Lead NewsNEWS

ഉമ്മന്‍ചാണ്ടിയ്ക്ക് കീഴില്‍ 13,000 അനധികൃത നിയമനങ്ങള്‍; ലിസ്റ്റ് പുറത്ത് വിട്ട് സൈബര്‍ സിപിഐഎം

കാലടി സര്‍വകലാശാല മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന നിയമനത്തില്‍ ക്രമക്കേട് ഉണ്ടെന്ന വാര്‍ത്ത രണ്ടു ദിവസമായി കേരളത്തില്‍ വലിയ ചര്‍ച്ച ആയിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തയോട് തിരിച്ചടിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് സൈബര്‍ ലോകത്തെ സിപിഐഎം പ്രവര്‍ത്തകര്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളുടെ ലിസ്റ്റുമായാണ് ഇവര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഉമ്മന്‍ചാണ്ടി മന്ത്രിസഭ കാലത്ത് 13,000 അനധികൃത നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും അതില്‍ യുഡിഎഫ് നേതാക്കളുടെ സ്വന്തക്കാരും അണികളും ഘടകകക്ഷി പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ലിസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

ഉമ്മന്‍ ചാണ്ടിയുടെ ബന്ധുവിന്റെ മകനായ കുഞ്ഞ്, ഇല്ലംപള്ളി കോ ഓപ്പറേറ്റിവ് സര്‍വീസ് എക്സമിനെഷന്‍ ബോര്‍ഡ് ചെയര്‍മാന്‍. ഉമ്മന്‍ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിദ, നോര്‍ക്ക. കെ എം മാണിയുടെ മരുമകന്‍ എംടി ജോസഫ്, മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകന്‍. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ എംടി സുലേഖ, സര്‍വവിഞ്ജാനകോശം ഡയറക്റ്റര്‍. മന്ത്രി അനൂബ് ജേക്കബിന്റെ സഹോദരി അംബിളി ജേക്കബ് കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാ സ്റ്റ്രക്ചര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍.

മന്ത്രി അനൂബ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവര്‍ഗ്ഗീസ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍. അതേസമയം, അനില കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നേടിയത് അര്‍ഹമായ യോഗ്യതയൊ നിശ്ചിത പ്രായമോ ഇല്ലാതെയാണെന്ന് പിന്നീട് കണ്ടെത്തി.

ചെന്നിത്തലയുടെ അനിയന്‍ കെ വേണുഗോപാല്‍, കേരള ഫീഡ്സ് എംഡി. മുസ്ലിം ലീഗ് അധ്യാപക സംഘടന നേതാവ് പി നസീര്‍, ന്യൂനപക്ഷ വകുപ്പ് ഡയറക്റ്റര്‍ (സ്വകാര്യ കോളേജ് അധ്യാപകന്‍ ഡെപ്യൂട്ടേഷനില്‍ സര്‍ക്കാര്‍ വകുപ്പ് സെക്രട്ടറി). മന്ത്രി വിഎസ് ശിവകുമാറിന്റെ അനിയന്‍ വി എസ് ജയകുമാര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ മന്ത്രി കെസി ജോസഫിന്റെ ഡ്രൈവര്‍ ജയകുമാര്‍, നോര്‍ക്കയില്‍ നിയമനം. മുസ്ലിം ലീഗ് മുന്‍ എംഎല്‍എ ഉമ്മര്‍ മാസ്റ്ററുടെ മരുമകന്‍ പി അബ്ദുള്‍ ജലീല്‍, സ്‌കോള്‍ കേരള ഡയറക്റ്റര്‍,

വനിത ലീഗ് നേതാവിന്റെ മകന്‍ കെ പി നൗഫല്‍, ഐടി അറ്റ് സ്‌കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍. സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് അനുകൂലസംഘടനാ നേതാവ് എര്‍ഷാദിന്റെ ഭാര്യ ഹമീദ, നോര്‍ക്ക റൂട്ട്‌സ്. മന്ത്രി കെസി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്‍നായരുടെ അനന്തരവന്‍ വിപിന്‍, നോര്‍ക്ക റൂട്ട്സില്‍. ആര്‍ സെല്‍വരാജിന്റെ മകള്‍, വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് മാനേജര്‍.

ഇവരൊക്കെയായിരുന്നു അനധികൃതനിയമനം വഴി കയറിപ്പറ്റിയവര്‍. പിഎസ്.സി പരീക്ഷ എഴുതി കാത്തുനിന്നവരെ ഒഴിവാക്കി കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകരെയും ഉമ്മന്‍ചാണ്ടി വിവിധ വകുപ്പുകളില്‍ നിയമിച്ചെന്നും മന്ത്രിമാരുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സ്ഥിര ജോലിയും വരുമാനും വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവെന്നും സൈബര്‍ സിപിഐഎം പറയുന്നു.

അതേസമയം, കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷനില്‍13 പേര്‍ക്കാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനധികൃത നയമനം നടത്തിയത്. സാധാരണഗതിയില്‍

പത്രപരസ്യത്തിലൂടെ അപേക്ഷ ക്ഷണിച്ച്, എഴുത്തുപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനുംശേഷം സ്ഥിരം നിയമനം നല്‍കാറാണ് പതിവ്. എന്നാല്‍ ആ മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് ഇവരെ നിയമിച്ചതെന്നും സിപിഐഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഏതായാലും സൈബര്‍ ലോകത്തെ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ഒരു തുറുപ്പ് ചീട്ട് തന്നെയാണ് ഈ നിയമനവിവാദം.

Back to top button
error: