാർ വന്നശേഷം പുതിയതായി രജിസ്റ്റർ ചെയ്തവയാണ്. യു.ഡി.എഫ് അധികാരത്തിലിരുന്ന ഉമ്മൻചാണ്ടി സർക്കാരിന്‍റെ അവസാന രണ്ടുവർഷം 180 ലേറെ പുതിയ ഫാർമസികൾ രജിസ്റ്റർ ചെയ്തു. ഈ കണക്കുകൾ നോക്കുമ്പോൾ കഴിഞ്ഞ ഏഴുവർഷം മുൻപ് കേരളത്തിൽ രജിസ്ട്രേഷനുണ്ടായിരുന്ന ആയൂർവേദ ഫാർമസികളുടെ എണ്ണം 320-ൽ താഴെ മാത്രമായിരുന്നു.

Signature-ad

അമോയ് ജനറൽ സെക്രട്ടറി ഡോ. രാമനാഥ അയ്യർ എന്ന ഡോ. രാമനാഥൻ സർക്കാരിനു നൽകിയ പരാതി പ്രകാരം രജിസ്ട്രേഷൻ പുതുക്കാതെ കിടന്ന 820 ലേറെ ആയൂർവേദ ഫാർമസികളുടെ ഫയൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് ക്ലോസ് ചെയ്തു. ഇതിൽ 600 ലേറെ ഫാർമസികൾ പാരമ്പര്യവൈദ്യൻമാരുടെ വകയായിരുന്നു. 50 വർഷം മുതൽ 300 വർഷം വരെ പ്രവർത്തിച്ച ഫാർമസികളുടെ ഫയൽ ഇക്കൂട്ടത്തിൽ ക്ലോസ് ചെയ്തു. ബാക്കി 120 ലേറെ ഫാർമസികൾ ആയൂർവേദ ഡോക്ടർമാരുടെ വകയായിരുന്നു. ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് എന്ന ജി.എം.പി നടപ്പിലാക്കിയാണ് ഡോ. രാമനാഥ അയ്യരും അദ്ദേഹത്തിന്‍റെ സംഘടനയും ചേർന്ന് കേരളത്തിന്‍റെ പാരമ്പര്യമായ ആയൂർവേദ ഫാർമസികളെ പൂട്ടിച്ചത്.

വി.എസ്. ശിവകുമാർ കേരളത്തിന്‍റെ ആരോഗ്യമന്ത്രിയും അലോപ്പതി ആശുപത്രി ഉടമയും അലോപ്പതി ഡോക്ടറുമായ ഡോ. ഇളങ്കോവൻ ആരോഗ്യവകുപ്പു സെക്രട്ടറിയും ആയിരിക്കേ ആയൂർവേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറായിരുന്ന ഡോ. വിമലയാണ് ആയൂർവേദ ഫാർമസികളെ കൂട്ടക്കുരുതി നടത്തി ഫയൽ ക്ലോസ് ചെയ്യുന്ന ഹീന കൃത്യം നടത്തിയത്.ആയൂർവേദ കോളജ് ഡോക്ടർമാരുടെ സംഘടനാ നേതാവിന്‍റെ ഭാര്യയാണ് ഡോ. വിമല. ആയൂർവേദ കോളജിൽ മരുന്നുണ്ടാക്കുന്ന വിഷയം പഠിപ്പിക്കുന്ന വിഷയത്തിന്‍റെ പ്രഫസറെ മാത്രമേ ആയൂർവേദ ഡ്രഗ്സ് വകുപ്പിന്‍റെ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളർ സ്ഥാനത്ത് ഇരുത്താവൂ എന്ന നിലപാടാണ് ആയൂർവേദ കോളജ് അധ്യാപക സംഘടനയും മരുന്നു നിർമ്മാതാക്കളുടെ സംഘടനയായ അമോയിയും സ്വീകരിച്ചുപോന്നത്. അതിന്‍റെ പേരിലാണ് ഡോ. വിമലയെ കോളജിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളർ പദവിയിലെത്തിക്കുകയും വൈദ്യൻമാരുടേയും ചെറുകിട ആയൂർവേദ ഡോക്ടർമാരുടേയും ഫാർമസികൾ പൂട്ടിക്കുകയും ചെയ്തത്.

ഡ്രഗ്സ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളർ സ്ഥാനം നൽകാൻ എൽ .ഡി .എഫ് സർക്കാർ തീരുമാനിച്ചിരുന്നു. ആസമയം മരുന്നുണ്ടാക്കുന്ന വിഷയം പഠിപ്പിക്കുന്ന വിഷയത്തിൽ പി.ജി ഉള്ളയാൾ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളർ സ്ഥാനം വഹിക്കണമെന്ന അര നൂറ്റാണ്ടു കാലത്തെ നിലപാട് ആയൂർവേദ കോളജ് അധ്യാപക സംഘടനയും മരുന്നു നിർമ്മാതാക്കളുടെ സംഘടനയായ അമോയിയും ഉപേക്ഷിച്ചു.സകല സംഘടനകളുടേയും പിന്തുണയോടെ ബി.എ.എം.എസ് എന്ന ഡിഗ്രി മാത്രമുള്ളവരെ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളർ പദവിയിലെത്തിച്ചു. അങ്ങനെ ഡോ. ജയ.ഡി. ദേവ് കേരളത്തിന്‍റെ ആയൂർവേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറായി. അടുത്ത 18 വർഷം ഡോ. ജയ.ഡി. ദേവ് ഈ സ്ഥാനം വഹിക്കും.

ദുർബലരെ ഡ്രഗ്സ് കണ്‍ട്രോളറാക്കി ബാക്കി ആയൂർവേദ ഫാർമസികളെ പൂട്ടിക്കുന്ന തന്ത്രം വിജയകരമായി നടപ്പാക്കി വരുന്ന സംഘടനയാണ് അമോയ്. ഈ തന്ത്രം ഒരുക്കിയാണ് ദുർബലയായ ഡോ. വിമലയെ ആയൂർവേദ കോളജിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളർ പദവിയിലെത്തിച്ച് സ്വന്തം നിലപാടുകൾ വകുപ്പിൽ നടപ്പാക്കിയത്.
കേരളത്തിലെ പ്രാക്ടീസുള്ള 600 ലേറെ പാരമ്പര്യ വൈദ്യൻമാരുടെ ഫാർമസികൾ പൂട്ടിച്ചശേഷം അത്തരം വൈദ്യൻമാരെക്കൊണ്ട് വൻകിട ഫാർമസികളുടെ ഏജൻസി എടുപ്പിച്ച് മരുന്നു വിൽപ്പിക്കുന്നതിൽ അമോയി വിജയിച്ചു. ഫാർമസി പൂട്ടിയപ്പോൾ ആയൂർവേദ ഡോക്ടർമാരും വൻകിട ഫാർമസികളുടെ ഏജൻസി എടുക്കാൻ നിർബന്ധിതരായി. വൻകിട കമ്പനികളുടെ മരുന്നു വാങ്ങി രോഗികൾക്കു കൊടുത്തു തുടങ്ങിയതോടെ ആയൂർവേദ ഡോക്ടർമാർക്ക് ഉണ്ടായിരുന്ന പ്രാക്ടീസും നഷ്ടമായെന്നത് വേറൊരു കാര്യമാണ്.

എല്ലാ മരുന്നുകൂട്ടുകളും ചേർത്ത് വൈദ്യൻമാർ മികച്ച മരുന്നുകളാണ് ഉണ്ടാക്കിവിറ്റിരുന്നത്. വൻകിട ഫാർമസികൾ പല മരുന്നിനങ്ങളും കിട്ടാതെ വന്നപ്പോൾ കിട്ടുന്ന പച്ചിലയും വേരും ഉപയോഗിച്ച് മരുന്നുണ്ടാക്കാൻ സ്റ്റാൻഡഡൈസേഷൻ നടപ്പാക്കി. ഇതോടെ വൈദ്യൻമാർ ഉണ്ടാക്കുന്ന മരുന്ന് മികച്ചതെന്നും ഫാർമസി ഉണ്ടാക്കുന്നത് മോശം മരുന്നെന്നും പേര് ദോഷം വന്നു. ജി.എം.പി എന്ന ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് ചെറുകിടക്കാർക്കുകൂടി ഏർപ്പെടുത്തി ഫാർമസി പൂട്ടിച്ചത് ഇതിന്‍റെ പേരിലാണ്.

സ്വന്തം അറിവ് ഉപയോഗിച്ചാണ് വൈദ്യൻമാർ സ്വന്തം ഫാർമസിയിൽ മരുന്നുണ്ടാക്കുന്നത്. ഈ സ്ഥാപനത്തിലേക്ക് മാസം പതിനായിരവും ഇരുപതിനായിരവും രൂപ ശമ്പളം കൊടുത്ത് ആയൂർവേദ ഡോക്ടറെ നിയമക്കണമെന്നാണ് ജി.എം.പി എന്ന ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസ് നിയമത്തിൽ പറയുന്നത്. മാത്രമല്ല ഫാർമസിക്ക് മിനിമം 1250 ചതുരശ്രയടി വിസ്തീർണമുള്ള അടിച്ചുറപ്പുളള കെട്ടിടം വേണം. കൂടുതൽ ഇനം മരുന്നു നിർമാണത്തിന് 100 ചതുരശ്രയടി വിസ്തീർണം ഓരോ ഇനത്തിനും അധികം വേണം. എന്നുവച്ചാൽ രണ്ടായിരം അടി ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം ഉണ്ടെങ്കിൽ എല്ലാ ലൈസൻസും അനുവദിക്കാം.

മേൽപ്പറഞ്ഞ നിയമങ്ങളെ സ്വന്തം നിലയിൽ വ്യാഖ്യാനിച്ചാണ് ആയൂർവേദ കോളജിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ആയൂർവേദ ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറായി എത്തിയ ഡോ. വിമല വൈദ്യൻമാരുടേയും ആയൂർവേദ ഡോക്ടർമാരുടേയും ഫാർമസികളെ പൂട്ടിച്ചത്. ഫാക്ടറി ടൈപ്പിലെ കെട്ടിടം നിർമ്മിക്കണമെന്നും കുറഞ്ഞത് 50 ലക്ഷം രൂപയുടെ മെഷിനറി സ്ഥാപിക്കാത്തവർക്ക് ലൈസൻസ് നൽകില്ലെന്നും കർശന നിലപാടാണ് ഡോ. വിമല സ്വീകരിച്ചത്. വൈദ്യൻമാർക്ക് ഉരൾ, ഉലക്ക എന്നിവ ഉപയോഗിച്ച് പാരന്പര്യ രീതി പ്രകാരം മരുന്നുണ്ടാക്കാൻ അനുവദിക്കാമെന്ന ഷെഡ്യൂൾ ടി. യിലെ ക്ലോസുകൾ അനുവദിക്കാനാകില്ലെന്ന കർശന നിലപാട് ഡോ. വിമല സ്വീകരിച്ചത് അമോയ് നേതാക്കൾക്കുവേണ്ടിയായിരുന്നു.

ജി.എം.പി നടപ്പാക്കി കേരളത്തിലെ നൂറിലേറെ ആയൂർവേദ ഫാർമസികളിൽ 25 ലക്ഷം രൂപ മുതൽ 50 കോടി രൂപയ്ക്കുവരെ മെഷിനറികൾ സ്ഥാപിക്കുകയയുണ്ടായി. മെഷിനറി സ്ഥാപിക്കുന്ന കമ്പനികളിൽ നിന്ന് കമ്മിഷൻ വാങ്ങിയതു സംബന്ധിച്ച് അമോയ് നേതാക്കളും കമ്പനികളുമായി നടന്ന കേസ് ഇപ്പോഴും തീർന്നിട്ടില്ല. വസ്തുതകൾ ഇതായിരിക്കേ അമോയിയും ഡോ. രാമനാഥനും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നത് അവസാനിപ്പിക്കണം.

കേരളത്തിലെ ആയൂർവേദ ഔഷധ നിർമാണം പ്രതിസന്ധിയിലാക്കിയത് അമോയിയും അതിന്‍റെ ഭാരവാഹികളും ചേർന്നാണ്. വ്യാജ മരുന്നുകളുണ്ടാക്കി വിറ്റാൽ പണം മുടക്കി ആരും വാങ്ങി കഴിക്കില്ല. ഗുണമില്ലാത്ത മരുന്നുകൾ ഉപയോഗിച്ച് മരുന്നുണ്ടാക്കിയശേഷം ആയൂർവേദ സംഹിതകളിൽ പറയുന്ന മരുന്നുകൂട്ടിന്‍റെ പേര് ലേബലിൽ പതിപ്പിച്ചശേഷം രോഗികൾക്കു നൽകിയാൽ കഴിക്കുന്നവന് രോഗം മാറില്ല. പോക്കിറ്റിൽ ഇരിക്കുന്ന പണം നഷ്ടപ്പെടുക മാത്രമേയുള്ളൂ.

അമോയിയും സംഘടനയിലെ അംഗങ്ങളും തട്ടിപ്പ് അവസാനിപ്പിച്ച് യഥാർത്ഥ മരുന്നുണ്ടാക്കി വിറ്റാൽ മാത്രമേ ആയൂർവേദ വ്യവസായം നിലനിൽക്കുകയുള്ളൂ. അലോപ്പൊതി മരുന്നും ഹോർമോണുകളും ചേർത്ത് ആയൂർവേദ മരുന്നിൽ കലർത്തി ഒർജിനൽ ആയൂർവേദ മരുന്ന് എന്നു പറഞ്ഞു വിറ്റാൽ ആയൂർവേദ മരുന്നു കമ്പനികൾ ഇനി അധിക കാലം നിലനിൽക്കില്ലെന്ന് തിരിച്ചറിവ് ഉണ്ടാകുന്നതു നല്ലതായിരിക്കും. ഈ നില തുടർന്നാൽ കേരളത്തിലെ വ്യാജ ആയൂർവേദ മരുന്നു നിർമ്മാണ കമ്പനികളെല്ലാം സമീപ ഭാവിയിൽ അടച്ചുപൂട്ടിപ്പോകേണ്ടിവന്നാൽ ആരും അതിശയിക്കേണ്ടതില്ല. കമ്പനി മരുന്നുകളുടെ വിശ്വാസ്യത കേരളീയരുടെ ഇടയിൽ വീണ്ടെടുക്കാനും കള്ളക്കച്ചവടം തിരിച്ചു പിടിക്കാനും അത്ര എളുപ്പമാകില്ലെന്ന കാര്യം അമോയ് ഓർമിക്കുന്നതു നല്ലതായിരിക്കും

അന്യ സംസ്ഥാനങ്ങളിൽ നിന്ന് അലോപ്പൊതി മരുന്നു കമ്പനികൾ വ്യാജ ആയൂർവേദ മരുന്നുകൾ നിർമ്മിച്ചു നൽകുകയാണ്. ഇവയുടെ കേരളത്തിലെ മൊത്തകച്ചവടക്കാർ ആയൂർവേദ ഡോക്ടർമാരുടെ സംഘടനയായ എ.എം.എ.ഐയുടെ നേതാക്കളാണ്. ഈ വ്യാജ മരുന്നു കച്ചവട ലോബി ആയൂർവേദ മരുന്നിന്‍റെ വിശ്വാസ്യത കേരളത്തിൽ എന്നേ തകർത്തു കഴിഞ്ഞു. അമോയിയുടെ വ്യാജ മരുന്നും കൂടിയാകുന്നതോടെ ആയൂർവേദത്തോട് ജനങ്ങൾക്കുള്ള വിശ്വാസ്യത മുഴുവൻ നശിച്ചുകഴിഞ്ഞു.

കേരളത്തിൽ ആയൂർവേദ മരുന്നു കച്ചവടം തകർന്നടിഞ്ഞതിന്‍റെ കാരണങ്ങൾ ഇതൊക്കെയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും ഇങ്ങനെ പോയാൽ ആയുർവ്വേദം എന്ന ചികിത്സാ സമ്പ്രദായം തന്നെ അന്യം നിന്നു പോകാനുള്ള സാദ്ധ്യത കൂടി മുൻകൂട്ടി കാണണമെന്നും വൈദ്യമഹാസഭ പ്രസ്താവനയിൽ പറഞ്ഞു.

Back to top button
error: