NEWS

പ്രിയപ്പെട്ട കൃഷിമന്ത്രീ ആര് യാതന നടത്തി യുദ്ധം ജയിച്ചു എന്നതല്ല ഇനി ചർച്ച ചെയ്യപ്പെടേണ്ട വിഷയം, നശിപ്പിക്കപ്പെട്ട വയലും തണ്ണീർത്തടങ്ങളും എത്രയും വേഗം തിരിച്ചു പൂർവസ്ഥിതിയിലാക്കാൻ എന്ത് നടപടി അങ്ങു കൈക്കൊള്ളും എന്നതാണ് ഇനി ജനത്തിന് അറിയേണ്ടത് – അഡ്വ.വിദ്യാ സംഗീത്

Signature-ad


2014 മെയ് മാസത്തെ ചിത്രങ്ങളാണിത്.2008 നു മുൻപ് ശോഭ സിറ്റി വയൽ നികത്തി കഴിഞ്ഞിരുന്നു എന്നു വാദിക്കുന്നവർ ഈ ചിത്രങ്ങളും റിമോട്ട്‌ സെൻസിങ് സെന്റർ ഹൈദരാബാദിന്റെ ചിത്രങ്ങളും കാണുക.


അന്ന് ഈ വയൽനികത്തലിനെതിരെ തൃശ്ശൂരിലെ ജനങ്ങളെങ്കിലും ജാഗ്രത പുലർത്തി കൂടെ നിന്നിരുന്നെങ്കിൽ ഇതെല്ലാം നിർമ്മിക്കപ്പെടുന്നതിന് മുൻപേ പ്രക്ഷോഭങ്ങളിലൂടെ നമുക്കത് തടയാമായിരുന്നു,തൃശൂർ നഗരത്തിന്റെ രൂക്ഷമായ കുടിവെള്ള പ്രശ്നവും,മഴ പെയ്യുന്നതോടെ വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയും നമുക്ക് ഒഴിവാക്കാമായിരുന്നു. തൃശൂരിലെ ജങ്ങളുടെ വോട്ട് വാങ്ങി ജയിച്ച തൃശൂർ MLA വി എസ് സുനിൽകുമാറിന്റെ ശോഭ സിറ്റി വയൽനികത്തുന്നതിനെതിരെയുണ്ടായ ഒരു ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന നിലപാടും ഇനി ചർച്ച ചെയ്യപ്പെടേണ്ടതാണ്.

പ്രിയപ്പെട്ട കൃഷിമന്ത്രീ, ആരു യാതന നടത്തി യുദ്ധം ജയിച്ചു എന്നതല്ല ഇനി ചർച്ച ചെയ്യപ്പെടേണ്ട വിഷയം, നശിപ്പിക്കപ്പെട്ട വയലും തണ്ണീർത്തടങ്ങളും എങ്ങനെ എത്രയും വേഗം തിരിച്ചു പൂർവസ്ഥിതിയിലാക്കാൻ എന്ത് നടപടി അങ്ങു കൈക്കൊള്ളും എന്നതാണ് ഇനി ജനത്തിന് അറിയേണ്ടത് .എവിടെയോ കിടക്കുന്ന ഒരു വ്യവസായിയായ ശോഭ മേനോൻ തൃശ്ശൂരിൽ വന്നു വ്യാജരേഖ ചമച്ചു കൊണ്ട് 79 ഏക്കറോളം വയൽ നികത്തിയാണ് അവിടെ ആഡംബര ഭവനങ്ങളും വാണിജ്യസമുച്ചയങ്ങളും കെട്ടിപ്പൊക്കിയത് ,അതിനുപയോഗിച്ച രേഖകൾ വ്യാജമായി ചമച്ചതാണെന്നു കണ്ടെത്തിയത് നിങ്ങളുടെ റവന്യു വകുപ്പിന് കീഴിലുള്ള മധ്യമേഖലാ റവന്യു വിജിലൻസ് അധികാരികൾ ആണ് കൃഷിമന്ത്രിയായ നിങ്ങളാണ് അടിയന്തിര നടപടിയെടുക്കാൻ ബാധ്യതപ്പെട്ട ആൾ. കാരണം നിങ്ങൾ ജയിച്ചത് ഈ ജനങ്ങളുടെ വോട്ടു വാങ്ങിയിട്ടാണ്.അത്കൊണ്ട് മിനിസ്റ്റർ ഞാനീ വിവരങ്ങൾ പത്രസമ്മേളനം നടത്തി പൊതു സമൂഹത്തെ അറിയിച്ച് അഞ്ച് ദിവസത്തിനു ശേഷവും നിങ്ങൾ തുടരുന്ന ഈ കുറ്റകരമായ മൗനം ഇനിയെങ്കിലും അവസാനിപ്പിക്കൂ. ജനങ്ങളുടെ കൂടെ നിൽക്കൂ ഇനിയും പ്രളയങ്ങൾ താങ്ങാനുള്ള ശേഷി നമ്മുടെ പ്രൗഢഗംഭീര സാംസ്കാരിക തലസ്ഥാനത്തിനില്ല.

തൃശൂരിനെ പറ്റി ഊറ്റം കൊള്ളുന്ന സാംസ്കാരിക പ്രവർത്തകരുടെയും വിശിഷ്ടവ്യക്തികളുടെയും ഈ വിഷയത്തിലുള്ള മൗനം എന്നെ അത്ഭുതപ്പെടുത്തുന്നു. രാഷ്ട്രീയ, സാംസ്കാരിക ,പൊതുപ്രവർത്തനം എന്നു പറഞ്ഞാൽ നാലു മീഡിയയെ വിളിച്ചു വരുത്തി ചിത്രങ്ങൾക്ക് പോസുചെയ്യുന്നതാണ് എന്നാണ് നിങ്ങൾ ധരിച്ചുവെച്ചിരിക്കുന്നത്.ആ ധാരണ മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

(അഡ്വക്കേറ്റ് വിദ്യാ സംഗീതിന്റെ ഫേസ്ബുക് പോസ്റ്റ്‌ )

Back to top button
error: